കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് കാവ്യനീതി; കേരള സ്റ്റോറിക്ക് അവാർഡ് നൽകിയത് ഗൂഢതന്ത്രമെന്ന് രമേശ് ചെന്നിത്തല


● 'ഡോ. ഹാരിസിനെ വേട്ടയാടാനുള്ള ശ്രമം അനുവദിക്കില്ല'.
● സർക്കാർ-ഗവർണർ പോര് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്ന് വിമർശനം.
● മതന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ സംഘപരിവാർ ശ്രമമെന്ന് ആരോപണം.
● മഞ്ചേരിയിലെ പോലീസ് അതിക്രമം, മുഖ്യമന്ത്രിയുടെ മുൻ നിലപാടുകൾ ഓർമ്മിപ്പിച്ചു.
● യൂണിവേഴ്സിറ്റികളിൽ നിന്ന് വിദ്യാർത്ഥികൾ പലായനം ചെയ്യുന്നതായി പരാമർശം.
തിരുവനന്തപുരം: (KVARTHA) ഛത്തീസ്ഗഡിൽ കള്ളക്കേസിൽ അറസ്റ്റിലായി എട്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷം കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് കാവ്യനീതിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ അടിച്ചമർത്താനും ഭയപ്പെടുത്താനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം ആരോപിച്ചു. സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പോലും ഉത്തരേന്ത്യയിൽ സംഘപരിവാർ ശക്തികൾ ലക്ഷ്യം വയ്ക്കുകയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ക്രിസ്മസ് കാലത്ത് അരമനകളിൽ കേക്കുമായി വരുന്ന ചിരിച്ച മുഖമല്ല ബിജെപിക്ക് ഉത്തരേന്ത്യയിലുള്ളതെന്ന് കേരളത്തിലെ ക്രിസ്തീയ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ബഹുസ്വരതയെ തിരിച്ചറിയാത്ത, ഇന്ത്യയുടെ ആത്മാവിനെ തിരിച്ചറിയാത്ത ആൾക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

'കേരള സ്റ്റോറി'ക്ക് അവാർഡ്: സംഘപരിവാർ ഗൂഢതന്ത്രം
അപരവിദ്വേഷം വളർത്തുന്ന 'കേരള സ്റ്റോറി'ക്ക് ദേശീയ അവാർഡ് കൊടുത്തതിന് പിന്നിൽ സംഘപരിവാറിന്റെ ഗൂഢതന്ത്രമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രൊപ്പഗാണ്ടകളും നുണകളുമാണ് ഇവരുടെ കൈമുതലെന്നും കേരളത്തെ വളരെ മോശമായി ചിത്രീകരിച്ച 'കേരള സ്റ്റോറി' എന്ന പ്രൊപ്പഗാണ്ട സിനിമയ്ക്ക് ദേശീയ അവാർഡ് നൽകി കേന്ദ്രസർക്കാർ കേരളത്തെ പിന്നെയും അപമാനിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അപരവിദ്വേഷം വളർത്തുന്ന സിനിമകളെ പ്രോത്സാഹിപ്പിച്ച്, കലയിൽ പോലും വർഗീയ വിഷം കുത്തിവെച്ച് എന്ത് സന്ദേശമാണ് കേന്ദ്രസർക്കാർ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി.
ഡോക്ടർ ഹാരിസിനെതിരായ വേട്ടയാടൽ അനുവദിക്കില്ല
ജനങ്ങൾക്ക് വേണ്ടി സംസാരിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ഹാരിസിനെ വേട്ടയാടാനുള്ള ശ്രമം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മെഡിക്കൽ കോളേജിലെ അപര്യാപ്തത പുറത്തുകൊണ്ടുവന്ന ഡോക്ടർ ഹാരിസിനെതിരെയുള്ള വേട്ടയാടൽ എന്ത് ഇത്ര വൈകിയെന്ന് തങ്ങൾക്ക് സംശയമുണ്ടെന്നും ഇത് അവർ ചെയ്യുമെന്ന് എല്ലാവർക്കും അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർ ഹാരിസിനെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും ഇത്ര വാക്കിന് വിലയില്ലാത്ത ഒരു ഗവൺമെന്റ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ഡോക്ടർ ഹാരിസിനെ ചേർത്ത് പിടിക്കുമെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവർ പറഞ്ഞിരുന്നത്, ഇങ്ങനെയാണോ ചേർത്ത് പിടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മെഡിക്കൽ കോളേജിലെ അപര്യാപ്തതയും, മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ സിസ്റ്റം ഫെയിലിയറും ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന് ഇപ്പോൾ ഷോക്കോസ്റ്റ് നോട്ടീസ് കൊടുക്കുന്നത്. ഡോക്ടർ ഹാരീസ് കേരളത്തിന്റെ നന്മയ്ക്ക് വേണ്ടിയും രോഗികൾക്കും ജനങ്ങൾക്കും വേണ്ടിയും പറഞ്ഞ കാര്യമാണ്. അദ്ദേഹത്തെ പീഡിപ്പിക്കാനുള്ള ശ്രമമാണെങ്കിൽ, അദ്ദേഹത്തെ ദ്രോഹിക്കാനുള്ള ശ്രമമാണെങ്കിൽ അതിനെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ചെറുക്കുമെന്നും സംശയം വേണ്ടെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.
സർക്കാർ-ഗവർണർ പോരും ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയും
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അതിരൂക്ഷമായ പ്രശ്നങ്ങളാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കേരളത്തിൽ ഈ ഗവൺമെൻ്റ് വന്ന ശേഷം ഗവർണറും സർക്കാരും തമ്മിലുള്ള പോർവിളിയും തമ്മിലടിയും കാരണം കുട്ടികൾ കേരളത്തിൽ നിന്ന് പലായനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ യൂണിവേഴ്സിറ്റികളിൽ പഠിച്ചിട്ട് കാര്യമില്ല എന്ന വിശ്വാസത്തിൽ കുട്ടികൾ വിദേശ സർവകലാശാലകളിലേക്കും കേരളത്തിന് വെളിയിലേക്കും പൊയ്ക്കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസരംഗം ഈ ഗവൺമെൻ്റ് കാലത്ത് തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു. ഗവർണറും സർക്കാരും തമ്മിൽ അടിനടക്കുന്നു. രജിസ്ട്രാർ പങ്കെടുക്കുന്നിടത്തൊന്നും വിസി ബഹിഷ്കരിക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പൂർണ്ണമായും ഗവൺമെൻ്റും ഗവർണറും ചേർന്ന് തകർത്തിരിക്കുകയാണ്. ഇതിനെ രക്ഷിക്കാനുള്ള ഒരു മാർഗ്ഗവും ഇപ്പോൾ കാണുന്നില്ല. സർക്കാരിൻ്റെ പിടിപ്പുകേടും ഗവർണറുടെ അധികാര പ്രമത്തതയും ആണ് ഇതിലേക്ക് എത്തിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തലയുടെ ഈ പ്രസ്താവനകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Ramesh Chennithala states nuns' bail is poetic justice, alleges a Sangh Parivar conspiracy behind 'The Kerala Story' award, vows to resist attempts to target Dr. Haris, and criticizes the state of higher education due to government-governor conflict.
#RameshChennithala #KeralaPolitics #NunsBail #TheKeralaStory #NationalAwards #DrHaris #HigherEducation #KeralaGovernor #GovernmentConflict