Politics | താടിയുള്ള അപ്പനെ പേടിയോ? ശശി തരൂരിന് മുൻപിൽ മുട്ടുവിറയ്ക്കുന്ന കോൺഗ്രസിന് വീണ്ടും അഗ്നിപരീക്ഷകൾ; കുളം കലക്കി മീൻ പിടിക്കാൻ തരൂർ

 
Shashi Tharoor's Controversial Stances Cause Uproar in Congress
Shashi Tharoor's Controversial Stances Cause Uproar in Congress

Photo Credit: Facebook/Shashi Tharoor

● പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ തരൂരിനെ തള്ളിപ്പറഞ്ഞു രംഗത്തെത്തി 
● സുധാകരൻ തരൂരിനെതിരെ മൗനം പാലിച്ചു, സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു
● സിപിഎം തരൂരിന്റെ പരാമർശങ്ങൾ രാഷ്ട്രീയ ആയുധമാക്കുന്നു.

ഭാമനാവത്ത് 

(KVARTHA) വിശ്വപ്രസിദ്ധ എഴുത്തുകാരനും ഐക്യരാഷ്ട്ര സഭാ മുൻ ഉദ്യോഗസ്ഥനും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ കോൺഗ്രസ് നേതൃത്വത്തിന് വീണ്ടും തീരാ തലവേദനയായിരിക്കുകയാണ്. ഡൽഹി തെരഞ്ഞെടുപ്പിലെ സമ്പൂർണ തോൽവിക്ക് ശേഷം പാർട്ടി നിലപാടുകൾ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്‍റെ നിലപാടിൽ സംസ്ഥാന കോൺഗ്രസിലും ഭിന്നതയുണ്ട്. തരൂരിനെ ഒട്ടും വിമർശിക്കാതെ വ്യവസായ മന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞുള്ള കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെയാണ് ഭിന്നത രൂക്ഷമായത്. 

ശക്തമായ ഭാഷയിൽ തരൂരിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യു ഡി എഫ് കൺവീന‍ർ എം എം ഹസനുമടക്കം രംഗത്തെത്തിയപ്പോൾ കെ സുധാകരൻ ഉൾപ്പെടെയുള്ള ചില നേതാക്കൾ മൗനത്തിലുമാണ്. എന്നാൽ വ്യക്തിപരമായി അഭിപ്രായം പറയണമെങ്കിൽ തരൂർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം രാജിവെക്കണമെന്നായിരുന്നു ഹസനടക്കമുള്ളവർ പറഞ്ഞത്. മറുവശത്ത് തരൂരിന്റെ പ്രശംസ പിടിവള്ളിയാക്കി മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കൾ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും യു ഡി എഫിലെ തലവേദനയുടെ ആക്കം കൂട്ടുകയാണ്.

എഐസിസി അംഗം കൂടിയായ തരൂർ താൻ ഇരിക്കുന്ന ഘടകത്തിൻ്റെ നിലപാട് തള്ളി കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് പ്രശംസ നൽകിയത്. സ്വന്തം പാർട്ടിയുടെ പ്രതിപക്ഷ പ്രചാരണം തള്ളി കേരളത്തിൽ സ്റ്റാർട്ടപ്പ്  വ്യവസായ നയത്തിനെയും ഇന്ത്യൻ എക്സ്പ്രസിലെഴുതിയ ലേഖനത്തിൽ പുകഴ്ത്തുന്നുണ്ട്. ഇതിലൂടെ ഹൈക്കമാൻഡിനെയും കെപിസിസിയെയും ഒരുപോലെ വെട്ടിലാക്കിയിട്ടും ശശി തരൂരിനെതിരായ തുടർനടപടിയിൽ കെപിസിസി നേതൃത്വം ഇരുട്ടിൽ തപ്പുകയാണ്.

പാർട്ടിയെ പരുങ്ങലിലാക്കിയത് പ്രവർത്തക സമിതി അംഗമായതിനാൽ പന്ത് ഡൽഹി കോർട്ടിലെന്നാണ് കെ പി സി സി നേതൃത്വത്തിന്‍റെ വാദം. അച്ചടക്കലംഘനത്തിന് വിട്ടുവീഴ്ചയില്ലാതെ സെമികേഡർ പറഞ്ഞ് വാളോങ്ങുന്ന കെ പി സി സി അധ്യക്ഷൻ തരൂരിനോടുള്ള മൃദുസമീപനവും ചർച്ചയായിട്ടുണ്ട്. ശശി തരൂരിനെ ഒരു വരി കുറ്റപ്പെടുത്താതെയാണ് കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വാർത്താകുറിപ്പ് ഇറക്കിയത്. വിമർശനം മുഴുവൻ തരൂർ പുകഴ്ത്തിയ ഇടത് സർക്കാരിന്‍റെ വ്യവസായിക മേഖലയിലെ അവകാശവാദങ്ങൾക്കെതിരെ മാത്രമായിരുന്നു സുധാകരൻ ഉന്നയിച്ചത്. 

കോഴിക്കടകളും പൂട്ടിപ്പോയ കടകളും ചേർത്താണ് വ്യവസായമന്ത്രിയുടെ കണക്കെന്നും പരിഹസിച്ചു. സുധാകരനെ മാറ്റണമെന്ന ആവശ്യത്തെ ശക്തമായി പ്രതിരോധിച്ചതിനുള്ള തരൂരിനോടുള്ള കടപ്പാടാണോ ഇതെന്നാണ് പാ‍ർട്ടിയിലെ എതിർവിഭാഗത്തിൻ്റെ ചോദ്യം. എന്നാൽ കെ സുധാകരൻ അയഞ്ഞെങ്കിലും പ്രതിപക്ഷനേതാവ് അടക്കമുള്ള ബഹൂഭൂരിപക്ഷവും തരൂർ പരിധിവിട്ടെന്ന അഭിപ്രായക്കാരാണ്. പാർട്ടിയിൽ പുതുചേരിക്ക് ശ്രമിച്ചപ്പോൾ തരൂരിനെ പിന്തുണച്ച എം കെ രാഘവൻ അടക്കമുള്ള നേതാക്കളും പുതിയ വിവാദത്തിൽ തരൂരിനൊപ്പമില്ലെന്നതും ശ്രദ്ധേയമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാറിന് കിട്ടിയ നമ്പർ വൺ വികസന പ്രചാരണായുധമായി തരൂർ പ്രശംസയെന്നതാണ് ഇതിന്‍റെ മറുവശം.

തരൂരിനെ പുകഴ്ത്താനും പ്രതിപക്ഷത്തെ കുത്താനും മത്സരിക്കുകയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇടത് നേതാക്കൾ. അതേസമയം പ്രധാനമന്ത്രിമോദി - ട്രംപ് കൂടിക്കാഴ്ചയെ കുറിച്ചുള്ള തരൂർ പ്രശംസയിൽ സി പി എം ഇതുവരെയും മിണ്ടിയിട്ടുമില്ല. ഇതു ഇരട്ടതാപ്പല്ലെയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കുന്ന അമേരിക്കൻ അനുകൂല വിദേശനയങ്ങളെ പല്ലും നഖവും ഉപയോഗിച്ചു പാർലമെൻ്റിലും പുറത്തും എതിർക്കുകയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്. ഇതിനിടെയിലാണ് സ്വന്തം പാളയത്തിൽ നിന്നും നരേന്ദ്ര മോദി പ്രശംസ വരുന്നത്. 

അതുപോലെ രണ്ടാം ഘട്ടവും അധികാരത്തിന് പുറത്ത് കേരളത്തിൽ ഇരിക്കേണ്ടി വന്ന പാർട്ടിയാണ് കോൺഗ്രസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപിന് ഇനി രണ്ടു വർഷം മാത്രമേയുള്ളു. ഈ സാഹചര്യത്തിലാണ് മൂന്നാമതും കേരളം ഭരിക്കുമെന്ന് പ്രതീക്ഷിക്കുന്ന പിണറായി വിജയനെയും സർക്കാരിനെയും തരൂർ വാരിപ്പുണരുന്നത്. സ്വന്തം ക്യാംപിൽ ഉഗ്രശേഷിയുള്ള ബോംബ് പൊട്ടിച്ചിരിക്കുകയാണ് വിശ്വപൗരൻ. അതിൽ എന്തെങ്കിലും പ്രത്യേക ലക്ഷ്യങ്ങളുണ്ടോയെന്ന കാര്യം വരും നാളുകളിൽ അറിയാം. എന്നാൽ പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചിട്ടു പോലും ചെറുവിരൽ അനക്കാൻ കഴിയാത്ത കോൺഗ്രസ് ദേശീയ നേതൃത്വം ദയനീയമായ കാഴ്ചകളിലൊന്നാണ്. താടിയുള്ള അപ്പനെ പേടിയാണ് ഇവർക്കും.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Shashi Tharoor's controversial stances, including praising PM Modi and the Kerala government's policies, have created a divide within the Kerala Congress. While some leaders have criticized him, others remain silent, and the CPM is using his statements to attack the Congress.

#ShashiTharoor, #Congress, #KeralaPolitics, #Controversy, #IndiaPolitics, #CPM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia