വെള്ളാപ്പള്ളി vs വി ഡി സതീശൻ: വനവാസം ആർക്ക്? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു!


● മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർ ഇല്ലാത്തതുകൊണ്ടാണ് സംഘടനയ്ക്ക് ഫണ്ട് ലഭിക്കാത്തതെന്ന് മല്ലികാ സുകുമാരൻ.
● വെള്ളാപ്പള്ളി എതിർക്കുന്ന നേതാക്കൾ സാധാരണയായി തിരഞ്ഞെടുപ്പിൽ ജയിക്കാറുണ്ട്.
● സമുദായ അംഗങ്ങൾ പോലും വെള്ളാപ്പള്ളിക്ക് വലിയ പ്രാധാന്യം നൽകാറില്ല.
● കോൺഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
ഭാമനാവത്ത്
(KVARTHA) എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയിട്ട് ഇന്നോ ഇന്നലെയോ അല്ല. അദ്ദേഹത്തിന്റെ വാക്കുകളുടെ കൂരമ്പുകൾ ഏൽക്കാത്ത രാഷ്ട്രീയ നേതാക്കൾ തന്നെ വിരളമാണ്. തനിക്ക് വ്യക്തിപരമായി താൽപ്പര്യമില്ലാത്ത നേതാക്കളെയും സമുദായത്തിന് വിരുദ്ധരായി പ്രവർത്തിക്കുന്നവരെയും മുദ്രകുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്.

ഇതിനായി പ്രത്യേക അജൻഡകളും അദ്ദേഹം സെറ്റ് ചെയ്തുവെക്കുന്നുണ്ട്. ആലപ്പുഴയിൽ കെ.സി. വേണുഗോപാലിനെ തോൽപ്പിക്കാൻ വെള്ളാപ്പള്ളി കളിച്ച കളികൾ ചെറുതല്ല. തൃശൂരിൽ സുരേഷ് ഗോപിയെയും ഒതുക്കാൻ നോക്കി. എന്നാൽ, വെള്ളാപ്പള്ളി എതിർക്കുന്ന നേതാക്കളൊക്കെ തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് ചരിത്രമാണ്.
വെള്ളാപ്പള്ളി പറയുന്നവർക്ക് വോട്ട് ചെയ്യുന്നവരല്ല കേരളത്തിലെ മതനിരപേക്ഷ സമൂഹം. സ്വന്തം സമുദായ സംഘടനയിലെ അംഗങ്ങൾ പോലും രാഷ്ട്രീയത്തിൽ ഇടപെടുന്ന വെള്ളാപ്പള്ളിക്ക് വലിയ പ്രാധാന്യമൊന്നും നൽകാറില്ലെന്നതാണ് വാസ്തവം.
ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മെക്കിട്ട് കയറുകയാണ് വെള്ളാപ്പള്ളി. ഇതിന് അതേ നാണയത്തിൽ തന്നെ ആത്മവിശ്വാസത്തോടെ തിരിച്ചടിക്കുകയാണ് വി.ഡി. സതീശൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷം നേടിയില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചത്.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വെല്ലുവിളിക്കുള്ള മറുപടിയായാണ് വി.ഡി. സതീശൻ രാഷ്ട്രീയ കേരളത്തിൽ ചർച്ചയായ ഈ പ്രസ്താവന നടത്തിയത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 100 സീറ്റുകൾ ലഭിച്ചാൽ താൻ രാജിവെക്കുമെന്ന് ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. യു.ഡി.എഫിന് ഇത്രയും ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെങ്കിൽ സതീശൻ ‘രാഷ്ട്രീയ വനവാസത്തിലേക്ക്’ പോകുമോയെന്നും അദ്ദേഹം ചോദിച്ചു. സതീശൻ ഈഴവ വിരുദ്ധ വികാരങ്ങൾ വളർത്തിയെടുക്കുന്നുവെന്ന് നടേശൻ നേരത്തെ ആരോപിച്ചിരുന്നു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ ഒരു കേരള കന്യാസ്ത്രീയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, വെള്ളാപ്പള്ളി നടേശനുമായി മത്സരിക്കാനോ വാദിക്കാനോ താൽപ്പര്യമില്ലെന്ന് സതീശൻ പറഞ്ഞു. എന്നാൽ, യു.ഡി.എഫിന് വലിയ വിജയം നേടാനുള്ള കഴിവ് വെള്ളാപ്പള്ളി നടേശൻ അബദ്ധത്തിൽ അംഗീകരിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അദ്ദേഹം ഒരു സത്യം തുറന്നു പറഞ്ഞിട്ടുണ്ട്: യു.ഡി.എഫിന് 98 സീറ്റ് ലഭിച്ചാൽ അദ്ദേഹം രാജിവെക്കും. അതിനാൽ ഞങ്ങൾക്ക് കുറഞ്ഞത് 97 സീറ്റെങ്കിലും ലഭിക്കുമെന്ന് അദ്ദേഹത്തിന് സംശയമില്ല. കേരള രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന, പക്വതയും ബുദ്ധിമാനും ആയ ഒരു സമുദായ നേതാവ് അത് സമ്മതിച്ചിട്ടുണ്ട്,’ ഇതായിരുന്നു വി.ഡി. സതീശന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
‘ബാക്കിയുള്ള നാലോ അഞ്ചോ സീറ്റുകൾ ഞങ്ങൾക്ക് ലഭിച്ചാൽ, അത് നൂറ് കവിയും. ഞങ്ങൾ കഠിനാധ്വാനം ചെയ്ത് നൂറിലധികം സീറ്റുകൾ നേടും. പക്ഷേ, അദ്ദേഹത്തോട് ഒരു വെല്ലുവിളിയുമില്ല. നല്ല ഭൂരിപക്ഷത്തോടെ യു.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിലേക്ക് പോകുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. നല്ല ഭൂരിപക്ഷത്തോടെ യു.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിലേക്ക് പോകും. അതിനുശേഷം നിങ്ങൾ എന്നെ കാണില്ല.’ സതീശൻ കൂട്ടിച്ചേർത്തു.
‘യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടിയാലും വെള്ളാപ്പള്ളി രാജിവെക്കേണ്ടതില്ല. ജീവിതകാലം മുഴുവൻ അദ്ദേഹം ആ സ്ഥാനത്ത് തുടരട്ടെ,’ അദ്ദേഹം പറഞ്ഞു. ‘അദ്ദേഹവും ഞാനും തമ്മിൽ ഒരു മത്സരവുമില്ലെന്നും എന്നാൽ വെല്ലുവിളി നേരിടുന്നത് രാഷ്ട്രീയമാന്യതയോടെ തന്നെയാണെന്നുമാണ് സതീശൻ ചൂണ്ടിക്കാണിക്കുന്നത്.
മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന പ്രചണ്ഡ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വരാനിരിക്കുന്നത് കോൺഗ്രസിന്റെ തകർച്ചയാണെന്ന് നേതാക്കളിൽ ചിലർ സമ്മതിക്കുകയും ചെയ്യുന്നു. അടിമുടി സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.
ഇതിനിടെയിൽ നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കങ്ങളും വിവാദമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവർത്തകരിൽ ആത്മവിശ്വാസമുണ്ടാക്കാനായി തന്റെ രാഷ്ട്രീയ ജീവിതം കൊണ്ടുതന്നെ കേരള ചരിത്രത്തിൽ ആദ്യമായി ഒരു പ്രതിപക്ഷ നേതാവ് പന്താടുന്നത്. വനവാസത്തിന് പോകുന്നത് വെള്ളാപ്പള്ളിയോ വി.ഡിയോകയെന്ന് കാലം തെളിയിക്കും.
കേരള രാഷ്ട്രീയത്തിലെ ഇത്തരം വാക്പോരുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Vellappally and V.D. Satheesan challenge each other on election results.
#KeralaPolitics #VellappallyNatesan #VDSatheesan #KeralaElections #UDF #SNDPYogam