Controversy | സിപിഎമ്മിൽ വീണ്ടും വ്യക്തി പൂജ വിവാദം; പിണറായിക്ക് മുമ്പിൽ തലകുനിക്കുന്നുവോ പാർട്ടി?


● മുഖ്യമന്ത്രിയെ പ്രകീർത്തിച്ചുള്ള ഗാനം വിവാദമായി.
● സെക്രട്ടറിയേറ്റ് അസോസിയേഷനാണ് ഗാനം തയ്യാറാക്കിയത്.
● പാർട്ടിക്കുള്ളിൽ വ്യക്തി പൂജ ചർച്ചക്ക് വഴി വെച്ചു.
● മുൻപ് പി.ജയരാജനെ കുറിച്ചുള്ള ഗാനവും വിവാദമായിരുന്നു.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ജില്ലാ സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചു ഭരണകക്ഷി സംഘടന തയ്യാറാക്കിയ വാഴ്ത്തുപാട്ട് ചർച്ചയായി. വ്യക്തി പൂജയെ ഒരു കാലത്തും അംഗീകരിക്കാത്ത പാർട്ടിയാണ് സിപിഎം. അതുകൊണ്ടുതന്നെയാണ് മയ്യിൽ ഒറപ്പാടി കലാ കൂട്ടായ്മ തയ്യറാക്കിയ കണ്ണുരിലെ ചെന്താരകമല്ലോ പി ജയരാജൻ എന്ന സംഗീത ആൽബം പുറത്തിറക്കിയതിന് പി ജയരാജനെ പാർട്ടിയിൽ നിന്നും ഒറ്റപ്പെടുത്തിയത്.
എന്നാൽ പാർട്ടിയിലും സർക്കാരിലും സർവശക്തനായ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചു പിന്നീട് പുറത്തുവന്ന തിരുവാതിരപ്പാട്ട് വിവാദമായപ്പോൾ പാർട്ടി നേതൃത്വം മൗനം പാലിക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും പിണറായി സ്തുതി പുറത്തുവന്നതോടെ പാർട്ടിയിൽ പഴയ കാര്യങ്ങൾ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. തന്നെ പ്രകീർത്തിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ തയ്യാറാക്കിയ പാട്ട് താൻ കേട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്.
ആരാണ് പാട്ട് എഴുതിയതെന്ന് അറിയില്ല. താൻ ഇതുവരെ ആ പാട്ട് കേട്ടിട്ടില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയുണ്ടായി. ഇങ്ങനെയൊരു പാട്ട് വരുമ്പോൾ തന്നെ സകല കുറ്റങ്ങളും എന്റെ തലയിൽ ചാർത്താൻ ശ്രമിക്കുന്ന ഒരു കൂട്ടർ നമ്മുടെ നാട്ടിലുണ്ടല്ലൊ, ആളുകൾക്ക് വല്ലാത്ത വിഷമമുണ്ടാകും സ്വാഭാവികമല്ലെയെന്നും മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തങ്ങളാരും വ്യക്തി പൂജക്ക് നിന്നുകൊടുക്കുന്നവരല്ല. വ്യക്തി പൂജയുടെ ഭാഗമായി ഏതെങ്കിലും കാര്യങ്ങൾ ആർക്കും നേടാൻ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് പാട്ട് ഇറക്കിയത്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഉദ്ഘാടനത്തിൽ ആലപിക്കാനാണ് പാട്ട് തയ്യാറാക്കിയത്. നൂറ് വനിതാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഈ ഗാനം ആലപിക്കുമോയെന്ന കാര്യത്തിൽ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഉറപ്പില്ല. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനായ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച പാട്ടിന് നിയമവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ എസ് വിമലാണ് സംഗീതം നല്‍കിയത്.
സമരധീര സാരഥിയെന്നും കാവലാളെന്നും ഫീനിക്സ് പക്ഷിയെന്നും പടനായകനെന്നുമെല്ലാം പാട്ടില്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നുണ്ട്. മുമ്പ് തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിൽ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു. 'കാരണഭൂതൻ' തിരുവാതിരയ്ക്ക് സമാനമാണ് പുതിയ പാട്ടെന്നുമാണ് മാധ്യമ വിമർശനം. സി.പി.എമ്മിൻ്റെ ചരിത്രത്തിൽ ജീവിച്ചിരിക്കെ ഏറ്റവും കൂടുതൽ പുകഴ്ത്തലും വാഴ്ത്തിപ്പാടലും അനുഭവിച്ച നേതാവ് വി എസ് അച്ചുതാനന്ദനാണ്. എന്നാൽ വി.എസ് യുഗത്തിന് ശേഷം ആ ഇടത്തിലേക്ക് കയറി വന്ന് മുഖ്യമന്ത്രിയായ പിണറായി വിജയനും പാർട്ടിയിൽ ഒട്ടേറെ ആരാധകരുണ്ട്.
#CPM #PinarayiVijayan #KeralaPolitics #Controversy #PersonalWorship #KeralaNews