SWISS-TOWER 24/07/2023

Political Shift | രമേശ് ചെന്നിത്തല കോണ്‍ഗ്രസില്‍ കരുത്തനാകുന്നു; എന്‍എസ്എസിന്റെയും കാന്തപുരം വിഭാഗത്തിന്റെയും സമ്മേളനത്തിലേക്ക് ക്ഷണം; എസ്എന്‍ഡിപി പരിപാടിയിലും ഉദ്ഘാടകന്‍ 

 
Ramesh Chennithala Strengthens his Position in Congress
Ramesh Chennithala Strengthens his Position in Congress

Photo Credit: Facebook/Ramesh Chennithala

ADVERTISEMENT

● മന്നം ജയന്തി പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി പങ്കെടുക്കാന്‍ ക്ഷണം.
● കാന്തപുരം എപി വിഭാഗത്തിന്റെ സുന്നി യുവജന സംഘം സമ്മേളനത്തിലേക്കും ക്ഷണം. 
● 'താക്കോല്‍ സ്ഥാനം' പ്രസ്താവനയ്ക്ക് ശേഷം എന്‍എസ്എസുമായി അകല്‍ച്ചയിലായിരുന്നു. 

തിരുവനന്തപുരം: (KVARTHA) കോണ്‍ഗ്രസിലെ ഗ്രൂപ് രാഷ്ട്രീയങ്ങള്‍ മാറുന്നതിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കേരള രാഷ്ട്രീയത്തില്‍ വീണ്ടും കരുത്താര്‍ജിക്കുന്നു. വി ഡി സതീശന്റെയും കെ സുധാകരന്റെയും നേതൃശൈലിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍, ചെന്നിത്തലയ്ക്ക് സമുദായ സംഘടനകളുടെ പിന്തുണ ലഭിക്കുന്നതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

Aster mims 04/11/2022

11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രമേശ് ചെന്നിത്തലയ്ക്ക് മന്നം ജയന്തി പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2016-ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരിക്കെ മന്നം ജയന്തി വേദിയില്‍ സംസാരിച്ച ശേഷം ചെന്നിത്തലയ്ക്ക് എന്‍എസ്എസിന്റെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് അകലം പാലിക്കേണ്ടി വന്നിരുന്നു. 

കൂടാതെ ഈ മാസം 28-ന് എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്ര, ഹൈസ്‌കൂള്‍ ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്യുന്നതും  ചെന്നിത്തലയാണ്. 'ഉത്തരവാദിത്തം, മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന കാന്തപുരം എപി വിഭാഗത്തിന്റെ സുന്നി യുവജന സംഘം (എസ് വൈ എസ്) സമ്മേളനത്തിന്റെ ഭാഗമായി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി നയിച്ച 'മാനവ സഞ്ചാര'ത്തിന്റെ സമാപന സംഗമത്തിലും സൗഹൃദ നടത്തത്തിലും രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു.

ജി സുകുമാരന്‍ നായരുടെ 'താക്കോല്‍ സ്ഥാനം' പ്രസ്താവനയ്ക്ക് ശേഷം എന്‍എസ്എസും ചെന്നിത്തലയും അകല്‍ച്ചയിലായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തായിരുന്നു രമേശ് ചെന്നിത്തല. തുടര്‍ന്നാണ് മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് 'താക്കോല്‍ സ്ഥാനം' വേണമെന്ന പരസ്യമായ ആവശ്യവുമായി സുകുമാരന്‍ നായര്‍ രംഗത്ത് വന്നത്. ഇത് വലിയ വിവാദമാവുകയും ചെയ്തു.

ramesh chennithala strengthens his position in congress

പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രിസ്ഥാനം ചെന്നിത്തലയ്ക്ക് ലഭിച്ചുവെങ്കിലും തന്നെ ഒരു സമുദായത്തിന്റെ ബ്രാന്‍ഡായി ചിത്രീകരിച്ചതില്‍ അദ്ദേഹത്തിന് പരിഭവമുണ്ടായിരുന്നു. ഇത് പരസ്യമായി പങ്കുവെക്കുകയും ചെയ്തു. യുഡിഎഫ് സര്‍കാര്‍ കാലത്ത് വലിയ സ്വാധീനം ചെലുത്തിയിരുന്ന നേതാവായിരുന്നു സുകുമാരന്‍ നായര്‍. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടൈ പഴയ പ്രതാപം ലഭിച്ചില്ല. 2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് എന്‍എസ്എസ് വീണ്ടും അണിയറയില്‍ ശ്രമം തുടങ്ങിയത്.

മന്നം ജയന്തി സമ്മേളനത്തിലേക്ക് ചെന്നിത്തലയെ ക്ഷണിച്ചത് ഒരു മഞ്ഞുരുകല്‍ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുന്‍ കെപിസിസി അധ്യക്ഷനായ ചെന്നിത്തല, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിലപാട് സ്വീകരിക്കുന്ന വിഭാഗത്തിന്റെ പ്രധാനിയായി കോണ്‍ഗ്രസില്‍ മാറിക്കൊണ്ടിരിക്കുകയാണ്. കെ സുധാരകനും വി ഡി സതീശനും നിര്‍ണായക വിഷയങ്ങളില്‍ മതേതര നിലപാടുകള്‍ സ്വീകരിക്കാതെ കോണ്‍ഗ്രസിനെ നശിപ്പിക്കുന്നുവെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായി ചെന്നിത്തലയുടെ രംഗപ്രവേശനം എന്നതാണ് പ്രത്യേകത.

സതീശന്‍ പാര്‍ട്ടിയിലെ നിയന്ത്രണം മുഴുവനായി കൈവശപ്പെടുത്തി എന്ന ആരോപണം ഉയരുന്നതിനിടെ, സുധാകരനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിക്കുന്നതായും പ്രചാരണമുണ്ടായി. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയെ പിന്തുണയ്ക്കുന്ന വിഭാഗങ്ങള്‍ സജീവമായ നീക്കങ്ങള്‍ ആരംഭിച്ചത്. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണെന്നും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

രമേശ് ചെന്നിത്തല ഇരുത്തംവന്ന നേതാവാണെന്നും അത്തരത്തിലാണ് ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും പുതിയ സമീപനം കോണ്‍ഗ്രസിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നുറപ്പ്. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന നിലപാടാണ് എല്ലാ കാലത്തും കാന്തപുരം വിഭാഗം സമസ്ത സ്വീകരിക്കുന്നത്. ചെന്നിത്തല പങ്കെടുക്കുന്ന പുതിയ വേദികള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ കരുത്ത് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍.

#RameshChennithala #KeralaPolitics #Congress #CommunitySupport #KannapuramGroup #NSS

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia