Criticism | ശശി തരൂർ അതൊക്കെ പറയുമ്പോൾ മനസ്സിലാക്കുക, ഇവിടെ എൽഡിഎഫും യുഡിഎഫും ഒന്നാണ്; ഇനി യഥാർത്ഥ പ്രതിപക്ഷമാകുക ബിജെപിയോ?


● ശശി തരൂർ കേരള സർക്കാരിന്റെ വ്യാവസായിക വളർച്ച പ്രശംസിച്ചു.
● ഇടത് വലത് മുന്നണികളുടെ നയങ്ങൾ പലതും കാലഹരണപ്പെട്ടു
● കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ അനിവാര്യമാണ്
ഹന്നാ എൽദോ
(KVARTHA) ശശി തരൂർ കഴിഞ്ഞ ദിവസം കേരളത്തിലെ സർക്കാരിനെ പുകഴ്ത്തി സംസാരിക്കുകയുണ്ടായി. കേരളത്തിലെ വ്യാവസായിക രംഗത്തെ വളർച്ചയൊന്നും കണ്ടില്ലെന്ന് നടിക്കരുതെന്നാണ് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചത്. നല്ലത് കണ്ടാൽ അത് തുറന്ന് പറയുക തന്നെ ചെയ്യുമെന്നും തെറ്റായ പ്രവണത കണ്ടാൽ അത് ചൂണ്ടിക്കാട്ടുമെന്ന് തരൂർ സൂചിപ്പിക്കുകയുണ്ടായി. എന്തിനെയും ഏതിനെയും കണ്ണടച്ച് എതിർക്കുന്ന പ്രതിപക്ഷ സമീപനത്തെയാണ് അദ്ദേഹം വാക്കുകളിൽ സൂചിപ്പിച്ചത്. തരൂർ ഈ പറഞ്ഞതിൽ ചില സത്യങ്ങൾ ഉറങ്ങി കിടക്കുന്നില്ലേയെന്ന് ചിന്തിക്കുന്നവരാണ് കേരളത്തിലെ പൊതുജനങ്ങളിൽ അധികവും.
നല്ല കാര്യങ്ങൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ ചെയ്യുമ്പോൾ സ്വന്തം പാർട്ടിയുടെ ഇമേജ് നഷ്ടപ്പെടുമെന്ന് കരുതി സംഗതി ശരിയാണെങ്കിൽ കൂടി നല്ല കാര്യങ്ങളെ കണ്ണടച്ച് എതിർക്കുന്ന പ്രതിപക്ഷ രീതി കാലഹരണപ്പെട്ടതും തിരുത്തപ്പെടേണ്ടതുമാണ്. ഇല്ലെങ്കിൽ വളർന്നു വരുന്ന പുതുതലമുറയ്ക്ക് അത് ഉൾക്കൊള്ളാനായെന്ന് വരില്ല. പാർട്ടിയിൽ നിന്ന് അണികൾ അകന്നുപോയെന്നിരിക്കും. ഈ യാഥാർത്ഥ്യമാണ് തരൂർ തൻ്റെ പ്രസ്താവനയിൽ ബോധിപ്പിച്ചത്. തരൂർ ഇവിടെയുള്ള മറ്റ് കോൺഗ്രസ് നേതാക്കളെക്കാൾ അധികം ലോകം കണ്ടിട്ടുള്ളതും ഒരോ രാജ്യത്തെ സംസ്ക്കാരങ്ങളെക്കുറിച്ചും അടുത്ത് അറിഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ്.
ഒരു രാഷ്ട്രീയക്കാരൻ എന്ന വേഷത്തേക്കാൾ ഉപരി തരൂരിന് ചേരുക ഒരു അറിവുള്ള പണ്ഡിതൻ എന്ന നിലയിലായിരിക്കും. ആ തലത്തിൽ നിന്നാണ് തരൂർ സംസ്ഥാന സർക്കാരുകൾ ചെയ്യുന്ന നല്ല കാര്യങ്ങളെയും മോദിയെ പറ്റിയും ഉള്ളു തുറന്ന് സംസാരിച്ചത്. ഇന്ന് നല്ലതിനെ അടിച്ച് ആക്ഷേപിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് ഉള്ള പിന്തുണ കൂടി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. പഴയതിൽ നിന്ന് നേതൃതലങ്ങളിലൊക്കെ ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങിയെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. അതിനെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമല്ല. അതായിരിക്കാം തരൂർ തൻ്റെ ദീർഘവീക്ഷണത്തിൽ ചൂണ്ടിക്കാട്ടിയത്.
അതിനെ കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുന്നതിന് പകരം തരൂരിനെ കൂട്ടത്തോടെ ആക്രമിക്കുന്നത് തെറ്റായ പ്രവണത തന്നെയാണ്. അത് സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിയുടെ നാശത്തിനാകും വഴി തെളിക്കുക. ശശി തരൂരിനെതിരെ വാളെടുക്കുന്നവർ, സോണിയാ ഗാന്ധിയെ ഒരിക്കൽ മദാമ്മയെന്നും വിളിച്ചവരും കോൺഗ്രസിലെ സീനിയർ നേതാവ് അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേൽ എന്ന് വിളിച്ചവരും ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിലുണ്ടെന്ന് ഓർക്കുക. കഴിഞ്ഞ എ.ഐ.സി.സി തെരഞ്ഞെടുപ്പിൽ 84 കാരനായ മല്ലികാർജുൻ ഖാർഗെയോട് തോറ്റിട്ടും തരൂർ ഒരു കോൺഗ്രസ് നേതാവിനെയും ആക്ഷേപിക്കാനും പാർട്ടിക്ക് ദോഷം ചെയ്യുന്ന പ്രവർത്തികൾ ചെയ്യാൻ തുനിഞ്ഞില്ലെന്നും ഓർക്കണം.
ഇപ്പോഴും കോൺഗ്രസ് പാർട്ടിയുടെ നന്മയ്ക്ക് വേണ്ടി പലതും പറഞ്ഞു കൊണ്ടിരിക്കുന്നു. അത് മനസ്സിലാക്കാനുള്ള വിവേകമാണ് കോൺഗ്രസ് നേതൃത്വത്തിന് വേണ്ടത്. കേന്ദ്രത്തിൽ കോൺഗ്രസും സി.പി.എമ്മും ഒന്നാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്. സി.പി.എം കാലാകാലങ്ങളായി ലോക്സഭയിൽ കൈ പൊക്കി കൊണ്ടിരിക്കുന്നത് കോൺഗ്രസിന് തന്നെയാണ്. ആ രീതിയിൽ നോക്കിയാൽ തരൂർ ഇവിടുത്തെ സർക്കാരിനെ ഒന്ന് പുകഴ്ത്തി സംസാരിച്ചത് എങ്ങനെ എന്തോ വലിയ അപരാധം ആകും. അങ്ങനെയെങ്കിൽ ദേശീയ തലത്തിൽ കോൺഗ്രസ് സി.പി.എമ്മിൻ്റെ പിന്തുണ തേടുകയും അരുത്.
കോൺഗ്രസിലെ മുതിർന്ന രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എൽഡിഎഫിനെ വാനോളം പുകഴ്ത്തി സംസാരിക്കുമ്പോൾ നമുക്ക് ഒരു കാര്യം തീരുമാനിക്കാം ഇവിടെ എൽഡിഎഫും യുഡിഎഫും ഒന്നാണ് എന്ന്. മറിച്ച്, ഇവിടുത്തെ പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ എന്തു ചെയ്യുന്നു. അവർ എതിർക്കേണ്ട പല വിഷയങ്ങളിലും സംസ്ഥാന സർക്കാരിനെ എതിർക്കുന്നതിന് പകരം മിണ്ടാ നയം തുടരുകയും ചെയ്യുന്നു. കേരളത്തിലെ ഇപ്പോൾ പ്രതിപക്ഷം ഉണ്ടോ എന്ന് ചോദിക്കുന്നവർ പോലും ധാരാളം ഉണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു, വൈദ്യുതി ചാർജ് കൂട്ടി, വെള്ളക്കരം കൂട്ടി. ഭൂമിയുടെ കരം കൂട്ടി, വീടിന്റെ കരം കൂട്ടി, എല്ലാ രീതിയിലും ജനങ്ങൾ പ്രയാസപ്പെടുമ്പോഴും സർക്കാരിനെതിരെ ഒരു സമരം നടത്തുവാനോ സമരപ്പന്തൽ കെട്ടുവാനോ കേരളത്തിലെ യുഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കോൺഗ്രസിന്റെ ധർണകൾ ഇല്ല. സമ്മേളനങ്ങൾ ഇല്ല. നിയമസഭയിലെ ആരെങ്കിലും ഒന്നോ രണ്ടോ എംഎൽഎമാർ ചിലപ്പോൾ സംസാരിച്ചെങ്കിൽ ആയി സംസാരിച്ചില്ലെങ്കിൽ ആയി. എന്തായാലും ഈ അധഃപതനമാണ് കേരളത്തിലെ യു.ഡി.എഫിൽ ഇപ്പോൾ കാണുന്നത്. അതിന് തരൂരിനെ മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. പശ്ചിമ ബംഗാളിൽ സംഭവിച്ചതുപോലെ അധികം താമസിയാതെ തന്നെ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് ഇലക്ഷനെ നേരിടാനുള്ള സാഹചര്യം വിദൂരത്തല്ല. ഇവരുടെ മുഖ്യ ശത്രുപാർട്ടിയായി ബി.ജെ.പി വൈകാതെ രംഗ പ്രവേശം ചെയ്യുകയും ചെയ്യും. വൈകാതെ അവർ പ്രതിപക്ഷത്ത് വന്നെന്നും ഇരിക്കും. തുടർന്ന് അധികാരവും അവർ പിടിക്കുന്ന കാലവും വിദൂരത്താവില്ല.
ഇങ്ങനെ പോയാൽ ഇതാകും കേരള രാഷ്ട്രീയത്തിൽ സംഭവിക്കാൻ പോകുന്നത്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും നാമാവശേഷമാകുന്നതോടെ ഇന്ത്യയിൽ ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്ന കോൺഗ്രസ് മുക്ത ഭാരതം പൂർത്തിയാകുകയും ചെയ്യും. പുതിയ മാറ്റങ്ങൾ പുതിയ ചിന്തകൾ എൽ.ഡി.എഫിനും യു.ഡി.എഫിനും ജനങ്ങളുടെ മുൻപിൽ വെയ്ക്കാൻ സാധിച്ചില്ലെങ്കിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളാണ് സൂചിപ്പിച്ചത്. എല്ലാം കാത്തിരുന്ന് കാണാം.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കൊടുത്ത് കമന്‍റ് ചെയ്യുക.
Shashi Tharoor criticizes the outdated approach of opposition politics in Kerala, highlighting the need for constructive engagement and political renewal.
#ShashiTharoor #KeralaPolitics #Opposition #Congress #BJP #PoliticalReform