Corruption | മാസപ്പടി കേസ്: വീണ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം


● വീണ വിജയനെ പ്രതിയാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
● പത്ത് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
● വീണ വിജയൻ യാതൊരു സേവനവും നൽകാതെ 2.7 കോടി രൂപ വാങ്ങിയെടുത്തെന്നാണ് എസ്എഫ്ഐഒ കണ്ടെത്തൽ.
● മുഖ്യമന്ത്രി സമ്പാദിക്കുന്ന പണം മുഴുവൻ മക്കൾക്കാണ് എന്ന് കെ. സുധാകരൻ ആരോപിച്ചു.
● അഴിമതി നടത്തിയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം/ന്യൂഡൽഹി: (KVARTHA) സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി രാജി വെക്കണമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടു.
വീണ വിജയനെ പ്രതിയാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പത്ത് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ പ്രതിമാസം ലഭിച്ച മാസപ്പടിയാണിതെന്ന കാര്യം വളരെ വ്യക്തമാണ്. സ്വന്തം മകളെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ഇനി കേരളത്തിന്റെ ഭരണാധികാരിയായിരിക്കാൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎംആർഎൽ എന്ന സ്ഥാപനത്തിൽ നിന്നും ഇതിന്റെ സഹോദരസ്ഥാപനമായ എംപവർ ഇന്ത്യ എന്ന സ്ഥാപനത്തിൽ നിന്നും വീണ വിജയൻ യാതൊരു സേവനവും നൽകാതെ 2.7 കോടി രൂപ എക്‌സാലോജിക് എന്ന കമ്പനി വഴി വാങ്ങിയെടുത്തെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഇൻകംടാക്‌സ് അപ്പലേറ്റ് കൗൺസിൽ വിധിയിൽ സർക്കാരിലെ പ്രമുഖന്റെ മകളായതു കാരണം ഈ തുക മാസപ്പടിയാണെന്നു കൃത്യമായി നിർവചിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറേക്കാലം അനങ്ങാതിരുന്നിട്ടും കടുത്ത പ്രതിപക്ഷ സമ്മർദ്ദത്തെ തുടർന്ന് ഈ കേസ് ഏറ്റെടുക്കാൻ എസ്എഫ്ഐഒ തയ്യാറായത്. സാമ്പത്തിക ക്രമക്കേട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്ന സാഹചര്യത്തിൽ ധാർമ്മികമായി ഇനി ആ സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അർഹതയില്ല. മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഎം പ്രതിനിധികൾ അടിയന്തിരമായി പകരം മുഖ്യമന്ത്രിയെ കണ്ടെത്തി കേരള ജനതയോട് നീതി കാണിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മക്കളെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരാളില്ല. മുഖ്യമന്ത്രി സമ്പാദിക്കുന്ന പണം മുഴുവൻ മക്കൾക്കാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ഈ കേസ് ഒത്തുതീർപ്പാക്കാനാണെന്നും കെ. സുധാകരൻ ആരോപിച്ചു. ഇതിന്റെ വിശദാംശങ്ങൾ തനിക്ക് ലഭിച്ചു. കേസിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം. ആരോപണത്തിന് കൃത്യമായ തെളിവുണ്ട്. പലനാൾ കള്ളൻ ഒരു നാൾ കുടുങ്ങുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
ഒരു സേവനവും നൽകാതെ വീണയ്ക്ക് 2.7 കോടി രൂപ ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളെന്ന നിലയിലാണെന്നും ഈ സാഹചര്യത്തിൽ അഴിമതി നടത്തിയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് മകൾ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്നതിനെ എങ്ങനെ ന്യായീകരിക്കും? മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയെ ഇത്രനാൾ ന്യായീകരിച്ചവർക്ക് ഇനി എന്ത് പറയാനുണ്ട്? ഇത്രയും ഗുരുതര വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Opposition demands Kerala Chief Minister's resignation after a chargesheet was filed against his daughter Veena Vijayan in a financial transaction case involving CMRL and Exalogic.
#VeenaVijayan, #KeralaPolitics, #Corruption, #PinarayiVijayan, #Opposition, #Resignation