Demand | 'വോട്ടിങ് കേന്ദ്രത്തിലും സമീപവും ചെരുപ്പ് നിരോധിക്കണം', മഹാരാഷ്ട്രയിൽ അപൂർവ ആവശ്യവുമായി സ്ഥാനാർഥി; കാരണമുണ്ട്!
● ധാരാശിവ് മണ്ഡലത്തിൽ നിന്നാണ് ഈ സ്ഥാനാർത്ഥി മത്സരിക്കുന്നത്
● തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
● നവംബർ 20 ന് മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് നടക്കും.
മുംബൈ: (KVARTHA) മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ധാരാശിവ് മണ്ഡലത്തിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി ഗുരുദാസ് സംഭാജി കാംബ്ലെ ഒരു അപൂർവമായ ആവശ്യം ഉന്നയിച്ച് രംഗത്തെത്തി. വോട്ടിങ് കേന്ദ്രത്തിൽ നിന്ന് 200 മീറ്റർ ചുറ്റളവിൽ ചെരുപ്പുകൾ ധരിക്കുന്നത് നിരോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ചെരുപ്പ്. തന്റെ ചിഹ്നം ധരിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് ഗുരുദാസ് സംഭാജിയുടെ വാദം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ സ്ഥാനാർഥികളുടെ ചിഹ്നം പ്രദർശിപ്പിക്കാൻ അനുവാദമില്ല.
വോട്ടർമാരെയോ ഉദ്യോഗസ്ഥരെയോ ബൂത്തുകൾക്ക് സമീപം ചെരുപ്പ് ധരിക്കാൻ അനുവദിക്കുന്നത് അശ്രദ്ധമായി നിയമങ്ങളുടെ ലംഘനത്തിന് കാരണമാകുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ കാംബ്ലെ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സുതാര്യമായും നീതിപൂർവവുമായി നടക്കുന്നതിനും ഏതെങ്കിലും നിയമ ലംഘനങ്ങൾ ഒഴിവാക്കുന്നതിനുമാണ് തൻ്റെ അഭ്യർത്ഥനയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മഹാരാഷ്ട്രയിൽ നവംബർ 20 ന് വോട്ടെടുപ്പ് നടക്കും, നവംബർ 23 ന് വോട്ടെണ്ണും.
#MaharashtraElections #IndiaVotes #UniqueDemand #ShoeBan #ElectionRules #IndependentCandidate