Election Victory | പനമരം ഗ്രാമ പഞ്ചായത്തില്‍ തൃണമൂല്‍ പിന്തുണയോടെ യുഡിഎഫിന് ജയം; മുസ്ലിം ലീഗിന്റെ ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റ് 

 
Lakshmi Alakkamuttam Taking Panamaram Grama Panchayath President Oath
Lakshmi Alakkamuttam Taking Panamaram Grama Panchayath President Oath

Photo Credit: Screenshot from a Facebook Video by Thomas Kc

● എല്‍ഡിഎഫ് വിട്ട  ബെന്നി ചെറിയാന്റെ പിന്തുണ.
● പി വി അന്‍വര്‍ നിര്‍ദേശിച്ച പ്രകാരമാണ് പിന്തുണയെന്ന് ബെന്നി.
● എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 10 വോട്ടുകളാണ് ലഭിച്ചത്.
● വനിതാ ജനറല്‍ സംവരണമാണ് പ്രസിഡന്റ് പദം.

കല്‍പ്പറ്റ: (KVARTHA) വയനാട്ടിലെ പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. മുസ്ലിം ലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.

വ്യാഴാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്മിക്ക് 12 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 10 വോട്ടുകളുമാണ് ലഭിച്ചത്. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിനായിരുന്നു പ്രസിഡന്റ് പദം. 22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്നാണ് ലക്ഷ്മി ആലക്കാമുറ്റം പഞ്ചായത്തിലേക്ക് വിജയിച്ചത്.

തിരഞ്ഞെടുപ്പില്‍ ബെന്നി ചെറിയാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്മിക്ക് വോട്ടു ചെയ്തു. പി വി അന്‍വര്‍ നിര്‍ദേശിച്ച പ്രകാരമാണ് യുഡിഎഫിന് വോട്ടുചെയ്തതെന്ന് ബെന്നി ചെറിയാന്‍ പറഞ്ഞു. ഇടതുമുന്നണി വിട്ട ബെന്നി ചെറിയാന്‍ അടുത്തിടെയാണ് പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയില്‍ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം മാറി. 

നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ ആസ്യ പ്രസിഡന്റായത്. ജെഡിഎസ് അംഗമായിരുന്ന ബെന്നി ചെറിയാന്‍ അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് പനമരം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം എല്‍ഡിഎഫിനു നഷ്ടമായത്.

23 അംഗങ്ങള്‍ ഉള്ള പനമരം ഗ്രാമപഞ്ചായത്തില്‍ നേരത്തെ എല്‍ഡിഎഫ് 11, യുഡിഎഫ് 11, ബിജെപി 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. യുഡിഎഫിനും എല്‍ഡിഎഫിനും തുല്യവോട്ട് കിട്ടിയതോടെ നറുക്കെടുപ്പിലൂടെയായിരുന്നു നേരത്തെ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ അവിശ്വാസ പ്രമേയത്തിലൂടെയായിരുന്നു സിപിഎം പ്രതിനിധിയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്.

വനിതാ ജനറല്‍ സംവരണമാണ് പ്രസിഡന്റ് പദം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെച്ചൊല്ലി ലീഗിനുള്ളില്‍ തര്‍ക്കം ഉടലെടുത്തതിനെത്തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ ബുധനാഴ്ച തിരഞ്ഞെടുപ്പിന് എത്തിയില്ല. ക്വാറം തികയാത്തതിനെത്തുടര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ലീഗിന് നിലവില്‍ മൂന്ന് വനിത അംഗങ്ങളാണുള്ളത്. കുണ്ടാലയില്‍ നിന്നു വിജയിച്ചു വന്ന ഹസീന ശിഹാബിനെ ആയിരുന്നു പഞ്ചായത്ത് കമ്മിറ്റി പിന്തുണച്ചത്. എന്നാല്‍ ഒരു വിഭാഗം ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഇടപെട്ടാണ് പ്രശ്നം രമ്യതയിലെത്തിച്ചത്.

ഈ വാര്‍ത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുത്.


UDF won the Panamaram Panchayat President election with the support of TMC and Benny Cheriyan, securing victory for Lakshmi Alakkamuttam.


#UDFVictory #PanamaramPanchayat #LakshmiAlakkamuttam #BennyCheriyan #ElectionResults #Wayanad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia