Security | പി വി അന്‍വറിന്റെ വസതിക്ക് സുരക്ഷ ഒരുക്കാന്‍ ഉത്തരവിട്ട് ജില്ല പൊലീസ് മേധാവി
● ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
● പൊലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിക്കും.
മലപ്പുറം: (KVARTHA) നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ (PV Anvar) വസതിക്ക് സുരക്ഷ ഒരുക്കാന്‍ മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ ഉത്തരവിട്ടു. പി.വി അന്‍വര്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറും പൊലീസ് സംഘം സ്ഥലത്ത് ഉണ്ടാകണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
സുരക്ഷയുടെ ഭാഗമായി വസതിക്ക് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥനും മൂന്ന് സിവില്‍ പൊലീസുകാരും അടങ്ങുന്ന സംഘത്തിനാണ് ചുമതല. പൊലീസ് സംരക്ഷണം ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാറിനോട് നന്ദിയുണ്ടെന്ന് പി.വി. അന്‍വര്‍ പ്രതികരിച്ചു.
അന്‍വറിനെതിരെ സി.പി.എം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യവും പ്രകടനവും വസതിക്ക് മുമ്പില്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുരക്ഷ നല്‍കാന്‍ പൊലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞദിവസം നിലമ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കയത്. സംഭവത്തില്‍ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, കൊലവിളി മുദ്രാവാക്യത്തില്‍ പി.വി അന്‍വര്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. 'വയനാട് ദുരന്തത്തില്‍ ചാലിയാറില്‍ കുറെ കൈയും കാലും ഇനിയും കിട്ടാനുണ്ട്. എന്റെ കൈയും കാലും അതില്‍ ഒന്നാവട്ടെ' -എന്നായിരുന്നു പി.വി അന്‍വറിന്റെ മറുപടി. മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകരുടെ മനസ്സ് തനിക്കൊപ്പമാണ്. പ്രകടനം നടത്താന്‍ അവര്‍ നിര്‍ബന്ധിതരായതാണ്. ഇന്നലെ വൈകീട്ട് പോലും തന്നോട് സംസാരിക്കുകയും ചായ കുടിക്കുകയും ചെയ്തവര്‍ പോലും ആ കൂട്ടത്തിലുണ്ടെന്നും പി.വി അന്‍വര്‍ പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ 12നാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് അന്‍വര്‍ കത്ത് നല്‍കിയത്. വീടിനും സ്വത്തിനും സംരക്ഷണം വേണമെന്നാണ് ആവശ്യം. തന്നെ കൊലപ്പെടുത്താനും വീട്ടുകാരെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നു.
തനിക്കെതിരെ ഭീഷണിക്കത്ത് വന്നെന്നും ജീവഭയം ഉണ്ടെന്നും കാണിച്ചാണ് അന്‍വര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ഭീഷണിക്കത്തിന്റെ പകര്‍പ്പും നല്‍കിയിട്ടുണ്ട്. ഡി.ജി.പിയുമായി പി.വി. അന്‍വര്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് എം.എല്‍.എയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ കത്ത് നല്‍കിയത്. എ.ഡി.ജി.പി അജിത് കുമാര്‍ അടക്കം സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയില്‍ ഡി.ജി.പിക്ക് തെളിവുകള്‍ കൈമാറിയിരുന്നു.
#PVAnvar #Kerala #security #threats #CPM #protest #India