Defection | പാര്‍ട്ടിയില്‍ അഴിമതിയെന്ന് ആരോപിച്ച് ഐഎൻഎൽ വിട്ട ഷമീർ പയ്യനങ്ങാടി സിപിഎമ്മിലേക്ക്; സ്വന്തം ഘടകകക്ഷിയുടെ മുൻ നേതാവിനെ സ്വീകരിച്ചതിൽ വിയോജിച്ച് ഐഎൻഎൽ പ്രവർത്തകർ


● സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ വരവേൽപ്
● സിപിഎം ജില്ലാ സെക്രട്ടറി വി പി അനിൽ ഷാളണിയിച്ച് സ്വീകരിച്ചു
● നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചാണ് പാർട്ടി വിട്ടത്.
മലപ്പുറം: (KVARTHA) ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹ്‌മദ് ദേവർകോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി ഖാസിം ഇരിക്കൂറും അഴിമതി നടത്തുകയാണെന്ന് ആരോപിച്ച് പാർട്ടി വിട്ട അഡ്വ. ഷമീർ പയ്യനങ്ങാടി സിപിഎമ്മിലേക്ക്. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് ജില്ലാ സെക്രട്ടറി വി പി അനിൽ ഷാളണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായിരുന്ന ഷമീർ, എംഎസ്എഫ് തിരൂർ മണ്ഡലം പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം നൽകാൻ 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിർമ്മിച്ചിട്ടില്ലെന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചാണ് ഒരു മാസം മുമ്പ് അഡ്വ. ഷമീർ പാർട്ടി വിട്ടത്. ഇക്കാര്യം സംസ്ഥാന പ്രവർത്തക സമിതിയിൽ ചോദിച്ചതിന് തന്നെ കയ്യേറ്റം ചെയ്തെന്നും അഹ്‌മദ് ദേവർകോവിലും ഖാസിം ഇരിക്കൂറും പാർട്ടിയെ ഉപയോഗിച്ച് കോടികൾ സമ്പാദിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
അഴിമതി മറച്ചുവെയ്ക്കാൻ ഇരുവരും പാർട്ടി പ്രവർത്തകർക്കിടയിൽ വർഗീയ നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ച അദ്ദേഹം പാർട്ടിക്ക് മന്ത്രിസ്ഥാനം ഉണ്ടായിരുന്ന കാലയളവിൽ നടത്തിയ അഴിമതികൾ തെളിവുകളോടെ പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് ഷമീർ പയ്യനങ്ങാടിയുടെ സിപിഎമ്മിലേക്കുള്ള പുതിയ രാഷ്ട്രീയ പ്രവേശനം.
അതേസമയം, ഷമീറിനെ സിപിഎം സ്വീകരിച്ചതിൽ ഐഎൻഎൽ അനുഭാവികൾ ദേശാഭിമാനിയുടെ ഫേസ്‌ബുക് പേജിലടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം പ്രകടിപ്പിച്ചു. ഒരു മാസം മുമ്പ് ഐഎൻഎൽ പുറത്താക്കിയ ഒരാളെ എൻവൈഎൽ സംസ്ഥാന പ്രസിഡന്റ് എന്ന് പറഞ്ഞു സ്വീകരിക്കുന്നത് ശരിയല്ലെന്നും എൽഡിഎഫ് ഘടകകക്ഷിയുടെ നേതാവ് കൂടിയായ ഐഎൻഎൽ നേതാക്കൾക്കെതിരെയാണ് ഇയാൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചതെന്നും പാർട്ടി പ്രവർത്തകർ പറയുന്നു.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Former INL leader Shameer Payyanangadi has joined the CPM after alleging corruption against INL leaders. He had accused them of misappropriating funds and using communal politics. INL members have protested the CPM's acceptance of Shameer.
#INL, #CPM, #Defection, #CorruptionAllegations, #KeralaPolitics, #ShameerPayyanangadi