'കെസി വേണുഗോപാലിൻ്റെ യോഗ്യത ചോദ്യം ചെയ്യുന്നത് നൈതികമല്ല'; മാധ്യമ ചർച്ചകൾക്കെതിരെ സുധ മേനോൻ; അരനൂറ്റാണ്ടിൻ്റെ പൊതുപ്രവർത്തനത്തെ റദ്ദ് ചെയ്യരുതെന്ന് കുറിപ്പ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കോൺഗ്രസ് ഏറ്റവും വലിയ തകർച്ച നേരിട്ട കാലഘട്ടത്തിൽ പാർട്ടിയെ ദേശീയ തലത്തിൽ നയിക്കാനുള്ള ഭാരം ഏറ്റെടുത്ത നേതാവാണ് അദ്ദേഹമെന്ന് സുധ മേനോൻ ഓർമ്മിപ്പിച്ചു.
● കെ എസ് യു പ്രവർത്തകനായി തുടങ്ങി കെ എസ് യു, യൂത്ത് കോൺഗ്രസ് എന്നിവയുടെ സംസ്ഥാന പ്രസിഡൻ്റായി മാറിയ കെ സിയുടെ രാഷ്ട്രീയ വഴി തീക്ഷ്ണമായിരുന്നുവെന്ന് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
● ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിൻ്റെ തിരിച്ചുവരവിന് കാരണമായ ഭാരത് ജോഡോ യാത്ര എന്നിവയുടെ പ്രധാന ആസൂത്രകൻ കെ സി വേണുഗോപാലാണെന്ന് അവർ പറയുന്നു.
● 26 പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ച് ഇന്ത്യാ മുന്നണി രൂപീകരിക്കുന്നതിൽ അദ്ദേഹം കാണിച്ച നയതന്ത്ര മികവ് അത്ഭുതകരമാണെന്ന് കുറിപ്പിൽ വിശദീകരിക്കുന്നു.
● നിലവിലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ സജ്ജമാക്കുന്നതിൽ കെ സി വേണുഗോപാൽ വഹിച്ച പങ്ക് വളരെ വലുതാണെന്നും ഒറ്റ വിമതൻ പോലുമില്ലെന്നും സുധ മേനോൻ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: (KVARTHA) കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന വിഷയത്തിൽ മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻ്റെ യോഗ്യതയെ ചോദ്യം ചെയ്തതിനെതിരെ എഴുത്തുകാരി സുധ മേനോൻ. കെസി വേണുഗോപാലിൻ്റെ അരനൂറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനത്തെയും സംഘടനാ മികവിനെയും റദ്ദ് ചെയ്യുന്ന മാധ്യമ നിലപാട് വസ്തുതാ വിരുദ്ധമാണെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കോൺഗ്രസ് ഏറ്റവും വലിയ തകർച്ച നേരിട്ട കാലഘട്ടത്തിൽ പാർട്ടിയെ ദേശീയ തലത്തിൽ നയിക്കാനുള്ള ഭാരം ഏറ്റെടുത്ത നേതാവാണ് അദ്ദേഹമെന്ന് സുധ മേനോൻ ഓർമ്മിപ്പിച്ചു.
കെഎസ് യു മുതൽ ദേശീയ രാഷ്ട്രീയം വരെ
പയ്യന്നൂരിലെ കെഎസ് യു പ്രവർത്തകനായി തുടങ്ങി കെഎസ് യു, യൂത്ത് കോൺഗ്രസ് എന്നിവയുടെ സംസ്ഥാന പ്രസിഡൻ്റായി മാറിയ കെസിയുടെ രാഷ്ട്രീയ വഴി സമരതീക്ഷണമായിരുന്നുവെന്ന് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. നന്ദാവനം പോലീസ് ലാത്തിച്ചാർജ്ജ്, കാലിക്കറ്റ് സർവ്വകലാശാലയിലെ മാർക്ക് ദാനത്തിനെതിരെയുള്ള സമരം തുടങ്ങി നിരവധി പ്രക്ഷോഭങ്ങളുടെ നായകനായിരുന്നു അദ്ദേഹം. ആലപ്പുഴയിലെ ഇടത് കോട്ട തകർത്ത് മൂന്ന് തവണ നിയമസഭാംഗമായതും 2004-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായതും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ വളർച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്. 2019-ൽ യുഡിഎഫ് തരംഗമുണ്ടായിട്ടും ആലപ്പുഴ തോറ്റപ്പോൾ 2024-ൽ അത് തിരിച്ചുപിടിക്കാൻ കെസി വേണുഗോപാൽ തന്നെ വേണ്ടിവന്നു.
ഇന്ത്യാ മുന്നണിയുടെ ആസൂത്രകൻ
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിൻ്റെ തിരിച്ചുവരവിന് കാരണമായ ഭാരത് ജോഡോ യാത്ര, ഭാരത് ജോഡോ ന്യായ് യാത്ര എന്നിവയുടെ പിന്നിലെ പ്രധാന ആസൂത്രകൻ കെസി വേണുഗോപാലാണെന്ന് സുധ മേനോൻ പറയുന്നു. 26 പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ച് ഇന്ത്യാ മുന്നണി രൂപീകരിക്കുന്നതിൽ അദ്ദേഹം കാണിച്ച നയതന്ത്ര മികവ് അത്ഭുതകരമാണ്. എംകെ സ്റ്റാലിൻ, ശരദ് പവാർ, ലാലു പ്രസാദ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കളുമായി വ്യക്തിപരമായ ബന്ധം പുലർത്തിക്കൊണ്ട് തന്നെ മുന്നണിയെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേന്ദ്ര ഏജൻസികളുടെ ഭീഷണിക്ക് മുന്നിലും നിലപാടുകളിൽ മാറ്റം വരുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല.
കേരള തിരഞ്ഞെടുപ്പിലെ പങ്ക്
നിലവിലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ സജ്ജമാക്കുന്നതിൽ കെസി വേണുഗോപാൽ വഹിച്ച പങ്ക് വളരെ വലുതാണെന്ന് കുറിപ്പിൽ വിശദീകരിക്കുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ചതും ആഴ്ചകളോളം രേവന്ത് റെഡ്ഡി, സിദ്ധരാമയ്യ തുടങ്ങിയവർ ഇവിടെ ക്യാമ്പ് ചെയ്തതും കെസിയുടെ ഇടപെടൽ മൂലമാണ്. സീറ്റ് നിഷേധിക്കപ്പെട്ടവരെ ചേർത്തുപിടിക്കുകയും ഒറ്റ വിമതൻ പോലും ഇല്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയെ ഒരുക്കിയതും കെസിയുടെ സംഘടനാ പാടവത്തിൻ്റെ തെളിവാണെന്ന് സുധ മേനോൻ ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾക്ക് രഹസ്യങ്ങൾ ചോർത്തി നൽകാത്തത് അയോഗ്യതയാണെങ്കിൽ സാധാരണ പ്രവർത്തകർക്ക് ആ അയോഗ്യതയാണ് ഇഷ്ടമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ആരാണ് സുധാ മേനോൻ?
പ്രമുഖ എഴുത്തുകാരിയും സാമൂഹിക നിരീക്ഷകയും മനുഷ്യാവകാശ പ്രവർത്തകയുമാണ് സുധാ മേനോൻ. നെതർലൻഡ്‌സ് ആസ്ഥാനമായ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ പ്രൊഫുണ്ടോയിലെ (Profundo) ദക്ഷിണേഷ്യൻ മേഖലയിലെ സീനിയർ ലേബർ റിസർച്ച് കൺസൾട്ടന്റായി ഇവർ പ്രവർത്തിക്കുന്നു. യുദ്ധത്തിന്റെയും വംശീയ കലാപങ്ങളുടെയും ഇരകളായ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം പ്രമേയമാക്കി അവർ രചിച്ച 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്. ഈ കൃതിക്ക് തോപ്പിൽ രവി പുരസ്കാരം, അവനിബാല പുരസ്കാരം, മുതുകുളം പാർവതി അമ്മ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 'ഇന്ത്യ എന്ന ആശയം' എന്നതാണ് മറ്റൊരു പ്രധാന കൃതി. കശ്മീർ, അഫ്ഗാനിസ്ഥാൻ തുടങ്ങി ഏഷ്യയിലെ വിവിധ സംഘർഷ മേഖലകളിൽ സ്ത്രീകളുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാറുള്ള ഇവർ, മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ കോളങ്ങൾ എഴുതാറുണ്ട്.
സുധാ മേനോൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ഇന്നലെ മീഡിയ വണ്ണിലെ ഒരു ചർച്ച കാണുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണ് എന്ന് ചർച്ച ചെയ്യുന്നതിന്റെ ശരിതെറ്റുകളെക്കുറിച്ച് ഒന്നും ഞാൻ പറയുന്നില്ല. അതവരുടെ ഇഷ്ടം. ഒരു വിശാല ജനാധിപത്യ പ്ലാറ്റ്ഫോം ആയ കോൺഗ്രസിൽ എല്ലാ കാലത്തും ഓരോ സ്ഥാനത്തിനും യോഗ്യരായ ഒന്നിലധികം നേതാക്കൾ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. പക്ഷേ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ കെ.സി. വേണുഗോപാലിന്റെ യോഗ്യത എന്താണ് എന്ന ചോദ്യമുയർത്തുന്നതും, രാഷ്ട്രീയപ്രവർത്തനത്തിന്റെ ആരംഭകാലം മുതൽ അദ്ദേഹം പിന്തുടർന്നു വരുന്ന ചേർത്തുപിടിക്കലിന്റെയും കേൾവിയുടെയും കരുണയുടെയും രാഷ്ട്രീയത്തെ പെട്ടെന്നു പൊട്ടിമുളച്ച ഒന്നായും അവതരിപ്പിക്കുന്നത് നൈതികമല്ല, വസ്തുതാവിരുദ്ധമാണ്. ആ മനുഷ്യന്റെ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തെ റദ്ദ് ചെയുന്ന ഒന്നാണത്.
യോഗ്യതയില്ല എന്ന് ആരെക്കുറിച്ചാണ് നിങ്ങൾ പറയുന്നത് എന്ന് ഒരു നിമിഷം മനസ്സാക്ഷിയോട് ചോദിച്ചുനോക്കണം, പ്രിയപ്പെട്ട മാധ്യമപ്രവർത്തകർ. കോൺഗ്രസിന്റെ പ്രതാപകാലത്തല്ല അയാൾ പാർട്ടിയെ ദേശീയ തലത്തിൽ നയിച്ചത്. എന്നിട്ടും നഷ്ടകാലത്തെ വിഷശരങ്ങൾ എന്നും അയാൾക്ക് നേരെ മാത്രമായിരുന്നു. ഇന്ത്യയെന്ന രാഷ്‌ട്രത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളുന്ന രാഷ്‌ട്രീയ പ്രസ്ഥാനം, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നാടൊട്ടുക്കും പരാജയപ്പെട്ട് നിൽക്കെയാണ് ഏഴ് വർഷം മുമ്പ് അയാൾ ആ ‘ഭാരം’ ചുമലിലേറ്റിയത്. കോൺഗ്രസ് പാർട്ടിക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് കോൺഗ്രസുകാർ പോലും വിധിയെഴുതിയിടത്തുനിന്ന് വിജയത്തിലേക്ക് കോൺഗ്രസിനെ മുന്നോട്ട് നയിച്ച പ്രേരക ശക്തി തന്നെയായിരുന്നു സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്ന് നിങ്ങൾ അറിയണം.
തന്റെ രക്തത്തിനായി കടിപിടികൂടുന്നവർക്ക് മുന്നിൽ, തിരഞ്ഞെടുപ്പ് വിജയത്തിലുപരിയായി, ഈ രാജ്യത്തിന്റെ ആത്മാവിനെ തന്നെ വീണ്ടെടുത്ത് സമർപ്പിച്ച് മൗനമായി നടന്നുനീങ്ങിയ ഒരാളെക്കുറിച്ചാണ് അയാൾക്ക് എന്താണ് യോഗ്യത എന്ന് നിങ്ങൾ ആക്രോശിക്കുന്നത്.
പയ്യന്നൂരിലെ കെഎസ്യു പ്രവർത്തകനായി തുടങ്ങി കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റ് ആയ അദ്ദേഹത്തിന് മത്സരിക്കാൻ പാർട്ടി നൽകിയത് വീടിരിക്കുന്നിടത്തുനിന്ന് ഏഴെട്ട് ജില്ലകൾ പിന്നിട്ട് ആലപ്പുഴയിലാണ്, അതും ഇടത് കോട്ടയിൽ. ആ കോട്ട പൊളിച്ചാണ് തുടർച്ചയായി മൂന്ന് തവണ നിയമസഭാംഗമായത്. 2004-ൽ ആദരണീയനായ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുമ്പോൾ ആ മന്ത്രിസഭയിൽ കെ.സി. വേണം എന്ന താല്പര്യം ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു. പിന്നീട് ആലപ്പുഴ ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്തമായിരുന്നു കെ.സി.ക്ക് നൽകിയത്. ആലപ്പുഴ ശക്തമായ ഇടത് കോട്ടയാണെന്നും കെ.സി. ആയതുകൊണ്ട് മാത്രമാണ് ആ കോട്ട പൊളിക്കാൻ കഴിയുന്നതെന്നുമുള്ളതിന്റെ തെളിവാണ് 2019-ൽ 19 സീറ്റും ജയിച്ചിട്ടും ആലപ്പുഴ തോറ്റതും, 2024-ൽ കെ.സി. മത്സരിച്ചപ്പോൾ തിരിച്ചുപിടിച്ചതും.
ദേശീയ പ്രക്ഷോഭങ്ങളുടെ മുന്നണിയില്‍നിന്ന് ജനാധിപത്യ വിശ്വാസികള്‍ക്ക് ഊര്‍ജ്ജം പകരുന്ന പോരാട്ടവീര്യം, വിദ്യാര്‍ത്ഥി കാലം മുതല്‍ കെ.സി. വേണുഗോപാലിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. രാഷ്ട്രീയ കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ നായകനായിരുന്നു കെഎസ്യു സംസ്ഥാന പ്രസിഡന്റായിരുന്ന കെ.സി. വേണുഗോപാല്‍. നന്ദാവനം പോലീസ് ലാത്തിച്ചാര്‍ജ്, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടന്ന മാര്‍ക്ക് ദാനത്തിനെതിരെയുള്ള പ്രക്ഷോഭം, രക്തരൂക്ഷിതവും മരണത്തെ നേര്‍ക്കുനേര്‍ സന്ധിച്ചതുമായ കൊല്ലം എസ്പി ഓഫീസ് മാര്‍ച്ച് അങ്ങനെ എണ്ണിയാലൊടുങ്ങാത്ത തീക്ഷണ സമര സ്മരണകളുടെ കഥപറയുന്ന ഏടുകളാണ് പഴയകാല കെ.സി.യുടെ കെഎസ്യു - യൂത്ത് കോൺഗ്രസ് കാലത്തെ പൊതുജീവിതത്തില്‍ കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുക. അതുപോലെ കേരള നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി അദ്ദേഹം ഒരുപോലെ ശോഭിച്ചു. മികച്ച പാര്‍ലമെന്റേറിയനായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണപക്ഷത്തെ അദ്ദേഹം പ്രതിരോധ മുനയില്‍ നിര്‍ത്തി. അധികാര സ്ഥാനങ്ങളിൽ ഇല്ലാത്തപ്പോഴും ഈ നാടിനും സംസ്ഥാന, ദേശീയ താല്പര്യങ്ങൾക്കും വേണ്ടി പോരാളിയുടെ വീര്യത്തോടെ എന്നും പ്രവർത്തിച്ചിട്ടുണ്ട് കെ.സി. വേണുഗോപാൽ.
ഭരണചക്രത്തിലും സമരമുഖത്തും മാത്രമല്ല, സംഘാടനത്തിലെ മികവുകൊണ്ടും കെ.സി. വേറിട്ടുനിന്നു. കര്‍ണ്ണാടക, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തെലങ്കാന ഉള്‍പ്പെടെയുള്ള സര്‍ക്കാരുകളുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചത് കെ.സി.യായിരുന്നു. പണമൊഴുക്കിയും ഭീഷണിപ്പെടുത്തിയും ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കാലത്തും തളരാതെ മുന്നോട്ടുപോകാന്‍ കെ.സി.ക്ക് സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. രാഷ്ട്രീയ എതിരാളികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിരോധം, രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം സസ്പെന്‍ഡ് ചെയ്തതിനെതിരായ രാജ്യവ്യാപക പ്രക്ഷോഭം, അസമിലെ ബിജെപി സര്‍ക്കാര്‍ 'ഭാരത് ജോഡോ ന്യായ് യാത്ര'യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയാണ് കെ.സി. വേണുഗോപാല്‍ മോദി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയത്.
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പുതുചരിത്രമെഴുതി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നാലായിരം കിലോമീറ്ററോളം രാഹുല്‍ ഗാന്ധി പദയാത്രയായി സഞ്ചരിച്ച 'ഭാരത് ജോഡോ യാത്ര'യുടെ മുഖ്യ സംഘാടകനും നിങ്ങൾ യോഗ്യതയില്ലെന്നു പറയുന്ന കെ.സി. വേണുഗോപാലായിരുന്നു. വൈവിധ്യങ്ങളിലൂടെയും ബഹുസ്വരതയിലൂടെയും ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് ഒരു മനുഷ്യൻ കാൽനടയായി സഞ്ചരിച്ച, കോൺഗ്രസിനെയും രാജ്യത്തെയും വീണ്ടെടുക്കാനുള്ള രാഷ്ട്രീയ മുന്നേറ്റത്തിലേക്ക് വഴിയൊരുക്കിയ ബുദ്ധികേന്ദ്രം. നൂറുദിവസത്തോളം ഒപ്പം നടന്ന് കെ.സി.യും യാത്രയെ സജീവമാക്കി. മണിപ്പൂരില്‍നിന്നും മഹാരാഷ്ട്രയിലേക്ക് രാഹുല്‍ ഗാന്ധി നയിച്ച 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ പ്രധാന ആസൂത്രകനും കെ.സി. തന്നെ. തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന്റെ ബലവും അടിത്തറയും രൂപപ്പെടുത്തിയതിൽ ഈ ചരിത്രയാത്രകളുടെ പങ്ക് ചെറുതല്ല.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ മൂന്ന് എഐസിസി പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായാണ് കെ.സി. വേണുഗോപാല്‍ ദേശീയ രാഷ്ട്രീയത്തിലെ മുന്നണി സംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നത്. 'ഇന്ത്യ' മുന്നണിയുടെ പ്രധാന സംഘാടകനും ആസൂത്രകനും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം. 26 പ്രതിപക്ഷ പാർട്ടികളെ ഒരേ വേദിയിൽ അണിനിരത്തിയ മാസ്‌റ്റർ മൈൻഡ്. ഒരു പാർട്ടിക്കുള്ളിലെ തർക്കങ്ങൾ പോലും കൃത്യമായി പരിഹരിക്കാൻ കഴിയാത്തവർ അത്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു കെ.സി. വേണുഗോപാലിനെ. തിരഞ്ഞെടുപ്പെത്തും മുന്നേ അടിച്ചുപിരിയുമെന്ന് സകലരും സ്വപ്നം കണ്ട ഇന്ത്യ മുന്നണിയെ കൃത്യമായ സീറ്റ് വിഭജനത്തിലൂടെയും നയങ്ങളിലൂടെയും കരയ്‌ക്കടുപ്പിച്ചത് അതേ സംഘാടനാ പാടവം തന്നെയായിരുന്നു എന്ന് നിങ്ങൾ അറിയണം.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് മുതല്‍ കശ്മീരിലെ ഫാറൂഖ് അബ്ദുള്ളയും മെഹബൂബ മുഫ്തിയും വരെ നീളുന്ന നേതാക്കളുമായുള്ള ദൃഢബന്ധവും ഏതു സമയത്തും അവരുമായി പ്രശ്ന പരിഹാരത്തിനും പരിപാടികൾ ഏകോപിപ്പിക്കാനുമുള്ള വ്യക്തിബന്ധവും വേണുഗോപാലിന്റെ നയതന്ത്ര മികവിന് തെളിവാണ്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദവും അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഭീഷണിയും അതിജീവിച്ചാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നതും ചെറിയ കാര്യമല്ല. ഇടത്തും വലത്തും നിന്ന പലരുടെയും ചിറകുകൾ കേന്ദ്ര സർക്കാർ അരിഞ്ഞപ്പോഴും പലരും ആത്മരക്ഷാര്‍ത്ഥം കൂറുമാറിയപ്പോഴും തന്റെ നിലപാടിലും കാഴ്ചപ്പാടിലും തരിമ്പ് പോലും മാറ്റം വരുത്താൻ കെ.സി. വേണുഗോപാല്‍ തയ്യാറായില്ലെന്ന് കാണാം. ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ അപൂര്‍വ്വം ചിലര്‍ക്ക് മാത്രം സാധ്യമാവുന്ന കാര്യമാണിത്.
അഞ്ച് വർഷം മുമ്പ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി എഐസിസിയുടെ തലപ്പത്തേക്ക് എത്തുമ്പോൾ തകർന്നു തരിപ്പണമായിക്കിടന്നിരുന്ന കോൺഗ്രസിൽനിന്ന് ഇന്ന് ഏത് അതിശക്തനേയും മലർത്തിയടിക്കാനുള്ള ആത്മവിശ്വാസത്തിലേക്ക് കോൺഗ്രസ് വളർന്നെങ്കിൽ അതിന് പുറകിലും ഇതേ കെ.സി.യാണ്. ഏത് തോൽവിയിലും നിരാശപ്പെടുകയോ അസ്വസ്ഥനാകുകയോ ചെയ്യാതെ 100% ആത്മാർത്ഥതയോടെ സ്വന്തം കർത്തവ്യം നിർവ്വഹിക്കുന്ന ഈ മനുഷ്യൻ പരാജയങ്ങളുടെ മാത്രം അവകാശിയായി മാറുമ്പോഴും ഈ സംഘാടന മികവിൽ ഭാരത് ജോഡോ യാത്രകളും ചിന്തൻ ശിബിറും പ്ലീനറിയും തിരഞ്ഞെടുപ്പുമൊക്കെ വിജയകരമായി കടന്നുപോയി. ജനാധിപത്യ, മതേതര ഇന്ത്യയ്ക്കുവേണ്ടി വര്‍ഗീയ ശക്തികളോടും കുത്തകകളോടും സന്ധിയില്ലാതെ പോരാടുന്ന രാഹുല്‍ ഗാന്ധിയുടെ വലംകൈയും രാജ്യം ഉറ്റുനോക്കുന്ന ദേശീയ നേതാവുമായ കെ.സി. വേണുഗോപാൽ ആലപ്പുഴയിലെ മത്സരത്തെ സംബന്ധിച്ച് വ്യക്തിപരമായി ആക്രമിക്കപ്പെട്ടത് നമ്മുടെ കൺമുന്നിലുണ്ട്. ഒട്ടും നിസ്സാരനല്ലാത്ത എതിരാളിയിൽനിന്ന് ആലപ്പുഴ തിരിച്ചുപിടിക്കാൻ കോൺഗ്രസിന്റെ മുന്നിലുണ്ടായിരുന്ന ഏക വഴി കെ.സി.യുടെ സ്ഥാനാർത്ഥിത്വമായിരുന്നു. അമേത്തിയിലും റായ്‌ബറേലിയിലും നോർത്ത് ഈസ്‌റ്റ് ഡൽഹിയിലും തുടങ്ങി വടകരയിൽ വരെ 'സർപ്രൈസ്' സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച രാഷ്‌ട്രീയ ചാണക്യൻ വ്യക്തിഹത്യകൾ ഭയക്കാതെ സ്വയം ആലപ്പുഴയിലെ അങ്കത്തട്ടിലേക്കിറങ്ങുകയായിരുന്നു. ലോക്‌സഭയില്‍ പരമാവധി അംഗങ്ങളെ ഒറ്റയ്ക്ക് വിജയിപ്പിക്കുക എന്ന കോണ്‍ഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വേണുഗോപാല്‍ ആലപ്പുഴയില്‍നിന്ന് മത്സരിച്ചത്. ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഒറ്റകക്ഷിയെയാണ് രാഷ്‌ട്രപതി സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുക എന്നതുകൊണ്ട് തന്നെ കോൺഗ്രസിനും ഇന്ത്യയ്‌ക്കും വേണ്ടി കളത്തിലിറങ്ങാതിരിക്കാൻ കെ.സി.ക്ക് ആകുമായിരുന്നില്ല.
പാർലമെന്റിൽ ന്യൂനപക്ഷ അവകാശങ്ങൾക്കും, ഭരണഘടനാ സംരക്ഷണത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ഇന്ത്യയിലെ തന്നെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഇന്നദ്ദേഹം. തിരഞ്ഞെടുപ്പ് കമീഷന്റെ പക്ഷപാതിത്വം മുതൽ ഇന്ത്യയുടെ മതേതരത്വം തകർക്കാനുള്ള ബിജെപി - ആർഎസ്എസ് അജണ്ടകൾ വരെ പാർലമെന്റിനകത്തും പുറത്തും ശക്തമായി എതിർത്ത ഒരാൾ. ന്യൂനപക്ഷ പീഡനങ്ങളും തൊഴിലുറപ്പ് പദ്ധതി അട്ടിമറിയും മുതൽ മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ വരെ ലോക്സഭയിൽ നിരന്തരം അവതരിപ്പിക്കുന്ന ഒരാൾ. റോഡ് നിർമ്മാണത്തിലെ അഴിമതി മുതൽ ശബരിമല സ്വർണ്ണക്കടത്ത് വിഷയത്തിൽ വരെ ശബ്ദമുയർത്തിയ ഒരാളെ മാധ്യമങ്ങൾ കണ്ടില്ലേ?
അയാൾ എപ്പോഴും ആള്‍ക്കൂട്ടങ്ങളുടെ നായകന്‍ മാത്രമായിരുന്നില്ല; ആരവങ്ങളും ആവേശവും ബാക്കിവെക്കുന്ന ഇടപെടലുകള്‍ മാത്രമായിരുന്നില്ല. അടിസ്ഥാന വര്‍ഗ്ഗത്തെ ചേര്‍ത്തുനിര്‍ത്തി അവരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കരുതലും കാവലും കൂടിയായിരുന്നു. രാഷ്‌ട്രീയ ശത്രുക്കൾ പോലും അത് ശരി വയ്ക്കും.
രാജ്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവിൽ മരുന്ന് പുരട്ടാൻ ശേഷിയുള്ള മറ്റൊരാശയവുമായി ഒരു ശബ്ദകോലാഹലങ്ങളുമില്ലാതെ വീണ്ടും കോൺഗ്രസിനെ നെഞ്ചിലേറ്റി അയാൾ നടക്കുകയാണ്; അവകാശവാദങ്ങളില്ലാതെ.
എങ്കിലും ഒന്ന് ചോദിക്കട്ടെ, കേരളത്തിലെ കോൺഗ്രസുകാരനെയും യുഡിഎഫ് പ്രവർത്തകരെയും സംബന്ധിച്ച് ജീവന്മരണ പോരാട്ടമായ ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ കെ.സി.യുടെ പങ്ക് കാണാൻ നിങ്ങളുടെ കാഴ്ചയെ മറക്കുന്നത് എന്താണ്? കേരളത്തിലെ എല്ലാ ജില്ലയിലും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വന്നതും, രേവന്ത് റെഡ്ഡിയും സിദ്ധരാമയ്യയും സച്ചിൻ പൈലറ്റും ശിവകുമാറും ഒക്കെ ആഴ്ചകളോളം കേരളത്തിൽ ക്യാമ്പ് ചെയ്തതിനുമൊക്കെ പിന്നിൽ കെ.സി. അല്ലാതെ മറ്റാരാണ്? കഴിഞ്ഞ ദിവസം നിങ്ങൾ എസ്.ഐ.ആർ-ൽ കോൺഗ്രസ് പ്രവർത്തനം മികച്ചതാണെന്ന് പറയുന്നത് കേട്ടു. മാസങ്ങൾക്ക് മുൻപ് തന്നെ അതിനാവശ്യമായ ക്യാമ്പുകൾ നടത്തിയതും എല്ലാ ബൂത്തിലേക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പണം നൽകിയതും ഹൈക്കമാൻഡാണ്. അതിനു പിന്നിൽ ആരാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.
ഈ തിരഞ്ഞെടുപ്പിൽ ഒറ്റ വിമത സ്ഥാനാർത്ഥി പോലുമില്ലാതെ സീറ്റ് നിഷേധിക്കപ്പെട്ട മുഴുവൻ ആളുകളെയും ചേർത്തുപിടിച്ചതും സംരക്ഷിക്കുമെന്ന് ഉറപ്പ് കൊടുത്തതും കെ.സി.യാണ്. അത് കേരളം കണ്ടതാണ്.
എന്നിട്ടും ഒരു സംഘം മാധ്യമപ്രവർത്തകർ ചോദിക്കുന്നു എന്താണ് കെ.സി.യുടെ യോഗ്യതയെന്ന്. പാർട്ടി കമ്മിറ്റികളിലെ വിവരങ്ങൾ നിങ്ങളോട് രഹസ്യമായി പങ്കുവെക്കാത്തതും, എത്ര പ്രതിസന്ധിയുണ്ടായാലും വാർത്തകളിൽ നിറയാനായി പാർട്ടിയെയും പ്രവർത്തകരെയും തള്ളിപ്പറയാത്തതും നിങ്ങൾക്ക് അദ്ദേഹത്തിന്റെ അയോഗ്യതയാകാം.
അത് അയോഗ്യതയാണെങ്കിൽ ആ അയോഗ്യതയോടുകൂടിയ കെ.സി.യെയാണ് സാധാരണ പ്രവർത്തകരായ ഞങ്ങൾക്കിഷ്ടം.
കെസി വേണുഗോപാലിൻ്റെ രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ചും മാധ്യമങ്ങൾ ഉയർത്തുന്ന വിമർശനങ്ങളെക്കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താൻ മറക്കരുത്. പുതിയ രാഷ്ട്രീയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ.
Article Summary: Sudha Menon defends K.C. Venugopal against media criticism regarding his eligibility, highlighting his 50-year political career from KSU president to AICC General Secretary. She emphasises his role in the INDIA alliance, Bharat Jodo Yatra, and his strategic influence in Kerala and national politics.
#KCVenugopal #Congress #SudhaMenon #KeralaPolitics #INDIAAlliance #BharatJodoYatra #AICC #BreakingNews #Kvartha #UDF #NationalPolitics
