Diplomacy | ഇന്ത്യ - ചൈന അതിര്‍ത്തികളിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായി; നടപടിയെ സ്വാഗതം ചെയ്ത് യുഎസ്
● ഇരുവിഭാഗവും പരസ്പരം ഇത് പരിശോധിച്ച് വരുന്നു.
● മേഖലയില്‍ പട്രോളിങ് വൈകാതെ ആരംഭിക്കും.
● 2020 ഏപ്രിലിന് മുന്‍പുള്ള നിലയിലായിരിക്കും പട്രോളിങ്.
ന്യൂഡെല്‍ഹി: (KVARTHA) ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയായ (India-China Border) മേഖലകളായ കിഴക്കന്‍ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളില്‍ നിന്ന് ഇരുരാജ്യങ്ങളുടെയും സൈനിക പിന്‍മാറ്റ നടപടി പൂര്‍ത്തിയായി. ഈ പ്രദേശങ്ങളിലുണ്ടായിരുന്ന അടിസ്ഥാന സൗകര്യങ്ങളടക്കം ഇരുപക്ഷത്ത് നിന്നുമുള്ള സൈനികര്‍ നീക്കം ചെയ്തിട്ടുണ്ട്. ഇരുവിഭാഗവും പരസ്പരം ഇത് പരിശോധിച്ച് വരികയാണ്.
നിയന്ത്രണ രേഖയില്‍നിന്ന് പിന്‍വാങ്ങുന്നതില്‍ ധാരണയായതായി കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ചൈന ഇക്കാര്യം സ്ഥിരീകരിച്ചു. മേഖലയില്‍ പട്രോളിങ് വൈകാതെ ആരംഭിക്കും. പട്രോളിങ് 2020 ഏപ്രിലിന് മുന്‍പുള്ള നിലയിലായിരിക്കും പുനഃരാരംഭിക്കുക. 2020 ജൂണില്‍ ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളും സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചത്.
കരാറിന് അനുസൃതമായി ഇന്ത്യയും ചൈനയും മുന്നോട്ട് പോവുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവും പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. വളരെ വേഗത്തില്‍ തന്നെ ഈ പ്രക്രിയ മുന്നോട്ട് പോകുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.
അതിര്‍ത്തി മേഖലകളിലെ സൈനിക പിന്മാറ്റം നടപ്പാക്കാനുള്ള ഇന്ത്യ-ചൈന തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് രംഗത്തെത്തി. യുഎസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും, വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
'ഡെപ്‌സാങ്, ഡെംചോക് മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ളവ ഇരുപക്ഷത്ത് നിന്നുമുള്ള സൈനികര്‍ നീക്കം ചെയ്തിട്ടുണ്ട്. ഇരുവിഭാഗവും പരസ്പരം ഇതു പരിശോധിച്ചു വരികയാണ്. 2020ല്‍ ചൈനീസ് പക്ഷത്ത് നിന്ന് ആക്രമണം ഉണ്ടാകുന്നതിനു മുന്‍പുള്ള സ്ഥിതി പുന:സ്ഥാപിക്കുകയാണ് ലക്ഷ്യം.
അതിര്‍ത്തിയില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുകയാണ്. ഈ വിഷയത്തില്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും''- മാത്യു മില്ലര്‍ വ്യക്തമാക്കി.
#IndiaChinaBorder #disengagement #Ladakh #GalwanValley #diplomacy #US #peace