Case | തൃശൂർ പൂര നഗരിയിൽ ആംബുലൻസിൽ എത്തിയ സംഭവം: സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്


● സിപിഐ നേതാവ് സുമേഷ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
● ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപണം
● പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി
തൃശൂര്‍: (KVARTHA) അനധികൃതമായി തൃശൂര്‍ പൂര വേദിയിൽ ആംബുലന്‍സില്‍ എത്തിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ നേതാവ് അഡ്വ. സുമേഷ് നല്‍കിയ പരാതിയിലാണ് ഐപിസി 279, 34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകൾ ചുമത്തി തൃശൂർ ഈസ്റ്റ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സുരേഷ് ഗോപിയെ കൂടാതെ ആംബുലന്‍സ് ഡ്രൈവർ, അഭിജിത് നായർ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
അടിയന്തര ആവശ്യത്തിനും രോഗികളെ കൊണ്ടുപോകാനും ഉപയോഗിക്കുന്ന ആംബുലന്‍സ് യാത്രയ്ക്ക് ഉപയോഗിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പൊലീസ് നിയന്ത്രണം നിലനില്‍ക്കെ ഇത് ലംഘിച്ച് തൃശൂര്‍ റൗണ്ടിലൂടെ ആംബുലന്‍സ് ഓടിച്ചുവെന്നും മനുഷ്യജീവന് അപകടകരമായ രീതിയില്‍ പൂര ദിവസം ജനത്തിരക്കിലൂടെ ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
തൃശൂർ പൂര നഗരിയിലെത്താൻ ആദ്യം ആംബുലന്‍സില്‍ കയറിയില്ലെന്ന് പറഞ്ഞിരുന്ന സുരേഷ് ഗോപി പിന്നീട് ആംബുലൻസിൽ കയറിയെന്ന് സമ്മതിച്ചിരുന്നു. കാലിനു വയ്യായിരുന്നു, ആളുകൾക്കിടയിലൂടെ നടക്കാൻ സാധിക്കില്ലായിരുന്നു. രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാർ എടുത്താണ് ആംബുലൻസിൽ കയറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. സിപിഐ മണ്ഡലം സെക്രട്ടറിയാണ് പരാതിക്കാരൻ.
#SureshGopi #ThrissurPooram #AmbulanceControversy #KeralaPolitics #IndiaNews