Political Crisis | സംഭാലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും അതിർത്തിയിൽ തടഞ്ഞ് യുപി പൊലീസ്; സ്ഥലത്ത് സംഘർഷാവസ്ഥ 

 
Rahul Gandhi Stopped at UP Border en route to Sambhal
Rahul Gandhi Stopped at UP Border en route to Sambhal

Photo Credit: Screenshot from a X video by UP Congress

  • രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംഭാൽ സന്ദർശിക്കാൻ പോയി.

  • ഉത്തർപ്രദേശ് പൊലീസ് അതിർത്തിയിൽ വച്ച് തടഞ്ഞു.

  • കോൺഗ്രസ് ജനാധിപത്യത്തെ അടിച്ചമർത്തൽ ആരോപിച്ചു.

ലക്‌നൗ: (KVARTHA) സംഘർഷ ബാധിതമായ ഉത്തർപ്രദേശിലെ സംഭാൽ സന്ദർശിക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം ഗാസിപൂർ അതിർത്തിയിൽ യുപി പൊലീസ് തടഞ്ഞു. ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അതിർത്തിയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. വഴി തടഞ്ഞത് ജനാധിപത്യത്തിൻ്റെ കൊലപാതകമാണെന്ന് അമേഠി എംപി കിഷോരി ലാൽ ആരോപിച്ചു. 


രാഹുൽ ഗാന്ധിയോടൊപ്പം സഹോദരി പ്രിയങ്ക ഗാന്ധി എംപിയും മറ്റ് പാർട്ടി നേതാക്കളുമുണ്ട്. നേതാക്കൾക്ക്  പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകരും തടിച്ച് കൂടിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളുടെ വാഹനവ്യൂഹം അതിർത്തിയിൽ എത്തിയതോടെ റോഡിന് കുറുകെ ബാരിക്കേഡുകൾ സ്ഥാപിച്ചത് ഗതാഗതം സ്തംഭനത്തിനു കാരണമായി. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 

ഗാസിപൂരിൽ പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. രാവിലെ 10.15 ഓടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട നേതാക്കൾ 11 മണിയോടെയാണ് അതിർത്തിയിലെത്തിയത്. എന്നാൽ, ഇവരുടെ വാഹനവ്യൂഹത്തിന് കൂടുതൽ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. കോൺഗ്രസ് നേതാക്കൾ ജില്ലയിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരെ തടയണമെന്ന് സംഭാൽ ജില്ലാ ഭരണകൂടം അയൽ ജില്ലകളോട് അഭ്യർത്ഥിച്ചിരുന്നു.


ബുലന്ദ്ഷഹർ, അംറോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരോട് അതിർത്തിയിൽ രാഹുൽ ഗാന്ധിയെ തടയാൻ സംഭാൽ ജില്ലാ കലക്ടർ അഭ്യർത്ഥിച്ചിരുന്നു. സംഭാലിലേക്കുള്ള യാത്രയിൽ രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ 10 വരെ ഈ പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.


കഴിഞ്ഞ മാസം 24-ന് സംഭാൽ ഷാഹി ജുമാ മസ്ജിദിൽ ജില്ലാ കോടതി ഉത്തരവ് പ്രകാരം നടന്ന സർവേയ്ക്കിടെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. ഹരിഹർ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിൽ ഈ മസ്ജിദ് നിർമ്മിച്ചു എന്ന ആരോപണത്തെ തുടർന്നുള്ള ഹിന്ദു സേനയുടെ ഹർജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. പൊലീസ് വെടിവയ്പ്പിലാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

#RahulGandhi, #PriyankaGandhi, #UttarPradesh, #Sambhal, #Congress, #BJP, #IndianPolitics, #Protest, #Police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia