Lead | വൈറ്റ് ഹൗസിലേക്ക് ട്രംപിന്റെ രണ്ടാംവരവ്; പെൻസിൽവാനിയയും ഒപ്പം; നിർണായകമായ ചാഞ്ചാട്ട സംസ്ഥാനങ്ങൾ തൂത്തുവാരി


● 266 ഇലക്ടറൽ വോട്ടുകൾ നേടിക്കൊണ്ട് ട്രംപ് ലീഡ് നേടി.
● കമലാ ഹാരിസ് 214 ഇലക്ടറൽ വോട്ടുകളോടെ പിന്നിലാണ്.
● 270 ഇലക്ടറൽ വോട്ടുകളാണ് വിജയത്തിന് ആവശ്യമായത്.
വാഷിംഗ്ടൺ: (KVARTHA) അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് 26 സംസ്ഥാനങ്ങളിൽ 266 ഇലക്ടറൽ വോട്ടുകൾ നേടി ശക്തമായ ലീഡ് നേടി. 214 ഇലക്ടറൽ വോട്ടുകളുമായി വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് വളരെ പിന്നിലാണ്. 270 ഇലക്ടറൽ വോട്ടുകളാണ് വിജയിക്കാൻ ആവശ്യമായത്.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൻ്റെ ദിശ നിർണയിക്കുന്നതിൽ ഏറ്റവും പ്രധാനമായി കണക്കാക്കപ്പെടുന്ന സ്വിംഗ് സ്റ്റേറ്റുകളിൽ (ചാഞ്ചാട്ട സംസ്ഥാനങ്ങൾ) ഡൊണാൾഡ് ട്രംപ് ആധിപത്യം കാട്ടിയതോടെയാണ് വൈറ്റ് ഹൗസിലേക്ക് ട്രംപിന്റെ രണ്ടാംവരവിന് കരുത്തായത്. നിർണായകമായ നോർത്ത് കരോലിനയ്ക്ക് പിന്നാലെ ജോർജിയയിലും പെൻസിൽവാനിയയിലും ട്രംപ് വിജയം ഉറപ്പിച്ചു.
ഇതുവരെ 93 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞ പെൻസിൽവാനിയയിൽ ഡൊണാൾഡ് ട്രംപ് കമലാ ഹാരിസിനെക്കാൾ രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. 11 ഇലക്ടറൽ വോട്ടുകളുള്ള അരിസോണയിൽ കമല ഹാരിസിനേക്കാൾ നേരിയ ലീഡാണ് ട്രംപിനുള്ളത്. 50 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി 49.7 ശതമാനവും ഡെമോക്രാറ്റിക്ക് പാർട്ടി 49.5 ശതമാനവും നേടി ലീഡ് ചെയ്യുന്നു. മിഷിഗൺ, വിസ്കോൺസിൻ സംസ്ഥാനങ്ങളിലും ട്രംപ് മുന്നിലാണ്.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതിന് പിന്നാലെ തൻ്റെ അനുയായികളെ അഭിസംബോധന ചെയ്യാൻ കമലാ ഹാരിസ് വിസമ്മതിച്ചപ്പോൾ, ഡൊണാൾഡ് ട്രംപ് അൽപ സമയത്തിന് ശേഷം പാർട്ടി ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടിയ ആളുകളെ അഭിസംബോധന ചെയ്തേക്കും. ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടി മുന്നേറുകയാണ്.
#Trump #USElection2024 #SwingStates #WhiteHouse #Pennsylvania #ElectionVictory