Political Shift | തൃണമൂലിന്റെ കേരളത്തിലേയ്ക്കുള്ള വരവ് പാരയാകുന്നത് കോണ്‍ഗ്രസിന് തന്നെ; നേട്ടം ബിജെപിയ്ക്കും


● വാജ്‌പേയ്ക്ക്, രണ്ടാമതും പ്രധാനമന്ത്രിയാകാന്‍ അവസരമൊരുക്കിയത് തൃണമൂല്‍ കോണ്‍ഗ്രസ്.
● പാര്‍ട്ടിയുടെയും സംസ്ഥാനത്തിന്റെയും വളര്‍ച്ചയ്ക്ക് ഏതറ്റംവരെയും മമത പോകും.
● മമതയുടെയും പാര്‍ട്ടിയുടെ കേരളത്തിലേയ്ക്കുള്ള വരവ് കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കും.
● ശാശ്വതമല്ലാത്ത ഗുണം എല്‍.ഡി.എഫിനും കിട്ടിയേക്കും.
സോണി കല്ലറയ്ക്കല്‍
(KVARTHA) ഒരു കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തയായ നേതാവായിരുന്നു ഇപ്പോഴത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. കോണ്‍ഗ്രസിന്റെ കേരളത്തിലെ പ്രമുഖ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ആയിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ പശ്ചിമബംഗാള്‍ ഘടകം സംസ്ഥാന പ്രസിഡന്റായിരുന്നു മമതാ ബാനര്‍ജി. ആ സമയത്താണ് ബംഗാളില്‍ കോണ്‍ഗ്രസിന് ഭരണം ഇല്ലാതിരുന്നിട്ടും അവിടെ കോണ്‍ഗ്രസിനുള്ളില്‍ ഉള്‍പ്പാര്‍ട്ടി ഗ്രൂപ്പിസം രൂക്ഷമായത്.
കേരളത്തില്‍ ഒരുകാലത്ത് കോണ്‍ഗ്രസില്‍ കരുണാകരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് എന്നും എ കെ ആന്റണിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പെന്നും പറയുന്നതുപോലെയായിരുന്നു പശ്ചിമ ബംഗാളില്‍ മമതയുടെ നേതൃത്വത്തിലും പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്രയുടെയും നേതൃത്വത്തിലുമുള്ള രണ്ട് ഗ്രൂപ്പുകള്‍. അന്ന് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റിനേക്കാള്‍ ഉപരി മമതയെന്ന തീപ്പൊരി നേതാവിനെയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. പശ്ചിമ ബംഗാളില്‍ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്ന് സംസ്ഥാന പ്രസിഡന്റിന് ഒപ്പം ആയിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന മമതാ ബാനര്‍ജിയ്‌ക്കൊപ്പം ആയിരുന്നു.
അന്ന് കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള ഹൈക്കമാന്റില്‍ സ്വീകാര്യന്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്രയും. സോമന്‍ മിത്രയെ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി തന്നെ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കണമെന്നതായിരുന്നു മമതയുടെ ഡിമാന്റ്. അതിനായി കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ അവര്‍ കലാപക്കൊടി ഉയര്‍ത്തി. അതിന് വകവെച്ച് കൊടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തയാറായില്ല. അതില്‍ പ്രതിഷേധിച്ചാണ് തന്റെ കൂടെ നില്‍ക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ചേര്‍ത്ത് മമതാ ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചത്.
അതുവരെ പശ്ചിമ ബംഗാള്‍ ഭരിച്ച അല്ലെങ്കില്‍ ഏകദേശം നാല്‍പ്പത് വര്‍ഷക്കാലം അധികാരത്തില്‍ നിലയുറപ്പിച്ച സി.പി.എം എന്ന പാര്‍ട്ടിയിലെ അസംതൃപ്തരായ ആളുകളെയും തന്നോടൊപ്പം ചേര്‍ക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് മമതയുടെ പ്രധാന നേട്ടം. ഇതോടെ സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും തകര്‍ത്തെറിഞ്ഞ് മമതയുടെ പാര്‍ട്ടി പശ്ചിമ ബംഗാളില്‍ വലിയ പാര്‍ട്ടിയാവുകയും അധികാരത്തില്‍ എത്തുകയും ചെയ്തു. ഇപ്പോഴും അധികാരത്തില്‍ തുടരുകയും ചെയ്യുന്നു. മമത എന്ന് തൃണമൂല്‍ എന്ന പാര്‍ട്ടി രൂപീകരിച്ചോ അന്ന് മുതല്‍ അവരുടെ മനസ്സില്‍ കോണ്‍ഗ്രസ് വിരോധം തീര്‍ന്നിട്ടില്ലെന്നതാണ് സത്യം. അതിന് പറയാന്‍ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം ഇന്ത്യയില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പി അധികാരത്തില്‍ എത്തിയതും തുടര്‍ന്ന് ബംഗാളില്‍ വരെ ഉണ്ടായ ബി.ജെ.പി യുടെ വളര്‍ച്ചയുമാണ്.
അതിനൊക്കെ വഴിതെളിച്ചത് മമതയും അവരുടെ തൃണമൂല്‍ കോണ്‍ഗ്രസും ആയിരുന്നു. വെറും 13 ദിവസം മാത്രം പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന അടല്‍ ബിഹാരി വാജ്‌പേയ്ക്ക്, കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി രണ്ടാമതും പ്രധാനമന്ത്രിയാകാന്‍ അവസരമൊരുക്കിയത് ഇതേ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് മറന്നു പോകരുത്. അന്നത്തെ വാജ്‌പേയി മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രയായിരുന്നു മമത ബാനര്‍ജി. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാട് കേരളത്തില്‍ കോണ്‍ഗ്രസിന് തന്നെ കനത്ത തിരിച്ചടിയാകും എന്നതാണ് യാഥാര്‍ത്ഥ്യം. തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും കോണ്‍ഗ്രസിനോട് സ്വീകരിച്ച നിലപാടുകള്‍ അറിയാവുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അവരെ പിന്തുണയ്ക്കില്ല.
ദേശീയ തലത്തില്‍ തൃണമൂലും ബി.ജെ.പിയും തമ്മിലുണ്ടായ സംഖ്യമാണ് പശ്ചിമ ബംഗാളില്‍ പോലും ബി.ജെ.പിയ്ക്ക് ശക്തി പകരാന്‍ ഇടയാക്കിയത്. തന്റെയും പാര്‍ട്ടിയുടെയും സംസ്ഥാനത്തിന്റെയും വളര്‍ച്ചയ്ക്ക് മമത ബാനര്‍ജി മുന്‍ തമിഴ് നാട് മുഖ്യമന്ത്രി അന്തരിച്ച ജയലളിതയെ പോലെ ഏതറ്റം വരെ പോകാനും എന്ത് ചെയ്യാനും മടിയില്ലാത്തവരാണെന്നതാണ് വാസ്തവം. നല്ലൊരു ഓഫര്‍ കിട്ടിയാല്‍ അവര്‍ നാളെ ദേശീയ തലത്തില്‍ ബി.ജെ.പി യെ പിന്തുണയ്ക്കാനും സാധ്യതയുണ്ടെന്ന് ആക്ഷേപിക്കുന്നവരുണ്ട്.
ജയലളിതയുടെ പാര്‍ട്ടി ഒരു കാലത്ത് തമിഴ് നാട്ടില്‍ കോണ്‍ഗ്രസിനൊപ്പം ആയിരുന്നു. പിന്നീട് അവര്‍ കാലുമാറി ബി.ജെ.പിയില്‍ എത്തിയത്. അപ്പോള്‍ എതിര്‍ചേരിയില്‍ നിന്ന കരുണാനിധിയുടെ ഡി.എം.കെ കോണ്‍ഗ്രസിനൊപ്പം കൂടുകയായിരുന്നു. ഇതു തന്നെ ആയിരിക്കും ഭാവിയില്‍ മമതയുടെ കാര്യത്തിലും സംഭവിക്കുക. മമതയുടെയും പാര്‍ട്ടിയുടെ കേരളത്തിലേയ്ക്കുള്ള വരവ് ഇവിടുത്തെ കോണ്‍ഗ്രസിനെ തന്നെയാവും ക്ഷീണിപ്പിക്കുക. ഇവിടുത്തെ കോണ്‍ഗ്രസില്‍ അസംതൃപ്തരായ വലിയൊരു വിഭാഗം നേതാക്കളും ഒരിടത്തും ഒന്നും ഇല്ലാതെ നില്‍ക്കുന്ന ഘടകകക്ഷിയിലെ ചില നേതാക്കളും മമതയുടെ തൃണമൂല്‍ ഇവിടെ യു.ഡി.എഫിന്റെ ഘടകക്ഷി ആയാല്‍ അതില്‍ ചേരാന്‍ സാധ്യതയുണ്ട്.
അധികാരം കണ്ട് എല്ലാവരും അതിലേയ്ക്ക് ഓടിയെന്നിരിക്കും. പിന്നീട് മമത ദേശീയ തലത്തില്‍ ബി.ജെ.പിയുമായി കൂട്ടുകൂടാന്‍ മേലായ്കയില്ല. അങ്ങനെ വന്നാല്‍ ഇതുമൂലം കേരളത്തില്‍ ശക്തിപ്പെടാന്‍ പോകുന്നത് ഇവിടുത്തെ ബി.ജെ.പി ആയിരിക്കും. കുറച്ചു കാലം എല്‍.ഡി.എഫിനും ഇതിന്റെ ഗുണം കിട്ടിയെന്ന് ഇരിക്കും. എന്നാല്‍ അതും ശാശ്വതമായിരിക്കില്ല. ഇവിടുത്തെ വളര്‍ച്ച ബി.ജെ.പി യ്ക്ക് തന്നെയാവും ഉണ്ടാവുക.
ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്തിയാല്‍ രാഹുല്‍ ഗാന്ധിയെ വെട്ടിമാറ്റി പ്രധാനമന്ത്രിയാകാന്‍ നോക്കുന്നയാളാണ് മമതാ ബാനര്‍ജി എന്നോര്‍ക്കണം. മമതയുടെ മനസ്സില്‍ ഇരിക്കുന്നത് മാതൃപാര്‍ട്ടിയായ കോണ്‍ഗ്രസിനോടുള്ള വൈകാരിക സ്‌നേഹമല്ല. അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ നന്ന്.
#TrinamoolKerala, #MamataBanerjee, #CongressKerala, #BJPKerala, #PoliticalShift, #KeralaNews