Analysis | ഡിഎംകെയുടെ പാലക്കാട് നീക്കം: രാഷ്ട്രീയ നാടകമോ തന്ത്രപരമായ നീക്കമോ! നിലമ്പൂരിൽ അടുത്ത തവണ പിവി അൻവർ തന്നെ യുഡിഎഫ് സ്ഥാനാർഥി?


● പി.വി. അൻവർ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കുന്നു.
● യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള സാധ്യത.
● ബിജെപിയുടെ വിജയസാധ്യത തടയുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം.
സോണി കല്ലറയ്ക്കൽ
(KVARTHA) യഥാർത്ഥ സംഘിസംഘ്പരിവാർ വിരുദ്ധൻ പി വി അൻവർ ആണെന്ന് തോന്നിക്കും അദ്ദേഹത്തിൻ്റെ പ്രസ്താവനയും തീരുമാനവും കണ്ടാൽ. പക്ഷേ, സാമാന്യ രാഷ്ട്രീയ ബോധമുള്ളവർക്ക് മനസിലാകും ഇത് വളരെ താമസിയാതെ യു.ഡി.എഫിലേയ്ക്ക് ചേക്കേറാനുള്ള ഒരു വെടിയാണെന്ന്. കേരളത്തിൽ ആര് വിജയിച്ചാലും ബിജെപിയുടെ വിജയം ഒഴിവാക്കിയാൽ ഇന്ത്യൻ ജനതയ്ക്ക് നല്ലത് തന്നെയാണെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. പക്ഷേ, കോൺഗ്രസുകാരോട് ചോദിക്കട്ടെ പാലക്കാട് എന്ന തുച്ഛമായ ഭൂരിപക്ഷമുള്ള നിയമസഭ സീറ്റ് നിലനിർത്താതെ ഉപതിരഞ്ഞെടുപ്പ് നടത്തി ബിജെപിക്ക് വീണ്ടുമൊരു മത്സരത്തിന് അവസരം കൊടുത്തത് ആരാണ്?
ഇതിനാണ് യു.ഡി.എഫും കോൺഗ്രസ് നേതാക്കളും മറുപടി പറയേണ്ടത്. ഇപ്പോൾ ഈ വിഷയം ചർച്ചയാകാൻ കാരണം പി.വി അൻവർ എം.എൽ.എ നടത്തിയ ഒരു പ്രസ്താവനയാണ്. പാലക്കാട് മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിന്ന് പി.വി.അൻവറിൻ്റെ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാനാണ് തീരുമാനം. പാർട്ടിയുടെ കൺവെൻഷൻ ബുധനാഴ്ച പാലക്കാട് വെച്ച് നടക്കാനിരിക്കെയാണ് നിർണായക നീക്കം. ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വിശദീകരണം.
ഇതോടെ പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥി എംഎം മിൻഹാജിനെ ഉടൻ ഔദ്യോഗികമായി പിൻവലിക്കും. പാലക്കാട് യുഡിഎഫിനെ പിന്തുണക്കാനാണ് ഡിഎംകെയുടെ പദ്ധതി. ഇതിനായി യുഡിഎഫ് നേതാക്കളുമായും പിവി അൻവർ ചർച്ച നടത്തിയതായാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം കൺവെൻഷന് ശേഷം പി വി അൻവർ പ്രഖ്യാപിച്ചേക്കും. യുഡിഎഫ് നേതാക്കൾ സമീപിച്ചതായി പി വി അൻവർ തന്നെ മാധ്യമങ്ങളോട് തുറന്നുസമ്മതിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പൊതുവായി ഇൻഡ്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി നിൽക്കണമെന്നാണ് തന്റെ ഇപ്പോഴത്തെയും ആവശ്യം. എന്നാൽ പാലക്കാടും ചേലക്കരയിലും നിർണായകമായ തീരുമാനങ്ങൾ എടുത്തേ മുന്നോട്ടുപോകാനാകൂ എന്നും പി വി അൻവർ പറഞ്ഞു. വിട്ടുവീഴ്ചകൾ ചെയ്യണമെന്നുപറഞ്ഞ് ആളുകൾ തന്നെയും തന്റെ അനുയായികളെയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ത്യാഗിയാകുമോ എന്നത് ഉടൻ തീരുമാനിക്കുമെന്നും പിൻവലിക്കേണ്ട എന്നാണ് തന്റെ മനസിലുള്ളതെന്നും പി വി അൻവർ പറഞ്ഞു.
ബിജെപിയും പിണറായിയും തോൽക്കുന്നതാണ് ജനങ്ങൾക്കിഷ്ടമെന്നാണ് അൻവർ പറയാതെ പറയുന്നത്. ആര് പിന്തുണച്ചില്ലെങ്കിലും പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കരുതുന്നവരുണ്ട്. ഇപ്പോൾ രാഷ്ട്രീയത്തിൽ അൻവറിൻ്റെ തുടർന്നുള്ള നിലനിൽപും ഒരു പ്രശ്നമാണ്. ഒറ്റയ്ക്ക് ഒരുപാട് കാലം പിടിച്ചു നിൽക്കാൻ സാധിക്കുമെന്നും തോന്നുന്നില്ല. അപ്പോൾ മറിച്ച് ചില രാഷ്ട്രിയ തീരുമാനങ്ങൾ എടുത്തു മാത്രമേ മുന്നോട്ട് പോകാൻ പറ്റു. അതിൻ്റെ ഒരു ചുവട് വെയ്പ്പാണ് അദ്ദേഹത്തിൻ്റെ ഈ പ്രസ്താവനയെന്നാണ് മനസ്സിലാക്കേണ്ടത്.
അപ്പോൾ അൻവറിന്റെ പാർട്ടി പാലക്കാട് മത്സരിച്ചാൽ കോൺഗ്രസിനാണ് ക്ഷീണം ചെയ്യുക എന്ന് പറഞ്ഞാൽ അത് പൊതുജനത്തിന് എങ്ങനെ ഉൾക്കൊള്ളാനാവും എന്നും ചിന്തിക്കേണ്ടത്. പി.വി അൻവർ ഭരണകക്ഷിയിൽപ്പെട്ട എം.എൽ.എ ആയിരുന്നു. അദ്ദേഹം സി.പി.എമ്മിനെ വെല്ലുവിളിച്ചാണ് പുറത്തുചാടിയത്. ഇപ്പോഴും ആ ലൈനിൽ തന്നെ എം.എൽ.എ നിൽക്കുന്നു. ഇക്കാലമത്രയും യു.ഡി.എഫിനെ പിന്തുണച്ചതായി ഒരിടത്തും കേട്ടിട്ടുമില്ല. ആ ഒരു അൻവർ തൻ്റെ സ്വന്തം സ്ഥാനാർത്ഥിയെ പാലക്കാട് നിർത്തുമ്പോൾ അത് കോൺഗ്രസിനും യു.ഡി.എഫിനും ആണ് ഗുണം ചെയ്യുക എന്ന് ചിന്തിക്കുന്നവരാണ് ഏറെ.
അൻവർ എം.എൽ.എയുടെ പെട്ടിയിൽ വീഴുന്നത് സി.പി.എമ്മിനോട് വിരോധമുള്ള എൽ.ഡി.എഫ് വോട്ടുകൾ തന്നെയാകും. അവിടെ മെട്രോമാൻ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും വിജയിച്ചതും ഒന്നാം സ്ഥാനം നിലനിർത്തിയതും കോൺഗ്രസ് ആയിരുന്നെന്ന ചരിത്രം മറക്കരുത്. ഇക്കുറി മെട്രോമാനോളം വരില്ല പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥിയെന്ന് ആക്ഷേപമുണ്ട്. ഒപ്പം തന്നെ യു.ഡി.എഫിന് അവിടെ മികച്ച സ്ഥാനാർത്ഥിയുമാണ്. പിന്നെ എന്തിനാണ് അൻവറിൻ്റെ സ്ഥാനാർത്ഥിയെ മാറ്റുന്നത്. ആ സ്ഥാനാർത്ഥി അവിടെ മത്സരിച്ചാൽ ഗുണമുണ്ടാകുക യു.ഡി.എഫിന് തന്നെ ആയിരിക്കും.
ഇപ്പോൾ ഈ നടക്കുന്ന നാടകങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആരൊക്കെയോ കളിക്കുന്ന കളികൾ ആണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് അറിയാം. അടുത്ത തവണ മുഖ്യമന്ത്രിയും എം.എൽ.എയും മന്ത്രിയും ഒക്കെ ആകാൻ ആഗ്രഹിക്കുന്നവരുടെ പൊറോട്ട് നാടകമെന്ന് വേണം ഇതിനെ വിലയിരുത്താൻ.
#PVAnwar #PalakkadByElection #KeralaPolitics #DMK #UDF #LDF #BJP #IndianPolitics