Controversy | ന്യൂനപക്ഷങ്ങളെയും മതേതര ഹിന്ദുക്കളെയും സിപിഎമ്മില്‍ നിന്ന് അകറ്റുകയാണോ അന്‍വര്‍?
● വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം
● സിപിഎമ്മിൽ നിന്ന് അകന്ന ശേഷം അൻവർ ശക്തമായ വിമർശനം ഉന്നയിക്കുന്നു.
● പിണറായി വിജയന്റെ നേതൃത്വത്തെ അദ്ദേഹം രൂക്ഷമായി വിമർശിക്കുന്നു.
അർണവ് അനിത
(KVARTHA) സിപിഎമ്മിനെയും സര്‍ക്കാരിനെയും ശുദ്ധീകരിച്ച്, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ വീണ്ടെടുക്കാനാണ് താന്‍ ഇറങ്ങിപ്പുറപ്പെട്ടതെന്ന് പ്രസ്താവിച്ചിരുന്ന പിവി അന്‍വര്‍ കളംമാറ്റി ചവിട്ടുന്ന കാഴ്ചയചാണ് ഞായറാഴ്ച നിലമ്പൂരില്‍ കണ്ടത്. ഏതാനും ദിവസങ്ങളായി അദ്ദേഹം സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കുകയും ചെയ്തു. വരുംദിവസങ്ങളിലും അത് തുടരുമെന്ന് ഉറപ്പാണ്. ക്രൈസ്തവ-മുസ്ലിം വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സിപിഎമ്മിനെ ആക്രമിക്കുന്ന കാഴ്ചയാണ് നിലമ്പൂര്‍ ചന്തമുക്കില്‍ ഞായറാഴ്ച വൈകുന്നേരം കണ്ടത്.
സിപിഎം പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ യോഗത്തിനെത്തി. അവരുടെ മുന്‍ ലോക്കല്‍ സെക്രട്ടറി സുകു അന്‍വറിന്റെ വിശദീകരണയോഗത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു. പാര്‍ട്ടിക്കെതിരെ പ്രാദേശിക വികാരം ഇളക്കിക്കൊണ്ടുവരാന്‍ അന്‍വറിന് സാധിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. മലപ്പുറം സിപിഎമ്മിന് വളക്കൂറുള്ള മണ്ണല്ലെങ്കിലും ടി.കെ ഹംസ, കെടി ജലീല്‍, കാരാട്ട് റസാഖ്, പിവി അന്‍വര്‍, അബ്ദുറഹ്‌മാന്‍ എന്നിവരിലൂടെ ലീഗിനെ മുട്ടുകുത്തിച്ച ചരിത്രമാണ് അവര്‍ക്കുള്ളത്.
ഇതില്‍ ടികെ ഹംസയും അബ്ദുറഹ്‌മാനും ഒഴികെയുള്ളവര്‍ സിപിഎമ്മിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ജലീല്‍ ഒക്ടോബര്‍ രണ്ടിന് നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചെങ്കിലും അതിലൊരു സിപിഎം വിരുദ്ധത മണക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ലഭിച്ചെങ്കിലും കോണ്‍ഗ്രസും യുഡിഎഫ് സംവിധാനവും വളരെ ദുര്‍ബലമാണ്. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ സിപിഎമ്മിന് മൂന്നാമൂഴം ലഭിക്കുമോ എന്ന ആശങ്ക യുഡിഎഫിലെ അധികാരമോഹികള്‍ക്കും ചില എന്‍ആര്‍ഐ വ്യവസായികള്‍ക്കുമുണ്ട്.
മുഖ്യമന്ത്രി പിണറായിക്കും സര്‍ക്കാരിനുമെതിരെ പ്രതിഷേധങ്ങളും സമരങ്ങളും നടത്തുന്നതില്‍ പ്രതിപക്ഷം വലിയ പരാജയമാണെന്ന വിലയിരുത്തല്‍ അവര്‍ക്കിടയില്‍ തന്നെയുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തമ്മിലുള്ള ചേരിപ്പോരും തൃശൂരിലെ തോല്‍വിയെ തുടര്‍ന്ന് കെ.മുരളീധരന്‍ നേതൃത്വത്തിനെതിരെ നടത്തുന്ന പടയും രമേശ് ചെന്നിത്തല സ്വന്തംനിലയില്‍ നടത്തുന്ന നീക്കങ്ങളും കോണ്‍ഗ്രസിലെ ഐക്യം തകര്‍ത്തിരിക്കുകയാണ്.
അതിനാല്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന ആശങ്ക പ്രതിപക്ഷത്തിനും ചില ജാതി, മത നേതാക്കള്‍ക്കും ആദ്യം സൂചിപ്പിച്ച വ്യവസായികള്‍ക്കുമുണ്ട്. അവരെല്ലാം ചേര്‍ന്ന്, പിണറായിയെ താഴെയിറക്കാന്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന പിവി അന്‍വറിനെ കളത്തിലിറക്കുകയായിരുന്നുവെന്നാണ് പറയുന്നത്. വളരെ ആസൂത്രിതമായ പദ്ധതിയാണ് അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പിവി അന്‍വര്‍ ജനപ്രതിനിധി എന്നതിലുപരി ഒരു കച്ചവടക്കാരനാണ്. അയാള്‍ക്ക് ഒറ്റയ്ക്ക് ഇത്തരത്തിലൊരു നീക്കം നടത്താനാവില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിയാം.
മലബാറിലടക്കം മുസ്ലിം വോട്ട് പങ്കാളിത്തം നല്ലപോലുള്ള 60തോളം നിയമസഭാ മണ്ഡലങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് പിവി അന്‍വര്‍ പറഞ്ഞത് വെറുതെയല്ല. അതുപോലെ തന്നെ ക്രൈസ്തവ സഭകള്‍ക്കും മധ്യതിരുവിതാംകൂറിലും മലബാറിലും മധ്യകേരളത്തിലുമുണ്ട്. ഈ രണ്ട് വിഭാഗങ്ങളെയും ഭൂരിപക്ഷസമുദായത്തിലെ മതേതര വിശ്വാസികളെയും സിപിഎമ്മില്‍ പിണറായി വിജയനോട് എതിര്‍പ്പുള്ള പ്രവര്‍ത്തകരെയും അണികളെയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യിപ്പിക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. അതില്‍ ഏതാണ്ട് അവര്‍ വിജയിച്ചിട്ടുണ്ട്.
മലബാറിലെ മൂന്ന് പ്രധാന കേസുകളില്‍ പൊലീസ് കാണിച്ച അനാസ്ഥ സിപിഎമ്മിന് വലിയ തിരിച്ചടി നല്‍കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. വ്യവസായി മാമിയുടെ തിരോധാനം, മലപ്പുറത്ത് പൊലീസ് തമീര്‍ ജിഫ്രി എന്ന യുവാവിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം, റിദാന്‍ ബാസിദ് വെടിയേറ്റ് മരിച്ചത്, ഈ കേസുകളില്‍ വലിയ അനാസ്ഥയാണ് പൊലീസ് കാണിച്ചിട്ടുള്ളത്. അന്‍വര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടും അന്വേഷത്തിന് ആഭ്യന്തരവകുപ്പ് തയ്യാറായിട്ടില്ല.
കൊല്ലപ്പെട്ട രണ്ട് പേരും കാണാതായ വ്യവസായിയും ഒരേ സമുദായക്കാരാണ്. അതുകൊണ്ട് തന്നെ മലബാറില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. റിദാന്‍ വധക്കേസില്‍ എഡിജിപി അജിത് കുമാറിനെ ഉള്‍പ്പെടെ പിവി അന്‍വര്‍ ആരോപണ വിധേയനാക്കിയിരിക്കുകയാണ്. അതുകൊണ്ട് സിപിഎം ഏറെ വെളളം കുടിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. അന്‍വറിനെ കേസുകളില്‍ കുടുക്കാന്‍ നോക്കിയാല്‍ രാഷ്ട്രീയമായി വലിയ നഷ്ടമായിരിക്കും സംഭവിക്കുക. അന്‍വറിന്റെ ആരോപണങ്ങളില്‍ സത്യമുള്ളത് കൊണ്ടാണ് കേസില്‍ തളയ്ക്കാന്‍ നോക്കുന്നതെന്ന് പൊതുജനത്തിന് സംശയമുണ്ടാകും.
സ്വര്‍ണം പൊട്ടിക്കല്‍ സംഭവങ്ങളില്‍ ചില സിപിഎം നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണം പൊതുമണ്ഡലത്തിലുണ്ട്. ഇപി ജയരാജനെ ഇടത് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ആഴ്ചകള്‍ക്ക് മുമ്പുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നതായി വാര്‍ത്തകളുണ്ട്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഷാജഹാനും ഇത് പറയുന്നു.
കണ്ണൂര്‍ എയർപോര്‍ട്ടിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച ദൃശ്യങ്ങള്‍ പൊലീസിന് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് അന്‍വര്‍ പറയുന്നത്. പി ജയരാജന്റെ വിശ്വസ്തനായ ആകാശ് തില്ലങ്കേരി അടക്കമുള്ള ചിലര്‍ക്ക് സ്വര്‍ണം പൊട്ടിക്കലുമായി ബന്ധമുണ്ടെന്ന ആക്ഷേപമുണ്ട്. ഇതെല്ലാം വലിയ സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ്. പലതരത്തിലാണ് സിപിഎമ്മിന് ഇക്കാര്യങ്ങള്‍ തലവേദനയാകുന്നത്. അതുകൊണ്ടാണ് അന്‍വറിന്റെ കാര്യത്തില്‍ പാര്‍ട്ടി ഇപ്പോഴും സംയമനം പാലിക്കുന്നത്.
#KeralaPolitics #CPM #PinarayiVijayan #PVAnvar #KeralaElections #IndiaPolitics #Corruption #ReligiousPolarization