Accusation | 'അഴിമതിയും കള്ളക്കച്ചവടവും ഇല്ലെന്ന് പറയുന്ന അജിത് കുമാര്‍ 12,000 സ്‌ക്വയര്‍ ഫീറ്റില്‍ കവടിയാറില്‍ കൊട്ടാരം പണിയുന്നു'; ഗുരുതര ആരോപണങ്ങളുമായി വീണ്ടും പി വി അന്‍വര്‍
മലപ്പുറം: (KVARTHA) എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ (ADGP MR Ajith Kumar) വീണ്ടും ഗുരുതര ആരോപണങ്ങളുമായി വീണ്ടും പി.വി. അന്‍വര്‍ എം.എല്‍.എ (PV Anvar MLA). തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിന് സമീപം അജിത് കുമാര്‍ 12,000 സ്‌ക്വയര്‍ ഫീറ്റില്‍ 'കൊട്ടാരം' പണിയുന്നുവെന്ന് പി.വി. അന്‍വര്‍ വാര്‍ത്തസമ്മേളനത്തില്‍ (Press Conference) ആരോപിച്ചു. ഒരു അഴിമതിയും കള്ളക്കച്ചവടവും ഇല്ലെന്ന് പറയുന്ന പൊലീസ് ഓഫിസറാണ് ഇത്ര ചെലവേറിയ വീടുണ്ടാക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
10 സെന്റ് ഭൂമി എം.ആര്‍. അജിത്ത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീടുപണി നടന്നുകൊണ്ടിരിക്കുകയാണ്. 60 മുതല്‍ 75 ലക്ഷം വരെയാണ് കവടിയാര്‍ കൊട്ടാരത്തിന് സമീപം ഭൂമിവില. 15 കോടിക്കാണ് അജിത് കുമാര്‍ കവടിയാറില്‍ വീട് വെക്കാന്‍ സ്ഥലം വാങ്ങിയതെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പി വി അന്‍വര്‍ ചോദിക്കുന്നു.
എടവണ്ണയില്‍ റിദാന്‍ എന്ന ചെറുപ്പക്കാരന്‍ തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ നിരപരാധിയെ കുടുക്കിയെന്നും അന്‍വര്‍ പറഞ്ഞു. കേസില്‍ പ്രതിയായി പൊലീസ് കുറ്റപത്രം കൊടുത്തിട്ടുള്ള ഷാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നാണ് കൊല്ലപ്പെട്ട റിദാന്റെ ഭാര്യ പറഞ്ഞത്. കൊല്ലപ്പെട്ടതിന്റെ പിറ്റെ ദിവസം റിദാന്റെ ഭാര്യയോട് വളരെ മോശമായാണ് പൊലീസ് പെരുമാറിയത്. ഷാനുമായി അവിഹിതബന്ധമുണ്ടായിരുന്നെന്ന് സമ്മതിക്കണമെന്നും ഇതേതുടര്‍ന്നാണ് റിദാനെ ഷാന്‍ വെടിവെച്ച് കൊന്നെന്ന് പറയണമെന്നും കള്ളമൊഴി പറയാന്‍ പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. എന്നിട്ടും റിദാന്റെ ഭാര്യ അത് സമ്മതിക്കാന്‍ തയ്യാറായില്ല. താന്‍ ജയിലിലേക്ക് പോകാമെന്നാണ് അവര്‍ പറഞ്ഞതെന്നും കേസില്‍ പൊലീസ് കള്ളക്കഥകള്‍ ചമക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു. മരിച്ച റിദാന്റെ രണ്ട് മൊബാല്‍ ഫോണും കണ്ടെത്താനായിട്ടില്ലെന്നും അന്‍വര്‍ പറയുന്നു.
സോളാര്‍ കേസ് അട്ടിമറിച്ചതില്‍ എ.ഡി.ജി.പി അജിത്കുമാറിന് പങ്കുണ്ടെന്നും കെസി വേണുഗോപാലുമായും അടുത്ത ബന്ധമെന്നും പി വി അന്‍വര്‍ ആരോപിച്ചു. സോളാര്‍ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപെടുത്തല്‍ ഓഡിയോയും പി വി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടു. സോളാര്‍ കേസിലെ പ്രതികളില്‍ നിന്ന് പണം വാങ്ങി നല്‍കാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍. ജീവിക്കാന്‍ ആവശ്യമായ പണം പ്രതികളുടെ കയ്യില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് അജിത്ത് കുമാര്‍ സരിതക്ക് ഉറപ്പ് നല്‍കി. ഇതോടെ സരിത പല മൊഴികളും മാറ്റിയെന്നും അന്‍വര്‍ ആരോപിക്കുന്നു.
അജിത്ത് കുമാറിന്റെ സംഘം വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വര്‍ണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആര്‍ അജിത്ത് കുമാറിന്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോണ്‍ ചോര്‍ത്തുന്നുവെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുറത്ത് വിടാത്ത തെളിവുകള്‍ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും കൊടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. അജിത്ത് കുമാര്‍ മാറി നിന്നാലും രാജിവെച്ചാലും ആരോപണങ്ങള്‍ നിലനില്‍ക്കുമെന്ന് പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
എ.ഡി.ജി.പി അജിത് കുമാറിനെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങള്‍ ഇന്നലെയും അന്‍വര്‍ ഉയര്‍ത്തിയിരുന്നു. എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പരാജയമാണെന്നും ആരോപിച്ചിരുന്നു. പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗ്രൂപ്പായി എ.ഡി.ജി.പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സൈബര്‍ സെല്ലില്‍ എ.ഡി.ജി.പി പ്രത്യേക സംവിധാനം ഒരുക്കി. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍കോള്‍ ചോര്‍ത്തുന്നു. ഇതിനായി അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി അജിത് കുമാറിന് ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ട്. പത്തനംതിട്ട എസ്.പി സുജിത് ദാസ് മലപ്പുറം എസ്.പിയായിരിക്കെ അജിത്ത് കുമാറിന്റെ നിര്‍ദേശ പ്രകാരം സ്വര്‍ണ്ണം പിടികൂടി പങ്കിട്ടെടുത്തുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
#KeralaPolitics #Corruption #ADGP #AjithKumar #PVAnvar