Controversy | 'പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങള്‍, പണമെന്ന് തെളിയിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഇവിടെ നിര്‍ത്തും'; നീല ട്രോളി ബാഗുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
● ഈ ബാഗ് പൊലീസിന് കൈമാറാം.
● സിസിടിവി ദൃശ്യം പുറത്ത് വിടണം.
● കറുത്ത ബാഗ് കൂടി കൈയില്‍ ഉണ്ടായിരുന്നു.
പാലക്കാട്: (KVARTHA) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫെനി നൈനാന്‍ (Fenni Ninan) ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണം നിഷേധിച്ച് നീല ട്രോളി ബാഗുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ (Rahul Mamkootathil) വാര്‍ത്താസമ്മേളനം. തന്റെ പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും അതല്ല അതിനകത്ത് പണമായിരുന്നു ഉണ്ടായിരുന്നതെന്ന് തെളിയിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഇവിടെ നിര്‍ത്തുമെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.
ഫെനി മുറിയില്‍ വരുന്നതിന് എന്താണ് കുഴപ്പം. അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ചുമതലയുണ്ട്. താമസിക്കുന്നതും അതേ ഹോട്ടലിലാണെന്നും രാഹുല്‍ പറഞ്ഞു. ആരോപണമുയര്‍ന്ന നീല നിറത്തിലുള്ള ട്രോളി ബാഗും കയ്യില്‍ ഉയര്‍ത്തി പിടിച്ചായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം മാധ്യമങ്ങളെ കാണാനെത്തിയത്.
കെ പി എം ഹോട്ടല്‍ അധികൃതരും പൊലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഞാന്‍ എപ്പോളാണ് ഹോട്ടലില്‍ വന്നതെന്നും പോയതെന്നും അതില്‍ നിന്നും മനസിലാകും. ട്രോളി ബാഗില്‍ എന്റെ ഡ്രസ്സ് കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്റെ കൈവശമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങളുണ്ടെങ്കില്‍ സിപിഎം പ്രദര്‍ശിപ്പിക്കട്ടെ. അങ്ങനെയൊരു ദൃശ്യമുണ്ടെങ്കില്‍ ഞാന്‍ എന്റെ പ്രചാരണം നിര്‍ത്താം. മുന്നിലെ വാതിലിലൂടെ ഞാന്‍ കയറിപ്പോകുന്നതും ഇറങ്ങുന്നതും അവര്‍ പ്രദര്‍ശിപ്പിക്കട്ടെ. ഈ പെട്ടിക്കകത്ത് ഒരു രൂപയുണ്ടായിരുന്നെന്ന് തെളിയിച്ചാല്‍ ഞാന്‍ എന്റെ പ്രചാരണം നിര്‍ത്താം.
ഈ ബാഗ് പൊലീസിന് കൈമാറാം. കള്ളപ്പണ ഇടപാട് നടന്നെങ്കില്‍ പൊലീസ് എന്തുകൊണ്ട് തെളിയിക്കുന്നില്ല. സിസിടിവി ദൃശ്യം പുറത്ത് വിടണം. ഈ ട്രോളി ബോഡ് റൂമില്‍ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയില്‍ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കില്‍ അതെവിടെ എന്നും പറയുന്നവര്‍ തെളിയിക്കണം.
ഹോട്ടലില്‍ പെട്ടിയുമായാണ് സാധാരണ പോകാറുള്ളത്. അല്ലാതെ എങ്ങനെ പോകാനാണ്. നീല പെട്ടി എന്റെ വണ്ടിയില്‍ നിന്നാണ് എടുത്തത്. ബോര്‍ഡ് റൂമില്‍ വച്ച് പെട്ടി തുറന്നിട്ടുമുണ്ട്. വസ്ത്രങ്ങള്‍ നോക്കാനായാണ് ഫെനി അത് അവിടെ എത്തിച്ചത്. അത് നോക്കിയ ശേഷം പെട്ടി തിരിച്ചു വിടുകയും ചെയ്തു.
പെട്ടി പൊലീസിന് പരിശോധന നടത്താന്‍ കൊടുക്കാന്‍ തയാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ട്രോളി ബാഗുമായിട്ട് ഇന്നലെ മാത്രമല്ല എപ്പോളും പോകാറുണ്ട്. ഇനി കോണ്‍ഗ്രസ് മീറ്റിങ് നടത്തുമ്പോള്‍ ആരെയൊക്കെ വിളിക്കണം എന്ന് സിപിഎം ജില്ലാ സെക്രട്ടറി തീരുമാനിക്കട്ടേയെന്നും രാഹുല്‍ പരിഹസിച്ചു.
ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ കള്ളപ്പണം ഒളിപ്പിച്ചെന്ന വാദം വിട്ടോ? ഇപ്പോള്‍ ഫെനിക്കെതിരെയാണ് വാദം. ഫെനി കെ എസ് യു ഭാരവാഹിയാണ്. എന്റെ കൂടെ ഉണ്ടാകുന്ന ആളുകളാണ് സാധാരണ ബാഗും പിടിക്കുന്നത്. ഫെനിയെ ഐഡി കാര്‍ഡ് കേസില്‍ അറസ്റ്റ് ചെയ്ത അന്ന് തന്നെ ജാമ്യം കൊടുത്തിട്ടുണ്ട്. രാജ്യദ്രോഹ കേസ് ആണെങ്കില്‍ അന്ന് എങ്ങനെ ജാമ്യം കിട്ടുമെന്നും രാഹുല്‍ ചോദിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കള്ളപ്പണം ഇടപാട് നടത്തിയതിന് പരാതി നല്‍കിയത് സിപിഎമ്മാണെന്ന് ആദ്യം എ എ റഹീം പറഞ്ഞു. എന്നാല്‍ അവരുടെ മുറികളിലും പരിശോധന നടത്തിയെന്നും പറഞ്ഞു. അങ്ങനെയെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കള്ളപ്പണ ഇടപാട് നടത്തിയതിന് എന്തിനാണ് സിപിഎമ്മുകാരുടെ മുറിയില്‍ പരിശോധന നടത്തുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
#KeralaElections, #RahulMankoothathil, #MoneyLaunderingAllegations, #PoliticalControversy, #TrollyBagControversy, #KeralaPolitics