Result | രാഹുൽ വിളവിറക്കി, ഫാറൂഖ് അബ്ദുല്ല കൊയ്തു; ജമ്മു കശ്മീരിന് ഇനി പുതിയ വർത്തമാനം
● കോൺഗ്രസ് നയതന്ത്രം കാശ്മീരിലും വിജയം കണ്ടു
● മുന്നണി സംവിധാനത്തിനായി പരമാവധി വിട്ടു വീഴ്ച ചെയ്തു
നവോദിത്ത് ബാബു
ന്യൂഡൽഹി: (KVARTHA) ഹരിയാനയിൽ ഭരണം നിലനിർത്തിയതിൻ്റെ ആശ്വാസത്തിനപ്പുറം ബി.ജെ.പിയെ അലോസരപ്പെടുത്തുന്നത് നാഷനൽ കോൺഫറൻസും കോൺഗ്രസും ചേർന്ന് കാശ്മീരിൽ നേടിയ വിജയമാണ്. കോൺഗ്രസ് മുക്ത ഭാരതത്തിനായി ചന്ദ്രഹാസമിളക്കി നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിൽ കന്യാകുമാരി മുതൽ കാശ്മീര് വരെ സാന്നിദ്ധ്യമറിയിച്ചു കരുത്തോടെ നിൽക്കുകയാണ് ഇന്ത്യാ മുന്നണി. പരിഹസിച്ചവർക്കും ചെറുതായി കാണിച്ചവർക്കുമുള്ള കോൺഗ്രസിൻ്റെ പരോക്ഷ മറുപടി കൂടിയാണിതെന്ന് പറയാം.
കാശ്മീരിൽ രാഹുൽ ഗാന്ധി വിളവിറക്കുകയും ഫാറൂഖ് അബ്ദുല്ല കൊയ്യുകയുമാണ് ചെയ്തത്. ഭാരത് ജോഡോ യാത്രയിലുടെ രാഹുൽഗാന്ധി പ്രസരിപ്പിച്ച സ്നേഹത്തിൻ്റെ വെളിച്ചത്തിന് താഴ് വരയിലെ ജനങ്ങൾ നൽകിയ മറുപടിയാണ് നാഷനൽ കോൺഫറൻസിൻ്റെ വിജയം. മുന്നണി സംവിധാനത്തിനായി പരമാവധി വിട്ടു വീഴ്ച ചെയ്ത കോൺഗ്രസ് നയതന്ത്രം കാശ്മീരിലും വിജയം കണ്ടു. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലും സഖ്യകക്ഷികൾക്കായി പരമാവധി വിട്ടു വീഴ്ച കോൺഗ്രസ് ചെയ്തിരുന്നു. അതിൻ്റെ ഗുണം അവർക്ക് കിട്ടുകയും ചെയ്തു.
മഹാത്മ ഗാന്ധിയുടെ ദണ്ഡിയാത്രയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു രാഹുൽ ഗാന്ധി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ഭാരത് ജോഡോ യാത്രയുടെ അനുരണനങ്ങൾ മഞ്ഞുതുള്ളികൾ വീഴുന്നതു പോലെ ഇപ്പോഴും കോൺഗ്രസിനെ അനുഗ്രഹിക്കുകയാണ്. 'പപ്പു'വെന്ന് വിളിച്ച് കളിയാക്കിയവരുടെ മുൻപിലൂടെ തെക്ക് മുതല്‍ വടക്ക് വരെയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും രാഹുല്‍ ഗാന്ധി നടന്നു നീങ്ങി. പറ്റാവുന്ന മനുഷ്യരെയെല്ലാം കണ്ടു, സംസാരിച്ചു, അവരോടൊപ്പം ഭക്ഷണം കഴിച്ചു, അവരുടെ ആവശ്യങ്ങളും വേദനകളും കേട്ടു. വര്‍ഗീയ രാഷ്ട്രീയത്തിനിടയില്‍ സ്‌നേഹത്തിന്റെ കട തുറന്ന് അയാള്‍ നടന്നു കയറിയത് ഇന്ത്യന്‍ ജനതയുടെ മനസിലാണെന്ന് ഇന്നത്തെ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.
കാശ്മീരിനെ പ്പോലെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്രകണ്ട് അസ്ഥിരത അനുഭവിക്കുന്ന സംസ്ഥാനം ഉണ്ടോയെന്നത് സംശയമാണ്. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ രാഷ്ട്രപതി ഭരണത്തിലായിരുന്നു ജമ്മു കശ്മീര്‍. ഇവിടേക്കാണ് കഴിഞ്ഞ മഞ്ഞുകാലത്ത് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി നടന്നെത്തിയത്. 2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് 2023 ജനുവരി 30ന് ഗാന്ധി വധത്തിന്റെ 75-ാമത് വാര്‍ഷികത്തില്‍ അവസാനിപ്പിച്ച യാത്ര രാഹുലെന്ന നേതാവിനെ രാജ്യത്തിന്റെ രാഷ്ട്രീയ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതായിരുന്നു.
മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത ഭീഷണികളും നിയന്ത്രണങ്ങളുമായിരുന്നു ജമ്മുവിലെത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് നേരിടേണ്ടി വന്നത്. ഗ്രനേഡുകള്‍ എറിയാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രാദേശിക ഭരണകൂടം നല്‍കിയ മുന്നറിയിപ്പ്. കാല്‍ നടയായി സഞ്ചരിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും വകവെക്കാതെ ജമ്മുവിലെ മനുഷ്യരെ നേരിട്ട് കാണാന്‍ രാഹുല്‍ തെരുവുകളിലേക്കിറങ്ങുകയായിരുന്നു. ചില സ്ഥലങ്ങളില്‍ താല്‍ക്കാലികമായി യാത്ര നിര്‍ത്തേണ്ടി വന്നതൊഴിച്ചാല്‍ രാഹുലിനെ കശ്മീര്‍ താഴ്‌വര സ്‌നേഹത്തോടെ സ്വീകരിച്ചു.
ജമ്മു കശ്മീരില്‍ മഞ്ഞുവീഴ്ചയ്ക്കിടയില്‍ കറുത്ത ജാക്കറ്റും അണിഞ്ഞ് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രാഹുലിന്റെ ചിത്രം ഇന്ത്യൻ ജനതയുടെ മനസിലേക്ക് തറച്ചു കയറിയിരുന്നു. ഡാൽ തടാകക്കരയിലെ തെരുവുകളില്‍ ജനങ്ങളോട് സംസാരിച്ചിരിക്കുന്ന രാഹുല്‍ ഗാന്ധി അവര്‍ക്ക് പുതിയ പ്രതീക്ഷയായിരുന്നു. ആറ് വര്‍ഷത്തോളമായി രാഷ്ട്രപതി ഭരണത്തില്‍ നിരാശയിലായിരുന്ന ജനങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാനുള്ള ഒരു നേതാവിനെയാണ് അന്ന് ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ ജമ്മുവിലെ ഓരോ ചലനങ്ങളും ഏവരും ഉറ്റുനോക്കി. തന്റെ വീട്ടിലേക്കാണ് മടങ്ങിയെത്തിയതെന്ന് പറഞ്ഞായിരുന്നു ജമ്മുവിലെ ആദ്യത്തെ പ്രസംഗം രാഹുല്‍ ആരംഭിച്ചത്.
അത് ശരി വെക്കുന്നത് പോലെയായിരുന്നു പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പ്രകടനവും. മഞ്ഞില്‍ കുടുങ്ങിയ കാര്‍ തള്ളുന്ന രാഹുലിന്റെ ചിത്രവും ആ രീതിയിലായിരുന്നു ആഘോഷിക്കപ്പെട്ടത്. കശ്മീരിലെ പ്രത്യേക വസ്ത്രമായ ഫെരാന്‍ ധരിച്ച് ശ്രീനഗറിലെ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ സഹോദരി പ്രിയങ്കയ്‌ക്കൊപ്പം മഞ്ഞുകട്ടകള്‍ എറിഞ്ഞ് കളിക്കുന്ന രാഹുല്‍ ഗാന്ധി സ്‌നേഹത്തിന്റെ സന്ദേശം കൂടിയായിരുന്നു പകര്‍ന്ന് നല്‍കിയത്. സഹോദരിയെ ചുംബിച്ചതിന് ഇതാണോ ഭാരതീയ സംസ്‌കാരമെന്ന് ചോദിച്ച ബിജെപിക്കുള്ള മറുപടിയാണ് സ്‌നേഹത്തിന്റെ കട തുറന്ന് രാഹുല്‍ കാണിച്ചു കൊടുത്തത്.
75വര്‍ഷങ്ങള്‍ക്ക് മുമ്പ് നെഹ്‌റു പതാക ഉയര്‍ത്തിയ ശ്രീനഗറിലെ ലാല്‍ ചൗക്ക് സിറ്റി സെന്ററില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയാണ് രാഹുല്‍ ജോഡോ യാത്ര സമാപിപ്പിച്ചത്. രാഹുലിനൊപ്പം ജമ്മുവില്‍ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും ഒരുമിച്ച് അണിചേര്‍ന്നത് പ്രതിപക്ഷ നേതാക്കള്‍ക്ക് രാഹുലിനോടുള്ള വിശ്വാസം കാണിക്കുന്നതായിരുന്നു. പിന്നീടുള്ള കര്‍ണാടക തിരഞ്ഞെടുപ്പിലും ഹിമാചല്‍ പ്രദേശിലും വിജയിച്ചു കയറിയതും രാഹുലിനോടൊപ്പമുള്ള ജനങ്ങളുടെ വിശ്വാസത്തിന്‍മേലായിരുന്നു. ഹരിയാനയിൽ ചുവട് അൽപ്പം പിഴച്ചുപോയെങ്കിലും കാശ്മീരിൽ സാന്നിദ്ധ്യമറിയിക്കാൻ കോൺഗ്രസിന് കഴിഞ്ഞു.
#RahulGandhi #KashmirElections #BharatJodoYatra #NationalConference #PoliticalChange #Congress