UDF Strategy | പരിശ്രമിച്ചാൽ യുഡിഎഫിന് എൽഡിഎഫിൽ നിന്നും 2026ൽ പിടിച്ചെടുക്കാനാവുന്ന 5 മണ്ഡലങ്ങൾ


● യുഡിഎഫ് 2026-ൽ ഭരണം നേടാൻ ശ്രമിക്കുന്നു.
● ഗ്രൂപ്പ് രാഷ്ട്രീയം മാറ്റിവെച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.
● എൽഡിഎഫിന്റെയും ബിജെപിയുടെയും തന്ത്രങ്ങളെ മറികടക്കണം.
കെ ആർ ജോസഫ്
(KVARTHA) 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചുവരവിന് പരിശ്രമിക്കുകയാണ് കേരളത്തിലെ യുഡിഎഫ്. 63 നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ച് യു.ഡി.എഫിൻ്റെ പ്രവർത്തനം തുടങ്ങിയതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ പറഞ്ഞത് അടുത്തിയ വലിയ ചർച്ചയയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചിട്ടില്ലാത്ത എന്നാൽ, ഒന്നു ശ്രമിച്ചാൽ എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുക്കാനാവുന്ന അഞ്ച് മണ്ഡലങ്ങൾ പരിശോധിക്കാം.
1. തൃശൂർ
വളരെക്കാലം യു.ഡി.എഫ് കൈവശം വെച്ച നിയമസഭാ സീറ്റുകളിലൊന്നാണ് തൃശൂർ. ഇവിടെ നിന്നും സുരേഷ് ഗോപി ലോക് സഭയിലേയ്ക്ക് മത്സരിക്കാൻ വന്നശേഷമാണ് തൃശൂരിൽ ബി.ജെ.പി വോട്ടുകൾ വർദ്ധിക്കുന്നത്. തൃശൂർ നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി വോട്ടുകൾ കൂടിയപ്പോൾ ഒരിക്കലും പ്രതീക്ഷയ്ക്ക് വകയില്ലാത്ത എൽ.ഡി.എഫ് ഇവിടെ നിന്നും വിജയിക്കുന്നതാണ് കാണുന്നത്.
കോൺഗ്രസിനെ ഒറ്റച്ചരടിൽ കോർത്ത് കൊണ്ടുപോകാൻ പറ്റുന്ന ബി.ജെ.പി വോട്ടുകൾ തിരിച്ച് കോൺഗ്രസ് പാളയത്തിലേയ്ക്ക് എത്തിക്കാൻ പറ്റുന്ന ഒരു സീനിയർ നേതാവിനെ യു.ഡി.എഫ് ഇവിടെ നിന്നും മത്സരിപ്പിച്ചാൽ യു.ഡി.എഫിൻ്റെ കൈയ്യിൽ സുരക്ഷിതമായി കിട്ടാവുന്ന സീറ്റ് തന്നെയാണ് തൃശൂർ. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.ടി ബൽറാം, പി.സി വിഷ്ണുനാഥ് പോലെ ആരെയെങ്കിലും ഇവിടെ മത്സരിപ്പിച്ചാൽ യു.ഡി.എഫിൻ്റെ വിജയ പ്രതീക്ഷയ്ക്ക് വകയുണ്ട്.
2. കൊച്ചി
കൊച്ചി നിയമസഭാ മണ്ഡലം എന്നത് പുതുതായി രുപം കൊണ്ട നിയമസഭാ മണ്ഡലം ആണ്. യു.ഡി.എഫിൽ കോൺഗ്രസിനാണ് നിലവിൽ ഈ സീറ്റ്. ക്രിസ്ത്യൻ സമുദായത്തിന് പ്രത്യേകിച്ച് ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് വലിയ സ്വാധീനമുള്ള മേഖല കൂടിയാണ് ഫോർട്ട് കൊച്ചി കൂടി ഉൾപ്പെടുന്ന കൊച്ചി നിയമസഭാ മണ്ഡലം. കൊച്ചി നിയമസഭാ മണ്ഡലം രൂപീകൃതമായ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ട് ഇവിടെ കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ എറെയാണ്.
ഗ്രൂപ്പുകളിയിലും സീറ്റിനു വേണ്ടിയുള്ള വടം വലി മൂലവും യു.ഡി.എഫിന് തുടർച്ചയായി മനഃപൂർവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സീറ്റാണ് കൊച്ചി. ഇവിടെ ഹൈബി ഈഡനോ, അല്ലെങ്കിൽ അതുപോലെ ജനങ്ങളുമായി ബന്ധമുള്ള ഒരു നേതാവോ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചാൽ ഈ സീറ്റും യു.ഡി.എഫിന് നിലനിർത്താനാവുന്നതാണ്.
3. കോന്നി
കോന്നി നിയമസഭാ മണ്ഡലം കോൺഗ്രസിൻ്റെ സീനിയർ നേതാവ് അടൂർ പ്രകാശ് വളരെക്കാലം കാത്തു സൂക്ഷിച്ച മണ്ഡലമാണ്. എത്ര എതിർ പ്രചാരണമുണ്ടായാലും യു.ഡി.എഫ് സ്ഥാനാർത്ഥിയായി അടൂർ പ്രകാശ് മത്സരിക്കുമ്പോൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഒരു നിർണ്ണായക നിമിഷത്തിൽ അടൂർ പ്രകാശിന് ആറ്റിങ്ങലിൽ നിന്ന് ലോക്സഭയിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വന്നു. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
തുടർന്നാണ് അദ്ദേഹം കോന്നിയിൽ നിന്നുള്ള എം.എൽ.എ സ്ഥാനം രാജിവെച്ചത്. തുടർന്ന് അവിടെ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം നിർദേശിച്ച സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വം അംഗീകരിക്കാതെ അവിടെ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തുകയായിരുന്നു. ഫലമോ ഈ നിയമസഭാ മണ്ഡലത്തിൽ പ്രതീക്ഷിക്കാതെ എൽ.ഡി.എഫിൻ്റെ വിജയവും. ഗ്രൂപ്പ് കളിയും പരസ്പരം പാര വെയ്ക്കലും കൊണ്ട് മാത്രമാണ് യു.ഡി.എഫ് ഈ സീറ്റ് നഷ്ടപ്പെടുത്തുന്നത്. അടൂർ പ്രകാശോ അല്ലെങ്കിൽ അദ്ദേഹത്തെക്കുടെ വിശ്വാസത്തിലെടുത്തുകൊണ്ട് അതുപോലെ മറ്റൊരു സ്ഥാനാർത്ഥിയോ വന്നാൽ യു.ഡി.എഫിന് തിരിച്ചു പിടിക്കാവുന്ന സീറ്റാണ് കോന്നിയും.
4. ചങ്ങനാശേരി
ചങ്ങനാശേരി നിയോജകമണ്ഡലം എന്നത് യു.ഡി.എഫിൻ്റെ എക്കാലത്തെയും ഉറച്ച കോട്ടകളിൽ ഒന്നാണ്. വളരെക്കാലം യു.ഡി.എഫ് കൈവശം വെച്ചിരുന്ന നിയമസഭാ മണ്ഡലം കൂടിയാണ് ചങ്ങനാശേരി. കേരളാ കോൺഗ്രസ് മാണി വിഭാഗം യു.ഡി.എഫിൽ ആയിരുന്നപ്പോൾ അവർക്കായിരുന്നു യു.ഡി.എഫിൽ ഈ സീറ്റ്. പിന്നീട് അവർ യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ പോയപ്പോൾ ഈ സീറ്റ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകുകയായിരുന്നു.
ഈ സീറ്റിൽ അത്ര വലിയ പൊതുസമ്മതനായ ആളൊന്നും ആയിരുന്നില്ല ജോസഫ് ഗ്രൂപ്പിൻ്റെ ആളായി യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. അതുകൊണ്ട് തന്നെ യു.ഡി.എഫിന് വലിയ പരാജയം നേരിട്ട മണ്ഡലം കൂടിയാണ് ചങ്ങനാശേരി. ഈ സീറ്റ് അടുത്ത തവണ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനാണെങ്കിൽ വർക്കിങ് ചെയർമാൻ പി.സി.തോമസിനെപ്പോലുള്ളവർ മത്സരിച്ചാൽ ഈ സീറ്റ് യു.ഡി.എഫിന് തിരിച്ചു പിടിക്കാൻ പറ്റിയെന്ന് ഇരിക്കും . അല്ലെങ്കിൽ ഈ സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് ജോസഫ് വാഴയ്ക്കനെപ്പോലെയൊരാൾ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാലും വിജയിക്കാൻ സാധിച്ചെന്നിരിക്കും. ജോസി സെബാസ്റ്റ്യനും നല്ലത്. കത്തോലിക്കാ വിഭാഗത്തിനും നായർ വിഭാഗത്തിനും നല്ല സ്വാധീനമുള്ള മേഖലയാണ് ചങ്ങനാശേരി.
5. കുട്ടനാട്
ഒരു കാലത്ത് കുട്ടനാട് യു.ഡി.എഫിൻ്റെ ഉറച്ച കോട്ടകളിൽ ഒന്ന് തന്നെയായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ യു.ഡി.എഫിന് പറ്റിയ ഒരു സ്ഥാനാർത്ഥി ഇല്ലാതാകുന്നതുമൂലം അവരുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മണ്ഡലം കൂടിയാണ് കുട്ടനാട്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് യു.ഡി.എഫിൻ്റെ ഭാഗമായി നിന്നപ്പോൾ അവർക്ക് കൊടുത്തതാണ് കുട്ടനാട്. പിന്നീട് അവർ യു.ഡി.എഫുമായി പിണങ്ങി എൽ.ഡി.എഫിലേയ്ക്ക് പോയപ്പോൾ അവർക്ക് എൽ.ഡി.എഫ് ഈ സീറ്റ് കൊടുത്തു.
അപ്പോഴാണ് കരുണാകരൻ്റെ നേതൃത്വത്തിലുള്ള ഡി.ഐ.സിയും കോൺഗ്രസും ചേർന്ന് മത്സരിക്കുന്നത്. അങ്ങനെ ഡി.ഐ.സിയ്ക്ക് യു.ഡി.എഫ് ഈ സീറ്റ് നൽകുകയും തുടർന്ന് തോമസ് ചാണ്ടി കുട്ടനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിക്കുകയും ആയിരുന്നു. ആ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ യു.ഡി.എഫിൻ്റെ ഭാഗമായി മത്സരിച്ച ഡി.ഐ.സിയ്ക്ക് ഒരു സീറ്റ് മാത്രമാണ് ജയിക്കാനായത്. അത് കുട്ടനാട് ആയിരുന്നു. പിന്നീട് എൽ.ഡി.എഫിൻ്റെ ഭാഗമായ എൻ.സി.പിയിൽ കെ മുരളീധരനും കുട്ടരും പോയപ്പോൾ തോമസ് ചാണ്ടിയും കൂടെ പോയി എൻ.സി.പി യിൽ എത്തി.
പിന്നീട് കെ മുരളീധരൻ തിരിച്ച് കോൺഗ്രസിൽ എത്തിയെങ്കിലും തോമസ് ചാണ്ടി എൻ.സി.പിയിൽ തന്നെ ഉറച്ചു നിന്നു. പിന്നീട് ഇടത് സ്ഥാനാർത്ഥിയായി തോമസ് ചാണ്ടി കുട്ടനാട്ടിൽ വിജയിക്കുന്നതാണ് കണ്ടത്. അത് തോമസ് ചാണ്ടിയുടെ വ്യക്തിപ്രഭാവം കൊണ്ടു മാത്രമായിരുന്നു. തോൽപ്പിച്ചത് എക്കാലവും അവിടെ സീറ്റുമായി നിന്ന ജോസഫ് ഗ്രൂപ്പിനെയും. ഈ സീറ്റ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ കോൺഗ്രസ് ഏറ്റെടുത്ത് മികച്ച ഒരു സ്ഥാനാർത്ഥിയെ അവതരിപ്പിച്ചാൽ ഈ സീറ്റും യു.ഡി.എഫിന് നിലനിർത്താനാവുന്നതാണ്. അബിൻ വർക്കിയെ പോലൊരാൾ ഇവിടെ മത്സരിച്ചാൽ യു.ഡി.എഫിന് ജയിക്കാനെയേക്കും.
ഇതുപോലെ യുഡിഎഫിന് പിടിച്ചെടുക്കാവുന്ന പല മണ്ഡലങ്ങളുണ്ട്. 72 എന്ന മാന്ത്രിക സംഖ്യയിലെത്തിയാൽ മാത്രമേ 2026ൽ യുഡിഎഫിന് അധികാരത്തിലേറാൻ കഴിയുകയുള്ളൂ. അതിനായുള്ള പരിശ്രമങ്ങളാണ് പാർട്ടിയിൽ നിന്ന് ഉണ്ടാവേണ്ടത്. ഗ്രൂപ്പിസം മാറ്റി വെച്ച്, ഒന്നിച്ച് പണിയെടുക്കുന്നതും പ്രധാനമാണ്. ഒപ്പം എൽഡിഎഫിന്റെയും ബിജെപിയുടെയും തന്ത്രങ്ങളും പ്രചാരണവും മറികടക്കുകയും വേണം.
Read More:
Elections | വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫിന് പിടിച്ചെടുക്കാൻ പറ്റുന്ന 10 സീറ്റുകൾ
https://www.kvartha.com/news/kerala/10-seats-udf-can-win-from-ldf-in-upcoming-kerala-elections/cid16128880.htm
ഈ വാർത്ത പങ്കുവെയ്ക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കുകയും ചെയ്യുക!
UDF has strong hopes to capture 5 constituencies from LDF in the 2026 Kerala elections, including Thrissur, Kochi, Konni, Changanassery, and Kuttanadu.
#UDF2026 #KeralaElections #Thrissur #Kochi #Changanassery #Konni