പാലക്കാട്ട് 'ചിരി' പടരുമോ? കൈപ്പത്തി പിടിക്കാൻ പിഷാരടി; പുതുപ്പള്ളിയിൽ സന്ദർശനം, കല്ലറയിൽ പ്രാർത്ഥന

 
Ramesh Pisharody Likely to be UDF Candidate in Palakkad; Actor Visits Oommen Chandy's Tomb

Photo Credit: Facebook/Ramesh Pisharody

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് പിഷാരടി പ്രതികരിച്ചു.
● ഷാഫി പറമ്പിലിന്റെ ശക്തമായ പിന്തുണ രമേശ് പിഷാരടിക്കുണ്ട്.
● യുവാക്കൾക്കിടയിലും കുടുംബങ്ങൾക്കിടയിലുമുള്ള താരത്തിന്റെ സ്വാധീനം വോട്ടാകുമെന്ന് പ്രതീക്ഷ.
● കെ മുരളീധരനെയോ കണ്ണൻ ഗോപിനാഥനെയോ കൊണ്ടുവരണമെന്ന് വി കെ ശ്രീകണ്ഠൻ പക്ഷം.
● ബി ജെ പിയുടെ ശോഭാ സുരേന്ദ്രനും എൽ ഡി എഫിന്റെ പി സരിനും എത്തുന്നതോടെ ത്രികോണ പോരാട്ടത്തിന് സാധ്യത.
● പി കെ ശശിയുൾപ്പെട്ട വിമത മാർക്സിസ്റ്റ് കൂട്ടായ്മയുടെ നിലപാടും നിർണ്ണായകമാകും.

- എം രമ്യ

പാലക്കാട്: (KVARTHA) ആവേശത്തിന്റെയും അനിശ്ചിതത്വത്തിന്റെയും മുനമ്പിൽ നിൽക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇത്തവണ 'ഗ്ലാമർ' പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഷാഫി പറമ്പിലിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പിടിയിലൊതുക്കിയ മണ്ഡലം നിലനിർത്താൻ ജനപ്രിയ നടൻ രമേശ് പിഷാരടിയെ രംഗത്തിറക്കാനാണ് യു.ഡി.എഫിലെ നീക്കം. സ്ഥാനാർത്ഥി ചർച്ചകൾ കൊഴുക്കുന്നതിനിടെ, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കല്ലറ സന്ദർശിച്ച് പിഷാരടി നടത്തിയ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി.

Aster mims 04/11/2022

കുറച്ചു കാലങ്ങളായി എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നിയോജകമണ്ഡലമാണ് പാലക്കാട്. ഷാഫി പറമ്പിലിനുശേഷം രാഹുൽ മാങ്കൂട്ടത്തിൽ പിൻഗാമിയായി എത്തിയപ്പോഴേ പാലക്കാടിനും വാർത്താപ്രാധാന്യം കൂടി. വിവിധ കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രതി ചേർക്കപ്പെട്ടപ്പോഴും പാലക്കാട് തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങും മുമ്പേ പാലക്കാട് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ പേര് സിനിമാ നടൻ രമേശ് പിഷാരടിയുടെ പേരിലാണെന്ന് മാത്രം. പിഷാരടി വരുമെന്ന പ്രചാരണം തന്നെ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിരോധത്തിലാക്കിയ കോൺഗ്രസ്‌ പ്രവർത്തകർക്ക്‌ ഉന്മേഷം പകരുന്നു.

വോട്ടായി മാറുമോ സ്റ്റാർ വാല്യൂ?

ഒരു ജനപ്രിയ സിനിമാ താരം എന്ന നിലയിൽ രമേശ് പിഷാരടിക്കുള്ള 'സ്റ്റാർ വാല്യൂ' വോട്ടർമാരെ ആകർഷിക്കാൻ സഹായിച്ചേക്കാമെന്നാണ് യു.ഡി.എഫ്. വിലയിരുത്തൽ. പ്രത്യേകിച്ച് യുവാക്കൾക്കിടയിലും കുടുംബങ്ങൾക്കിടയിലുമുള്ള അദ്ദേഹത്തിന്റെ സ്വാധീനം വോട്ടായി മാറുമെന്ന് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു. വിവാദങ്ങളിൽപ്പെടാത്ത രാഷ്ട്രീയ മുഖം എന്ന നിലയിൽ നിഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞേക്കും. രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്ന കേസുകളും വിവാദങ്ങളും പാർട്ടിക്ക് തിരിച്ചടിയാകാതിരിക്കാൻ പിഷാരടിയെപ്പോലൊരു പൊതുസമ്മതന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് ഒരു വിഭാഗം കരുതുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ ഏൽപ്പിച്ച ക്ഷീണം ഇങ്ങനെ പരിഹരിക്കാമെന്നാണ്‌ വലതുകേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. ഷാഫി പറമ്പിലുമായി വളരെയധികം അടുപ്പം സൂക്ഷിക്കുന്ന രമേശ്‌ പിഷാരടി വരുന്നതിലൂടെ, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിയോടുള്ള ഷാഫിയുടെ നീരസം മാറ്റിയെടുക്കാമെന്നും നേതാക്കൾ കരുതുന്നു. പാലക്കാട് മണ്ഡലത്തിൽ വലിയ സ്വാധീനമുള്ള വടകര എം.പി ഷാഫി പറമ്പിലിന്റെ ശക്തമായ പിന്തുണ പിഷാരടിക്കുണ്ട്. മണ്ഡലത്തിലെ സംഘടനാ സംവിധാനത്തിൽ ഷാഫിക്കുള്ള ആധിപത്യം പിഷാരടിക്ക് ഗുണകരമാകും. തികഞ്ഞ രാഷ്‌ട്രീയ ബോധ്യത്തോടെ സംസാരിക്കാനുള്ള കഴിവും പിഷാരടിയുടെ പ്ലസ്സാണ്‌.

കല്ലറയിൽ പ്രാർത്ഥന; പോരാട്ടത്തിന് പച്ചക്കൊടി

പുതുപ്പള്ളി ഫെസ്റ്റിനെത്തിയ പിഷാരടി, എം.എൽ.എ ചാണ്ടി ഉമ്മനോടൊപ്പമാണ് കല്ലറയിലെത്തി വണങ്ങിയത്. പാലക്കാട് സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് 'പാർട്ടി ആവശ്യപ്പെട്ടാൽ റെഡി' എന്ന കൃത്യമായ മറുപടിയാണ് താരം നൽകിയത്. ‘കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. ഏത് മണ്ഡലമായാലും സന്തോഷം. സ്ഥാനാർത്ഥിയായില്ലെങ്കിലും പ്രചാരണത്തിൽ മുന്നിലുണ്ടാകും,’ എന്ന് അദ്ദേഹം വ്യക്തമാക്കി. പിഷാരടിയുടെ ഈ വാക്കുകൾ കോൺഗ്രസ് പാളയത്തിന് നൽകുന്ന സൂചന വ്യക്തമാണ്.

പാലക്കാട് സ്ഥാനാർത്ഥി പട്ടികയിൽ പേര് ഉയർന്നു കേൾക്കുന്നതിനോട് അനുകൂലമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അടുത്ത കാലത്തായി പല തിരഞ്ഞെടുപ്പുകളിലും തന്റെ പേര് ചർച്ചകളിൽ വരുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്നും, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമായി ആരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും കോൺഗ്രസ് നേതൃത്വം നൽകുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും പിഷാരടി പറഞ്ഞതു തന്നെ തീരുമാനമായി എന്നതിന്റെ സൂചനയായാണ്‌ കാണുന്നത്‌.

മുന്നിൽ കല്ലും മുള്ളും

പാലക്കാടൻ കോട്ട കാക്കാൻ പിഷാരടി വരുമ്പോൾ വഴി അത്ര സുഗമമാണെന്ന്‌ കരുതുക വയ്യ. പാർട്ടിക്കുള്ളിൽ തന്നെ തർക്കങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഷാഫിയുടെ 'നോമിനി' എന്ന നിലയിൽ പിഷാരടി വരുന്നതിനോട് വി.കെ. ശ്രീകണ്ഠൻ എം.പി ഉൾപ്പെടെയുള്ള ഒരു വിഭാഗത്തിന് വിയോജിപ്പുണ്ട്. കെ. മുരളീധരനെയോ കണ്ണൻ ഗോപിനാഥനെയോ കൊണ്ടുവരണമെന്നാണ് ഇവരുടെ പക്ഷം. പുറത്താക്കപ്പെട്ട മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്രനായി മത്സരിച്ചാൽ അത് യു.ഡി.എഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കുമോ എന്ന ഭയവും മുന്നണിക്കുണ്ട്‌.

ബി.ജെ.പിയുടെ കരുത്തനായ സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ എത്തുന്നതോടെ പോരാട്ടം ത്രികോണമാകും. എൽ.ഡി.എഫ് നിരയിൽ പി. സരിൻ കൂടി എത്തുമ്പോൾ വിജയം പ്രവചനാതീതമാകും. പലതവണ തോറ്റ ശോഭ വിജയം കണക്കുകൂട്ടിത്തന്നെയാണ്‌ ഇത്തവണ വരുന്നത്‌ എന്നതും സംസ്ഥാനത്താകെയുണ്ടായ ബി.ജെ.പി അനുകൂലമാറ്റവും വോട്ടായി മാറാൻ സാധ്യതയുണ്ട്‌. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. സെലിബ്രിറ്റികൾ രാഷ്ട്രീയത്തിലിറങ്ങുമ്പോൾ നേരിടാറുള്ള 'രാഷ്ട്രീയ പരിചയക്കുറവ്' എന്ന ആരോപണം എതിരാളികൾ ആയുധമാക്കിയേക്കാം.

അന്തസ്സ് വേണമെടാ അന്തസ്സ്

പാലക്കാട് നിലനിർത്തുക എന്നത് കോൺഗ്രസിന് കേവലം ഒരു സീറ്റല്ല, മറിച്ച് അഭിമാനപ്രശ്നമാണ്. രാഷ്ട്രീയ പരിചയക്കുറവ് എന്ന എതിരാളികളുടെ ആയുധത്തെ പിഷാരടിയുടെ ജനപ്രീതി കൊണ്ട് നേരിടാനാണ് പാർട്ടി തീരുമാനം. കാരണം രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൃത്യമായ നിലപാട്‌ എടുത്തെങ്കിലും സമൂഹമാധ്യമങ്ങളിലുൾപ്പെടെ കോൺഗ്രസിന്‌ എതിരെയുണ്ടായിട്ടുള്ള ആക്ഷേപം അത്രയെളുപ്പത്തിൽ കഴുകിക്കളയാൻ കഴിയുന്നതല്ല.

പാലക്കാട് നിലനിർത്തുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് അന്തസ്സായി കാണുന്ന പോരാട്ടമാണ്. പിഷാരടി സ്ഥാനാർത്ഥിയായാൽ അതൊരു ഗ്ലാമർ പോരാട്ടമായി മാറുമെങ്കിലും, പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരിഹരിക്കുക എന്നതാകും കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. സി.പി.എം. ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട മാർക്‌സിസ്റ്റ് കൂട്ടായ്മയും വലതുമുന്നണി പ്രതീക്ഷയോ‌ടെ നോക്കിക്കാണുന്നു. പാർട്ടിയോട്‌ പിണങ്ങിപ്പിരിഞ്ഞ മുൻ എം.എൽ.എ പി.കെ. ശശിയും കൂട്ടായ്‌മയ്‌ക്കൊപ്പം നിൽക്കുന്നത്‌ കാര്യങ്ങൾ എളുപ്പമാക്കുമെന്നും കോൺഗ്രസ്‌ കണക്കുകൂട്ടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഈ സുപ്രധാന രാഷ്ട്രീയ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. തിരഞ്ഞെടുപ്പ് അപ്‌ഡേറ്റുകളും പ്രാദേശിക രാഷ്ട്രീയ വാർത്തകളും സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. പുതിയ വാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാനും നിങ്ങളുടെ രാഷ്ട്രീയ പ്രതികരണങ്ങൾ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Kerala Congress district committee has decided to field district president Jeto Joseph as the UDF candidate in the Trikaripur assembly constituency, awaiting final approval from the state leadership.

#Trikaripur #KeralaCongress #UDFKerala #KeralaElections #JetoJoseph #KasaragodPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia