Politics | തൃശൂരിൽ സന്ദീപ് വാര്യർ പോര! മണ്ഡലം പിടിക്കണമെങ്കിൽ വി എം സുധീരൻ മത്സരിക്കണം


● തൃശൂർ നിയമസഭാ മണ്ഡലം യുഡിഎഫിൻ്റെ കോട്ടയായിരുന്നു.
● കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നു.
● വി.ടി. ബലറാമിനെപ്പോലുള്ള യുവ നേതാക്കൾക്കും തൃശൂരിൽ സാധ്യതയുണ്ട്.
സോണി കല്ലറയ്ക്കൽ
(KVARTHA) തൃശൂർ നിയമസഭാ മണ്ഡലം എന്നത് കാലാകാലങ്ങളായി യു.ഡി.എഫിൻ്റെ പ്രത്യേകിച്ച് കോൺഗ്രസിൻ്റെ ഉറച്ച കോട്ടകളിൽ ഒന്നായിരുന്നു. വർഷങ്ങളോളം മുൻ നിയമസഭാ സ്പീക്കറും കോൺഗ്രസിൻ്റെ പ്രമുഖ നേതാവുമായിരുന്ന തേറമ്പിൽ രാമകൃഷ്ണനെപ്പോലുള്ളവർ ജനപ്രതിനിധി ആയിരുന്ന മണ്ഡലം ആണ് തൃശൂർ. ഒരു കാലത്ത് തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വേറെ ഏതൊക്കെ മണ്ഡലത്തിൻ്റെ അടിത്തറ ഇളക്കാൻ പറ്റുമായിരുന്നെങ്കിലും തൃശൂർ ഇളക്കുക എന്നത് അസാധ്യമായിരുന്നു. അത്രമാത്രം കോൺഗ്രസുമായി ഇഴുകി ചേർന്ന മണ്ഡലം ആയിരുന്നു തൃശൂർ.
പണ്ടൊക്കെ തൃശൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ കൊതിച്ചിരുന്ന ഒരുപാട് കോൺഗ്രസ് നേതാക്കൾ ഉണ്ടായിരുന്നുവെന്നതാണ് സത്യം. എന്നാൽ അന്നൊക്കെ തൃശൂർ തേറമ്പിൽ രാമകൃഷ്ണൻ്റെ കയ്യിൽ ഭദ്രവുമായിരുന്നു. ലീഡർ കെ കരുണാകരൻ രാഷ്ട്രീയമായി വളർന്ന മണ്ണ് എന്ന പ്രത്യേകതകൂടി തൃശൂരിനുണ്ട്. കണ്ണൂർ സ്വദേശിയായ കരുണാകരൻ തൻ്റെ രാഷ്ട്രീയ തട്ടകമായി തെരഞ്ഞെടുത്തത് തൃശൂർ ആയിരുന്നു. തൃശൂർ ജില്ലയിലെ തന്നെ മാള നിയോകമണ്ഡലത്തിൽ നിന്നായിരുന്നു തുടർച്ചയായി അദേഹം നിയമസഭാ സാമാജികനായത്.
മണ്ഡലം പുനസംഘടനെയെ തുടർന്ന് ഇന്ന് മാള എന്ന നിയോകമണ്ഡലം തൃശൂരിൽ ഇല്ല. കെ കരുണാകരൻ്റെ വളരെ അടുത്ത അനുയായി കൂടിയായിരുന്നു തേറമ്പിൽ രാമകൃഷ്ണൻ. എന്നാൽ കഴിഞ്ഞ് ഒന്ന് രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ തൃശൂർ നിയമസഭാ മണ്ഡലം എൽ.ഡി.എഫിന് വഴിമാറുന്നതാണ് കാണാൻ കഴിയുന്നത്. ഇതിൻ്റെ കാരണം കോൺഗ്രസ് വോട്ടുകൾ വളരെയധികം ബി.ജെ.പിയിലേയ്ക്ക് ചോരുന്നത് തന്നെയാണ്. എൽ.ഡി.എഫിന് കിട്ടാവുന്ന വോട്ടുകൾ പരമാവധി അവർക്ക് കിട്ടുകയും ചെയ്യുന്നു.
ചിലർ പറയുന്നപോലെ സി.പി.എം - ഇടത് വോട്ടുകൾ അല്ല കൂടുതലായും ബി.ജെ.പിയിലേയ്ക്ക് ചോരുന്നത്. മറിച്ച് യു.ഡി.എഫ് വോട്ടുകൾ തന്നെ. അതിൽ പ്രധാനമായും യു.ഡി.എഫിൻ്റെ മുഖ്യകക്ഷിയായ കോൺഗ്രസിൻ്റെയും. ഇതിന് ഉത്തരവാദികൾ കോൺഗ്രസിൻ്റെ തൃശൂരിലെ പ്രാദേശിക നേതൃത്വം തന്നെ. അതിനെ അവർ എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചിട്ടും കാര്യമില്ല. നടൻ സുരേഷ് ഗോപി തൃശൂരിൽ നിന്ന് പാർലമെൻ്റിലേയ്ക്ക് ആദ്യമായി മത്സരിക്കാൻ എത്തിയ നാൾ മുതൽ ആണ് കോൺഗ്രസ് വോട്ടുകളുടെ ചോർച്ച ആദ്യമായി തൃശൂരിൽ ആരംഭിച്ചത്. അദ്ദേഹം അന്ന് മൂന്നാം സ്ഥാനത്തേയ്ക്ക് പോയെങ്കിലും എല്ലാവരെയും ഞെട്ടിക്കുന്ന വിധത്തിൽ സുരേഷ് ഗോപിയ്ക്ക് ബി.ജെ.പിയ്ക്ക് വേണ്ടി വോട്ട് പിടിക്കാൻ കഴിഞ്ഞു.
കൂടുതൽ വോട്ടുകൾ അദ്ദേഹം സമാഹരിച്ചത് തൃശൂർ നിയമസഭാ നിയോകമണ്ഡലത്തിൽ നിന്നു തന്നെ. പിന്നീട് തൃശൂരിൽ നിന്ന് ബി.ജെ.പി യുടെ സ്ഥാനാർത്ഥിയായി നിയമസഭയിലേയ്ക്കും മത്സരിച്ചു. അതിൻ്റെ ഫലമോ തോറ്റത് യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജാ വേണുഗോപാലും. ഇന്ന് അവർ ബി.ജെ.പിയിൽ ആണെന്നത് മറ്റൊരു കാര്യം. നിസാരവോട്ടുകൾക്കാണ് അന്ന് പത്മജാ ഇടത് സ്ഥാനാർത്ഥിയോട് പരാജയപ്പെടുന്നത്. തൃശൂരിൽ എന്നൊക്കെ ബിജെപി വോട്ട് ഉയർത്തിയിട്ടുണ്ടോ അന്നൊക്കെ അവിടെ യു.ഡി.എഫിന് തോൽക്കാനായിരുന്നു വിധി. ഒരിക്കലും സ്വപ്നം പോലും കാണാൻ ഇടത് മുന്നണിക്ക് ആവാത്ത തൃശൂർ നിയമസഭാ മണ്ഡലം അനായാസമായി അവരുടെ കൈയ്യിൽ എത്തുന്ന കാഴ്ചയും.
കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേയ്ക്കുള്ള വോട്ട് ചോർച്ച മറികടക്കാൻ യു.ഡി.എഫിന് ആയാൽ ഇവിടെ ഐക്യമുന്നണിയുടെ വിജയം സുനിശ്ചിതമാണ്. കോൺഗ്രസ് വോട്ടുകൾ സ്വന്തം പാളയത്തിൽ ഉറപ്പിക്കാൻ പറ്റുന്ന ഒരു സീനിയർ നേതാവിനെ തന്നെയാണ് കോൺഗ്രസ് തൃശൂരിൽ കളത്തിലിറക്കേണ്ടത്. അതിന് അപറ്റിയ ആൾ മുൻ കെ.പി.സി.സി പ്രസിഡൻ്റും മുൻ നിയമസഭാ സ്പീക്കറും മുൻ മന്ത്രിയും എം.പിയും ഒക്കെ ആയിരുന്ന കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് വി.എം സുധീരൻ തന്നെയാകും. അദ്ദേഹം മുൻപ് മണലൂരിൽ നിന്നുള്ള നിയമസഭാ സാമാജികൻ ആയിരുന്നു. തൃശൂരിനെ നന്നായി അടുത്ത അറിയാവുന്ന വ്യക്തികൂടിയാണ് സുധീരൻ.
കറള കളഞ്ഞ വ്യക്തിത്വം, ആദർശ ധീരൻ എന്ന ഖ്യാതി തുടങ്ങിയവയൊക്കെ സുധീരൻ്റെ മുതൽ കൂട്ടാണ്. തൃശൂർ ജില്ലയിൽ കോൺഗ്രസിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന കോൺഗ്രസ് പ്രവർത്തകരാണ് ഏറെയുള്ളത്. സുധീരനെപ്പോലുള്ള ഒരാൾ നിയമസഭയിലേയ്ക്ക് മത്സരിച്ചാൽ നിഷ്പക്ഷ വോട്ടുകൾ കൂടുതലായും സുധീരൻ്റെ പെട്ടിയിൽ വീഴാനും സാധ്യതയുണ്ട്. അതിനാൽ വി എം സുധീരൻ തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയുണ്ട് കോൺഗ്രസ് പാർട്ടിയിൽ.
കഴിഞ്ഞ ഏതാനും നാൾ മുൻപ് ബിജെപിയിൽ നിന്ന് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും എന്നുള്ള തരത്തിലും വാർത്തകൾ വരുന്നുണ്ട്. എന്നാൽ സന്ദീപിന് വി.എം സുധീരൻ ഒപ്പം എത്താൻ സാധിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം. സന്ദീപ് വാര്യർ തൃശൂരിൽ മത്സരിച്ചാൽ സന്ദീപിനെ എങ്ങനെയെങ്കിലും തോൽപ്പിക്കണം എന്ന വാശിയിൽ ബി.ജെ.പി മിഷനറിയും സജീവമാകും. അതുകൊണ്ട് കഴിഞ്ഞ കാലത്ത് കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേയ്ക്ക് പോയ കോൺഗ്രസ് വോട്ടുകൾ തിരിച്ച് കോൺഗ്രസിലെത്തിക്കാൻ സന്ദീപ് വാര്യർക്ക് കഴിഞ്ഞെന്നും വരില്ല.
മാത്രമല്ല, തൃശൂരിൽ ബി.ജെ.പിയ്ക്ക് ജയിക്കാൻ കഴിയില്ല. യു.ഡി.എഫ് ജയിക്കുമെന്ന് തോന്നൽ വന്നാൽ സന്ദീപ് വാര്യർ ആണെങ്കിൽ എൽ.ഡി.എഫിന് വോട്ട് മറിച്ച് അവരെ ജയിപ്പിക്കാനും സാധ്യത ഏറെയാണ്. അതിനാൽ സന്ദീപ് വാര്യർ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തൃശൂരിൽ മത്സരിച്ചാൽ അത് ഗുണത്തെക്കാൾ എറെ ദോഷം ചെയ്യുമെന്ന് തീർച്ചയാണ്. അത് തൃശൂരിലെ മറ്റു മണ്ഡലങ്ങളിൽ കൂടി പ്രതിഫലിച്ചെന്നിരിക്കും. ഇപ്പോൾ തൃശൂരിൽ വേണ്ടത് കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേയ്ക്ക് പോയ കോൺഗ്രസ് വോട്ടുകൾ തിരിച്ചു കോൺഗ്രസിൽ എത്തിക്കാൻ പറ്റിയ നേതാവിനെയാണ്.
അതിന് പറ്റിയ നേതാവ് ഇപ്പോൾ തൃശൂരിൽ വി.എം സുധീരൻ അല്ലാതെ മറ്റാരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ യുവ നേതാവും മുൻ തൃത്താല എം.എൽ.എ യുമായ വി.ടി ബലറാമിനെപ്പോലുള്ളവർ വരണം. അദ്ദേഹത്തെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ തന്നെ കോൺഗ്രസ് മത്സരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് അതിന് സാധ്യത ഉണ്ടെന്ന് തോന്നുന്നില്ല. മുൻ തൃശൂർ എംപി ടി എൻ പ്രതാപൻ മത്സരിച്ചാൽ പോലും തോൽവിയാകും ഫലം. കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് വി.എം.സുധീരനെ ഇറക്കിയാൽ യു.ഡി.എഫ് തൃശൂർ പിടിച്ചെന്നിരിക്കും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ? വാർത്ത ഷെയർ ചെയ്യുക
Thrissur, a former stronghold of the UDF, has seen a shift in voting patterns with Congress votes moving to the BJP. To regain control, the UDF needs a strong leader like V.M. Sudheeran to contest the upcoming elections.
#KeralaPolitics #ThrissurElections #VMSudheeran #Congress #BJP #UDF