Controversy | 'കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ', വ്യാജവാര്‍ത്തകള്‍ കൊണ്ട് തന്നെയും മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും തമ്മിലടിപ്പിക്കാന്‍ നോക്കേണ്ടെന്ന് സന്ദീപ് വാര്യര്‍
● മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സ്‌നേഹവും പിന്തുണയും കരുത്ത്.
● ബന്ധം തകര്‍ക്കാന്‍ കഴിയില്ലെന്ന് സന്ദീപ് വാര്യര്‍.
● ചുവന്ന ഹൃദയ ഇമോജി നല്‍കി പോസ്റ്റിന് കമന്റുമായി പി കെ ഫിറോസ്.
പാലക്കാട്: (KVARTHA) തന്നെയും മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും തമ്മിലടിപ്പിക്കാനുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ശ്രമങ്ങള്‍ വിഫലമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മുസ്ലിം ലീഗിനെ യുഡിഎഫില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ കൂടുതല്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിന്റെ കൂടെ ചേരുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞതായി കൈരളി ചാനലിന്റെ പഴയൊരു വാര്‍ത്ത കാര്‍ഡ് സഹിതം സാമൂഹ്യ മാധ്യമങ്ങളി നടക്കുന്ന വ്യാജ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'വിഷ ഫാക്ടറി മാത്രമല്ല, വ്യാജവാര്‍ത്ത ഫാക്ടറി കൂടിയാണ് എന്ന തിരിച്ചറിവ് മിത്രങ്ങളെക്കുറിച്ച് പൊതു സമൂഹത്തിനുണ്ട്. കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ. അതുകൊണ്ട് മിത്രങ്ങളെ, വ്യാജ പോസ്റ്റര്‍ ഇറക്കി എന്നെയും മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും തമ്മിലടിപ്പിക്കാമെന്ന് നിങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതണ്ട. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ പോയത് മുതല്‍ നിങ്ങള്‍ക്ക് തുടങ്ങിയ ബുദ്ധിമുട്ടാണല്ലോ. അതിനിയും തുടരും. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സ്‌നേഹവും പിന്തുണയും എന്റെ കരുത്താണ്. ആ ബന്ധം നിങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയില്ല മിത്രോംസ്', സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന് കമന്റുമായി യൂത് ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി കെ ഫിറോസ് രംഗത്തെത്തിയതും ശ്രദ്ധേയമായി. 'ജനം ടിവിയും പീപ്പിള്‍ ടീവിയും വ്യാജ വാര്‍ത്തകള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ ഒറ്റക്കെട്ട്. അല്ലെങ്കിലും ജനവും പീപ്പിളും ഒന്നല്ലേ? ലാംഗ്വേജ് മാത്രമേ മാറുന്നുള്ളൂ അര്‍ത്ഥം ഒന്ന് തന്നെ', എന്നായിരുന്നു ഫിറോസിന്റെ കമന്റ്. ചുവന്ന ഹൃദയ ഇമോജി നല്‍കിയായിരുന്നു ഇതിനോട് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്.