Investigation | മാസപ്പടി കേസിൻ്റെ അന്തിമ റിപ്പോർട്ട് എസ്എഫ്ഐഒ സമർപ്പിക്കുന്നു; സിപിഎമ്മിനെയും സർക്കാരിനെയും തേടി വരാനിരിക്കുന്നത് തീയോ പുകയോ?

 
SFIO Investigation
SFIO Investigation

Photo Credit: Website/ Serious Fraud Investigation Office

● എസ്എഫ്ഐഒ അന്വേഷണം അവസാന ഘട്ടത്തിൽ
● രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട്
● മാസപ്പടി കേസ് വീണ്ടും സജീവമാകുന്നു

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) സംസ്ഥാന രാഷ്ട്രീയത്തെ വീണ്ടും പിടിച്ചു കുലുക്കാൻ മാസപ്പടി കേസ് സജീവമാകുന്നു. കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ നേതൃത്വം നൽകുന്ന എക്സാലോജിക്ക് സൊല്യൂഷൻസ് ലിമിറ്റഡ് കമ്പനി സേവനമെന്ന പേരിൽ കോടികൾ കോഴ വാങ്ങിയെന്നാണ് ആരോപണം. വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയായഎസ്എഫ്ഐഒ നടത്തുന്ന അന്വേഷണം അവസാന ഘട്ടത്തിലാണ്.

സർക്കാർ അനുമതി നൽകിയാൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നും, രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നൽകുമെന്നുമാണ് എസ്എഫ്ഐഒ അധികൃതർ അറിയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ എസ്എഫ്ഐഒ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ആദായ നികുതി സെറ്റിൽമെൻ്റ് കമ്മീഷന്‍റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും സ്വതന്ത്ര അന്വേഷണമാണ് നടന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണോ വേണ്ടയോയെന്നത് കേന്ദ്രം തീരുമാനിക്കും. സിഎംആർഎല്ലിൻ്റെ ഹർജി തള്ളണമെന്നും എസ്എഫ്ഐഒയുടെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നേരത്തെ ഡല്‍ഹി ഹൈകോടതിയില്‍ ഹര്‍ജി നൽകിയിരുന്നു. നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും രേഖകള്‍ കൈമാറാനാകില്ലന്നും സിഎംആര്‍എല്‍ അറിയിച്ചിരുന്നു.

സി എം ആർ എൽ വീണാ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017- 20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയായിരുന്നു. മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയാണ് ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചത്. 

സിഎംആര്‍എല്ലില്‍നിന്ന് കൈപ്പറ്റിയ പണത്തിന് വീണ ഐ ജി എസ് ടി അടച്ചതായി നികുതി വകുപ്പിന്‍റെ കണ്ടെത്തലും പുറത്ത് വന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ വിവാദം ഉയരുമ്പോഴും രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാടാണ് നടന്നതെന്ന വാദമാണ് സിപിഎം ഉയർത്തുന്നത്. ഇതിനായി നിയമപരമായി നികുതി അടച്ചിട്ടുണ്ടെന്നും പാർട്ടി നേതൃത്വം ചൂണ്ടിക്കാണിക്കുന്നുണ്ട്. പാർട്ടി പി ബി അംഗവും ഇൻഡ്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ മകൾ മാസപ്പടി കേസിൽ കുടുങ്ങിയത് ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു.

#SFIO, #KeralaPolitics, #CMFamily, #InvestigationReport, #PoliticalAllegation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia