Conflict | 'ഐക്യത്തിന് വേണ്ടി എന്ത് വിട്ട് വീഴ്ചക്കും തയ്യാർ', പരസ്യ ഖേദപ്രകടനവുമായി സമസ്തയിലെ ലീഗ് വിരുദ്ധ നേതാക്കൾ; തർക്കം പുതിയ വഴിത്തിരിവിലേക്ക്

 
Samastha leaders on resolve disputes
Samastha leaders on resolve disputes

Photo Credit: Facebook/Sayyid Sadik Ali Shihab Thangal, Abdul Hameed Faizy Ambalakadavu

● സംഘടനാ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കളുടെ ശ്രമം.
● ഏത് വിട്ടുവീഴ്ചക്കും ഖേദപ്രകടനത്തിനും ഇനിയും തയ്യാര്‍.
● ഹമീദ് ഫൈസിയുടെ വിമര്‍ശനങ്ങള്‍ സമസ്ത-ലീഗ് ബന്ധം വഷളാക്കുകയായിരുന്നു.

മലപ്പുറം: (KVARTHA) സമസ്ത-ലീഗ് തർക്കം പുതിയ വഴിത്തിരിവിലേക്ക്. ഇരു വിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കവെ, സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ തങ്ങളുടെ പ്രസ്താവനകളിൽ സാദിഖലി ശിഹാബ് തങ്ങൾക്കുണ്ടായ പ്രയാസത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. സംഘടനാപരമായ ഐക്യത്തിനും യോജിപ്പിനുമായി എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് നേതാക്കൾ അറിയിച്ചു.

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, സമസ്ത മുശാവറ മെമ്പർ വാക്കോട് മൊയ്തീൻകുട്ടി മുസ്‌ല്യാർ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടു പാറ , എസ്.കെ.എസ്.എസ്.എഫ്  സംസ്ഥാന മുൻ ജനറൽ സെക്രട്ടറി സത്താർ പന്തലൂർ എന്നിവരുടെ പേരിലുള്ള വാർത്താകുറിപ്പ് ഹമീദ് ഫൈസി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. 

Abdul Hameed Faizy Ambalakadavu's facebook post about disputes

'സംഘടനാ രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കൾ ശ്രമം തുടർന്ന് വരികയാണ്. അതിനിടെ ചില പ്രസംഗങ്ങളിലുള്ള പരാമർശങ്ങൾ  സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സംബന്ധിച്ചാണെന്ന മാധ്യമസൃഷ്ടി തങ്ങൾക്ക് വേദന ഉണ്ടാക്കുകയും അതിന് ചില പ്രസംഗങ്ങൾ കാരണമാവുകയും ചെയ്തതിൽ ഖേദം രേഖപ്പെടുത്തുന്നു. സംഘടനാ രംഗത്തെ പ്രയാസങ്ങൾ പരിഹരിക്കാൻ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുൻകയ്യെടുത്താണ് കഴിഞ്ഞ ദിവസം പാണക്കാട് ചർച്ച നടത്തിയത്. യോഗ തീരുമാനപ്രകാരമാണ് തുടർന്ന് വാർത്താ സമ്മേളനം നടത്തിയതും. 

ചില പരാമർശങ്ങിൽ സാദിഖലി തങ്ങൾക്ക് പ്രയാസമുണ്ടായെന്നും അതെല്ലാം വിശദമായി സംസാരിച്ച് പരിഹരിച്ചുവെന്നും അതിൽ സങ്കടമുണ്ടെന്നും വാർത്ത സമ്മേളനത്തിൽ ആവർത്തിക്കപ്പെട്ടതുമാണ്. ചർച്ചയിലെ അന്തിമ തീരുമാനവും ഇത് തന്നെയായിരുന്നു. എന്നാൽ സംഘടനക്കകത്തും സമുദായത്തിനകത്തും രജ്ഞിപ്പും ഒരുമയും അനിവാര്യമാണെന്നത് കൊണ്ട് സംഘടനാപരമായ ഏത് വിട്ടുവീഴ്ചക്കും ഖേദപ്രകടനത്തിനും ഇനിയും തയ്യാറാണ്. യോഗത്തിൽ ധാരണയായ പ്രകാരം തുടർചർച്ചകൾ നടത്തി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാവണം', വാർത്താകുറിപ്പിൽ പറയുന്നു.

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് വെച്ച് നടന്ന ചർച്ചയിൽ ഇരു വിഭാഗം നേതാക്കളും പങ്കെടുത്തിരുന്നു. എന്നാൽ, ചർച്ചക്ക് ശേഷം നടന്ന ചില പ്രതികരണങ്ങൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. പാണക്കാട് ചർച്ചക്ക് ശേഷം സമസ്ത നേതാക്കൾ നടത്തിയ പ്രതികരണങ്ങളിൽ സാദിഖലി തങ്ങൾ പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചർച്ചയിൽ ധാരണയായ കാര്യങ്ങൾ പൊതുസമൂഹത്തെ അറിയിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്‌തു. അതേസമയം ഉമർ ഫൈസി മുക്കം ആരോടും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും അല്ലാഹുവിനോട് മാത്രമേ മാപ്പ് പറയുകയുള്ളൂവെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി സമസ്തയിലും മുസ്ലിം ലീഗിലുമായി നിലനിന്നിരുന്ന ചില അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോഴത്തെ തർക്കത്തിന് കാരണമായാത്ത. കേക്ക് വിവാദവുമായി ബന്ധപ്പെട്ട് ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ ചില വിമർശനങ്ങൾ സമസ്ത-ലീഗ് ബന്ധം കൂടുതൽ വഷളാക്കി. ഈ സാഹചര്യത്തിലാണ് പാണക്കാട് വെച്ച് അനുരഞ്ജന ചർച്ചകൾ നടന്നത്.

#Samastha #Kerala #Muslim #dispute #unity #religion #politics #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia