Criticism | റസ്റ്റോറന്റ് ഉടമ ക്ഷമാപണം നടത്തിയ സംഭവം; ജിഎസ്ടിയെ കുറിച്ചുള്ള ന്യായമായ ചോദ്യത്തെ ധനമന്ത്രി നേരിട്ട രീതി ലജ്ജാകരമാണെന്ന് സ്റ്റാലിന്‍
● ധനമന്ത്രിയോട് മാപ്പപേക്ഷിച്ച സംഭവം ദേശീയ തലത്തില്‍ വിവാദമായിരുന്നു.
● ബി.ജെ.പി തമിഴ്‌നാട് ഘടകത്തിന്റെ എക്‌സിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ചെന്നൈ: (KVARTHA) റസ്റ്റോറന്റ് ഉടമ ക്ഷമാപണം നടത്തിയതില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ (Nirmala Sitharaman) രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ (MK Stalin). ധനമന്ത്രി ജിഎസ്ടിയെ കുറിച്ചുള്ള ന്യായമായ ചോദ്യത്തെ നേരിട്ട രീതി ലജ്ജാകരമാണെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. സാഹചര്യം കൈകാര്യം ചെയ്തത് നിരാശാജനകമാണെന്നും ജനം എല്ലാം കാണുന്നുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കൂടി തമിഴ്‌നാടിന് സഹായം നല്‍കിയെന്നാണ് ധനമന്ത്രി പറഞ്ഞത്. എന്നാല്‍, ഇതുവരെ ആനുകൂല്യങ്ങളൊന്നും ധനമന്ത്രി നല്‍കിയിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. കോയമ്പത്തൂരിലെ ചെറുകിട റസ്റ്റാറന്റ് ശൃംഖലയായ അന്നപൂര്‍ണയുടെ ഉടമ ശ്രീനിവാസന്‍, ജി.എസ്.ടിയെ കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ ധനമന്ത്രി നിര്‍മല സീതാരാമനോട് മാപ്പപേക്ഷിച്ച സംഭവം ദേശീയ തലത്തില്‍ വിവാദമായിരുന്നു.
കാപ്പി, മധുരവിഭവങ്ങള്‍ തുടങ്ങി മൂന്ന് ഭക്ഷ്യ വിഭാഗങ്ങളില്‍ ജിഎസ്ടി നിരക്കുകള്‍ തുല്യമാക്കാന്‍ ശ്രീനിവാസന്‍ സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. ബണ്ണിന് ജിഎസ്ടി ഇല്ലെങ്കിലും ക്രീം നിറച്ചാല്‍ 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടി വര്‍ധിപ്പിക്കുകയാണെങ്കില്‍ എല്ലാത്തിനും വര്‍ധിപ്പിക്കണമെന്നും ചില വിഭവങ്ങള്‍ക്ക് മാത്രം വര്‍ധിപ്പിക്കുന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതായിരുന്നു ആദ്യത്തെ വീഡിയോയിലൂടെ പുറത്തുവന്നത്.
തൊട്ടുപിന്നാലെ രണ്ടാമത്തെ വീഡിയോയില്‍ കോയമ്പത്തൂര്‍ സൗത്ത് എം.എല്‍.എ വനതി ശ്രീനിവാസന്റെ സാന്നിധ്യത്തില്‍ നടന്ന സ്വകാര്യ പരിപാടിയില്‍ ശ്രീനിവാസന്‍ നിര്‍മലയോട് മാപ്പപേക്ഷിക്കുകയായിരുന്നു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും ഒന്നും പറയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞതായി ചിലര്‍ പോസ്റ്റ് ചെയ്തു.
ഇതിന്റെ വീഡിയോ ബി.ജെ.പി തമിഴ്‌നാട് ഘടകത്തിന്റെ എക്‌സില്‍ പോസ്റ്റ് ചെയ്തു. വ്യാപക വിമര്‍ശനമാണ് വിഡിയോക്കെതിരെയുണ്ടായത്. എന്തിനാണ് ഇത്തരമൊരു വിഡിയോ ബി.ജെ.പി പങ്കുവെച്ചത് എന്നായിരുന്നു പ്രധാന ആക്ഷേപം. ചെറുകിട കച്ചവടക്കാരുടെ അഭ്യര്‍ഥനകള്‍ അഹങ്കാരത്തോടെയും ബഹുമാനമില്ലാതെയുമാണ് ധനമന്ത്രി പരിഗണിക്കുന്നതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.
ഇതോടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതില്‍, ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ ഇന്നലെ മാപ്പ് ചോദിച്ചിരുന്നു. വിഷയത്തില്‍ താന്‍ വ്യവസായിയായ ശ്രീനിവാസനുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്‍ തമിഴ്നാടിന്റെ ബിസിനസ്സ് സമൂഹത്തിന്റെ അഭിമാനമാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു.
#GSTControversy, #MKStalin, #NirmalaSitharaman, #TamilNaduPolitics, #Coimbatore, #BJP