Election Outlook | ഷോൺ ജോർജ് മത്സരിച്ചാൽ പാലായിൽ ജോസ് കെ മാണി ജയിക്കാൻ സാധ്യത 

 
Political analysis on Shawn George and Jose K. Mani's Pala election prospects
Watermark

Photo Credit: Facebook/ Jose K Mani, Shone George

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പാലായിൽ നിലവിലെ എം.എൽ.എ മാണി സി കാപ്പൻ ഉണ്ട്. അദ്ദേഹം ജോസ് കെ മാണിയ്ക്കു വേണ്ടി സീറ്റൊഴിഞ്ഞു കൊടുക്കാൻ തയ്യാറായെന്ന് വരില്ല. 
● മാണി സി കാപ്പന് പാലായിൽ രാഷ്ട്രീയത്തേക്കാളുപരി വ്യക്തിപരമായി വോട്ടുണ്ട്. 
● ബിഷപ്പും പള്ളീലച്ചന്മാരും ഒന്നിച്ച് എൽ.ഡി.എഫിനെതിരെ ഇറങ്ങിയിട്ടും വിജയം എൽ.ഡി.എഫിനായിരുന്നു എന്നതാണ് സത്യം. 

മിൻ്റാ മരിയാ തോമസ്

(KVARTHA) വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി പാലായിൽ മത്സരിക്കുമോ? അതോ മറ്റ് വല്ല മണ്ഡലത്തിലുമാകുമോ? അങ്ങനെയെങ്കിൽ ജോസ് കെ മാണി ഏത് മുന്നണിയുടെ ഭാഗമായാകും മത്സരിക്കുന്നത്?, തുടങ്ങിയ ചർച്ചകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും മറ്റും സജീവമായി നടക്കുന്നത്. ജോസ് കെ മാണി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ എത്തുമെന്നുള്ള വാർത്തകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാക്കൾ ആരും തന്നെ ഇത് നിഷേധിക്കുന്നുമില്ല. 

Aster mims 04/11/2022

ജോസ് കെ മാണി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ എത്തിയാൽ അവിടെ യു.ഡി.എഫ് സ്ഥാനാർഥിയാകുക പ്രയാസമുള്ള കാര്യമാണ്. പാലായിൽ നിലവിലെ എം.എൽ.എ മാണി സി കാപ്പൻ ഉണ്ട്. അദ്ദേഹം ജോസ് കെ മാണിയ്ക്കു വേണ്ടി സീറ്റൊഴിഞ്ഞു കൊടുക്കാൻ തയ്യാറായെന്ന് വരില്ല. അഥവാ കാപ്പനെ എതിർത്തുകൊണ്ട് യു.ഡി.എഫ് ജോസ് കെ മാണിയ്ക്ക് പാലാ സീറ്റ് നൽകിയാൽ മാണി.സി.കാപ്പൻ എൽ.ഡി.എഫ് പിന്തുണയോടെ പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായെന്നിരിക്കും. ഇതും പാലായിൽ ജോസ്.കെ.മാണിയുടെ വിജയത്തിന് ഭീഷണിയാണ്. 

മാണി സി കാപ്പന് പാലായിൽ രാഷ്ട്രീയത്തേക്കാളുപരി വ്യക്തിപരമായി വോട്ടുണ്ട്. ഇത് കണ്ണടച്ച് നിഷേധിക്കാവുന്ന ഒന്നല്ല. ജോസ് കെ മാണിയുടെ പിതാവ് സാക്ഷാൽ കെ.എം.മാണി മത്സരിക്കുമ്പോൾ പോലും മാണി സാറിനെ വിറപ്പിച്ചു വിട്ട പാരമ്പര്യമാണ് പാലായിൽ മാണി സി കാപ്പനുള്ളത്. അതുകൊണ്ട് മാണി സി കാപ്പൻ ഉള്ളിടത്തോളം കാലം ജോസ് കെ മാണിയ്ക്ക് പാല ഒരു സുരക്ഷിതമണ്ഡലം എന്ന് പറയാൻ പറ്റില്ല. എന്നാൽ പകരം മറ്റൊരു മണ്ഡലം തേടുന്നത് ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിൻ്റെ പ്രശ്നം കൂടിയാകും. 

ജോസ് കെ മാണി യു.ഡി.എഫിൽ എത്തിയാൽ മുസ്ലിംലീഗ് തങ്ങളുടെ കൈവശം വെച്ചിരിക്കുന്ന തിരുവമ്പാടി സീറ്റ് വിട്ടു നൽകാൻ തയാർ ആണെന്ന് പറയുന്നു. അതിൻ്റെ നിജസ്ഥിതി എത്രമാത്രം ഉണ്ടെന്നൊന്നും പറയാൻ സാധിക്കുന്നതല്ല. തിരുവമ്പാടി സീറ്റിൽ ജോസ് കെ മാണി ജയിക്കുകയും യു.ഡി.എഫ് അധികാരത്തിൽ എത്തുകയും ചെയ്താൽ മന്ത്രിയാകാൻ കഴിയും എന്ന ഫോർമുലയാണ് ഉരിത്തിരിയുന്നത്. പക്ഷേ, ക്രിസ്ത്യൻ സമുദായത്തിനും മുസ്ലിം സമുദായത്തിനും ഒരുപോലെ മുൻ തൂക്കമുള്ളതാണെങ്കിൽ പോലും കാലാകാലങ്ങളായി എൽ.ഡി.എഫിനെയും വിജയിപ്പിക്കുന്ന മണ്ഡലം കൂടിയാണ് തിരുവമ്പാടി. 

സിപിഎമ്മിലെ പ്രമുഖനായ നേതാവ് മത്തായി ചാക്കോ അന്തരിച്ചപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച് സി.പി.എമ്മിലെ ജോർജ് എം തോമസ് വിജയിച്ച മണ്ഡലമാണ് തിരുവമ്പാടി. ബിഷപ്പും പള്ളീലച്ചന്മാരും ഒന്നിച്ച് എൽ.ഡി.എഫിനെതിരെ ഇറങ്ങിയിട്ടും വിജയം എൽ.ഡി.എഫിനായിരുന്നു എന്നതാണ് സത്യം. അങ്ങനെയൊരു സ്ഥലത്ത് ജോസ് കെ മാണി മത്സരിച്ചാൽ സ്ഥിതി എന്താകും. ഫലം മറിച്ചായാൽ അത് കേരളാ കോൺഗ്രസിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം.. പിന്നെ എന്തുകൊണ്ട് പാലായിൽ ജോസ് കെ മാണിയ്ക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കൂടാ. 

അവിടെ പി സി ജോർജിൻ്റെ മകൻ ഷോൺ ജോർജ് ബി.ജെ.പി സ്ഥാനാർത്ഥിയായി വന്നാൽ ജോസ് കെ മാണിയ്ക്ക് പാലായിൽ കാപ്പനെ മറികടന്ന് വിജയിക്കാൻ പ്രയാസമുണ്ടാകില്ലെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. പി.സി ജോർജും മകൻ ഷോൺ ജോർജും ഇപ്പോൾ ബി.ജെ.പി പാളയത്തിൽ ആണ്. ഇവർ രണ്ടുപേരും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികളാകുമെന്ന് കാര്യം തീർച്ചയാണ്. പി.സി ജോർജ് പൂഞ്ഞാറിൽ തന്നെയാകും മത്സരിക്കുക, ഷോൺ ജോർജ് കാഞ്ഞിരപ്പള്ളിയിലോ പാലായിലോ മത്സരിക്കുമെന്നാണ് പറഞ്ഞു കേൾക്കുന്നത്. 

ഷോൺ പാലായിൽ ബി.ജെ.പി സ്ഥാനാർത്ഥിയായാൽ നല്ലൊരു വോട്ട് പിടിക്കുമെന്നാണ് പാർട്ടി കരുതുന്നത്. ഹൈന്ദവ ക്രൈസ്തവ വോട്ടുകളിലാവും ഷോൺ വിള്ളലുണ്ടാക്കുക. ഇത് യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പനെയാകും ബാധിക്കുക. പാലായിൽ ശക്തനായ ഒരു ബി.ജെ.പി സ്ഥാനാർത്ഥി വന്നാൽ ഫലം എൽ.ഡി.എഫിന് അനുകൂലമാകാൻ എളുപ്പമാണ്. ചെങ്ങന്നൂരും വട്ടിയൂർക്കാവും ഒക്കെ ഉദാഹരണം. ശക്തനായ ബി.ജെ.പി സ്ഥാനാർത്ഥി ഈ മണ്ഡലങ്ങളിൽ വരുന്നതുവരെ ഈ മണ്ഡലങ്ങൾ യു.ഡി.എഫിൻ്റെ കൈകളിലായിരുന്നു വളരെക്കാലം. 

ഇവിടെ ശക്തനായ ബി.ജെ.പി സ്ഥാനാർത്ഥികൾ മത്സരിക്കാനെത്തിയപ്പോൾ ഫലം എൽ.ഡി.എഫിന് അനുകൂലമായി. ഇത് തന്നെയാകും പാലായിലും സംഭവിക്കുക. ഷോൺ ജോർജിനെ പോലെയൊരു ശക്തനായ ബി.ജെ.പി സ്ഥാനാർത്ഥി പാലായിൽ മത്സരിക്കാൻ എത്തിയാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം എൽ.ഡി.എഫിന് അനൂകൂലമാകാനും സാധ്യതയുണ്ട്. ജോസ് കെ മാണിയെ സംബന്ധിച്ച് ഒരു ഉയർത്തെഴുന്നേൽപ്പിനുള്ള തെരഞ്ഞെടുപ്പാകും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ്.

#JoseKMani #ShawnGeorge #PalaElection #BJP #UDF #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia