Politics | രാരിച്ചന്‍ നീറണാക്കുന്നേല്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു; ഇനി കേരള കോണ്‍ഗ്രസ് (എം) ഭരിക്കും


● എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാരിച്ചന് 10 വോട്ട്.
● സിപിഎമ്മിന്റെ കെ.ടി.ബിനു ഡിസംബര്‍ 31-ന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.
● ഭരണസമിതിയില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ആറും അംഗങ്ങളാണുള്ളത്.
ഇടുക്കി: (KVARTHA) കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയായ രാരിച്ചന്‍ നീറണാക്കുന്നേല്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു. വണ്ടന്‍മേട് ഡിവിഷന്‍ അംഗമാണ് അദ്ദേഹം. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരി വരണാധികാരിയായി പങ്കെടുത്തു. തിരഞ്ഞെടുപ്പിന് ശേഷം നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കലക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാരിച്ചന് 10 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസ് ജോസഫിലെ എം ജെ ജേക്കബിന് അഞ്ച് വോട്ടും ലഭിച്ചു. മുന്നണി ധാരണപ്രകാരം സിപിഎമ്മിന്റെ കെ.ടി.ബിനു ഡിസംബര്‍ 31-ന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ല പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ആറും അംഗങ്ങളാണുള്ളത്.
കുമളി അണക്കര സ്വദേശിയായ രാരിച്ചന്‍ നീറണാക്കുന്നേലിന് തദ്ദേശ സ്വയംഭരണ രംഗത്ത് ദീര്‍ഘകാലത്തെ പരിചയമുണ്ട്. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് മെമ്പര്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനുപുറമേ, കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍, അണക്കര വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്, മേഖലാ പ്രസിഡന്റ്, ലയണ്‍സ് ക്ലബ് റീജണല്‍ ചെയര്‍മാന്‍, സോണല്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
നിലവില്‍ കേരള കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമാണ് രാരിച്ചന്‍ നീറണാക്കുന്നേല്‍.
#KeralaPolitics, #LocalElections, #Idukki, #KeralaCongressM, #Panchayat