Support | പി വി അന്‍വറും വിഡി സതീശനും കൈകോർത്തോ, ലക്ഷ്യമെന്ത്?
● പിണറായി വിജയനെതിരായ ആക്രമണം ശക്തമാക്കുന്നു
● പി വി അൻവർ സിപിഎമ്മിൽ നിന്ന് അകന്നുനിൽക്കുകയാണ്
● നീക്കങ്ങൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു
അർണവ് അനിത
(KVARTHA) പി വി അന്‍വറും വിഡി സതീശനും കൈകോർത്തോ? മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടന്നാക്രമിക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ തീരുമാനമെടുത്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പൂര്‍ണപിന്തുണ അറിയിച്ചതായി വിവരം. മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റുന്നതിന് പാര്‍ട്ടിയിലെ ചിലരും ഘടകക്ഷികളിലെ കുറച്ച് പേരും കുറച്ച് വ്യവസായികളും നടത്തുന്ന നീക്കത്തെ കുറിച്ച് പ്രതിപക്ഷത്തിന് വ്യക്തമായ സൂചന ലഭിച്ചു. രണ്ടുദിവസം മുമ്പ് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ നിലമ്പൂരിലെത്തിയ വി ഡി സതീശനുമായി രണ്ടിടങ്ങളില്‍ വച്ച് അന്‍വര്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷനേതാവിനെതിരെ നടത്തിയ 150 കോടിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വേണ്ട രീതിയില്‍ അന്വേഷണമുണ്ടായില്ലെന്നും പരാതിക്കാരനായ തന്നില്‍ നിന്ന് മൊഴിപോലും എടുക്കാതെ എഡിജിപിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം അവസാനിപ്പിക്കുകയാണുണ്ടായതെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മലപ്പുറം ചുങ്കത്തറ സിഎച്ച്സിയില്‍ നടന്ന പരിപാടിയിലും രണ്ടുപേരും ഏറെനേരം സംസാരിച്ചിരുന്നു.
സിഎച്ച്‌സിയിലെ ഡയാലിസിസ് സെന്ററിലേക്ക് നാലു മെഷീനുകള്‍ ലഭ്യമാക്കാന്‍ വി ഡി സതീശന്റെ സഹായം തേടുകയും ചെയ്തു. എംഎല്‍എയുടെ ആവശ്യം കേട്ടയുടന്‍ മെഷീനുകള്‍ വാങ്ങാനുള്ള പണം താന്‍ നല്‍കുമെന്നായിരുന്നു സതീശന്റെ പ്രഖ്യാപനം. കോണ്‍ഗ്രസുമായുളള അന്തര്‍ധാരക്ക് അന്‍വര്‍ നീക്കം തുടങ്ങിയെന്നതിന്റെ കൃത്യമായ സൂചനകളാണ് ഇതൊക്കെയെന്ന് സിപിഎം കരുതുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം ഇടത് മുന്നണിയെ, പ്രത്യേകിച്ച് സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. അന്ന് മുതല്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നു. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റികള്‍ മുതലുള്ള താഴേത്തട്ടില്‍ വലിയ വിമര്‍ശനം ഉണ്ടായി. എന്നാല്‍ അതിലൊന്നും പിണറായി കുലുങ്ങിയില്ല. മാത്രമല്ല, പിണറായി മരുമകനെ തനിക്ക് പകരക്കാരനായി അവരോധിക്കുമോ എന്ന് സിപിഎമ്മിലെ പലരും ആശങ്കപ്പെടുന്നു. അതിന് തടയിടാനാണ് മുഖ്യമന്ത്രിയുടെ വലംകയ്യായിരുന്ന അന്‍വറിനെ ചിലര്‍ കളത്തിലിറക്കിയിരിക്കുന്നത്.
രാഹുല്‍ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയപ്പോഴും പിണറായി അന്‍വറിനെ തള്ളിപ്പറഞ്ഞിരുന്നില്ല. ഇന്നിപ്പോള്‍ അന്‍വര്‍, കെടി ജലീല്‍ നിയാസ് പുളിക്കന്‍, കാരാട്ട് റസാഖ് എന്നിവരെല്ലാം ഒരേ അച്ചുതണ്ടായി മാറിയിരിക്കുന്നു. ഇത് അത്ര പെട്ടെന്ന് ഉണ്ടായതോ, അവരുടെ എല്ലാം തലയില്‍ ഉദിച്ച തന്ത്രമോ അല്ല. അതുകൊണ്ടാണ് അന്‍വറിന് പിന്നില്‍ ആരാണെന്ന് പിന്നീട് കേരളം അറിയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. എന്നാല്‍ അന്‍വറിനോട് അനുഭാവപൂര്‍വമായ നീക്കമായിരിക്കും തന്റെ ഭാഗത്തു നിന്നുണ്ടാകുക എന്ന സൂചന പരസ്യമായി പ്രകടിപ്പിച്ചാണ് വി ഡി സതീശന്‍ നിലമ്പൂരില്‍ നിന്ന് മടങ്ങിയത്.
മുഖ്യമന്ത്രിയെ മാറ്റാനുള്ള പദ്ധതിക്ക് പൊലീസിലെ ചില ഉന്നതരും ഒത്താശ ചെയ്യുന്നുണ്ടെന്ന് സൂചനയുണ്ട്. അവരെല്ലാം അന്‍വറിന് പല രേഖകളും തെളിവുകളും കൈമാറിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് എഡിജിപി അജിത് കുമാറിനും പി ശശിക്കും എതിരെ തിരിഞ്ഞത്. ഇത് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി അജിത്കുമാറിനെ മാറ്റാന്‍ തയ്യാറാകാത്തത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ യാതോരു പുതുമയും ഇല്ലാത്തതാണ്. എന്നാല്‍ ഭരണകക്ഷി എംഎല്‍എ ഇക്കാര്യം തുറന്നടിച്ചത് സിപിഎമ്മിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
മറുപടി കൃത്യമായി പറയുമെന്ന് പിണറായി പറഞ്ഞിട്ടുമുണ്ട്. അന്‍വറിനെ സഹായിക്കാന്‍ ഒരു കൂട്ടം സൈബര്‍ സഖാക്കളും ചില മാധ്യമപ്രവര്‍ത്തകരും രംഗത്തുണ്ട്. ഇതിന്റെയൊക്കെ പിന്നില്‍ വലിയതോതില്‍ പണമിറക്കി കളിക്കാന്‍ ആളുണ്ട്. അവരൊക്കെ പിണറായി വിജയന്റെ സഹായം കൈപ്പറ്റിയവരാണ് എന്നതാണ് മറ്റൊരു കാര്യം. പാര്‍ട്ടിയിലും മുന്നണിയിലും പ്രതിപക്ഷത്തും തന്നെ മാറ്റാന്‍ കരുനീക്കം നടക്കുമ്പോള്‍ മുഖ്യമന്ത്രി കൂടുതല്‍ പ്രതികരണങ്ങളിലേക്ക് കടക്കാതെ സംയമനം പാലിക്കുകയാണ്.
ഒന്നര പതിറ്റാണ്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട് സിപിഎം പിന്തുണയോടെ എംഎല്‍എയായ വ്യക്തിയാണ് അന്‍വര്‍. അദ്ദേഹം ആദ്യം സിപിഐയില്‍ ചേരാനാണ് ആഗ്രഹിച്ചത്. എന്നാല്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന്‍ അത് അനുവദിച്ചില്ല. എഡിജിപിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് നേരെയും വാര്‍ത്താസമ്മേളനങ്ങളിലൂടെ രംഗത്തെത്തിയ അന്‍വര്‍ ആദ്യഘട്ടങ്ങളില്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയെ വിശ്വസ്തര്‍ വഞ്ചിക്കപ്പെടുകയാണെന്ന ആസങ്കയായിരുന്നു അന്‍വര്‍ പങ്കുവച്ചത്.
എന്നാല്‍ വി ഡി സതീശനെ കണ്ടതിനുശേഷം പൊടുന്നനെ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി അന്‍വര്‍ രംഗത്തുവരികയായിരുന്നു. നിലമ്പൂരിലെ പരിപാടികളില്‍ ഇരുവരും വേദിയിലിരുന്ന് സംസാരിച്ചത് കൗതുകത്തോടെയാണ് നാട്ടുകാര്‍ വീക്ഷിച്ചത്. പരസ്പരം കണ്ടാല്‍ പോലും മിണ്ടാന്‍ മടിച്ചിരുന്ന രണ്ട് നേതാക്കള്‍ തമ്മില്‍ പൊടുന്നനെയുണ്ടായ സൗഹൃദം അത്ഭുതപ്പെടുത്തുന്നതായിരുന്നു. അപകടം മണത്ത പലരും ഇരുവരുടെയും സംഭാഷണവിഷയത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും തങ്ങള്‍ വളരെ പഴക്കമുള്ള സുഹൃത്തുക്കളാണെന്നായിരുന്നു രണ്ട് പേരുടെയും മറുപടി.
തന്റെ ആശീര്‍വാദത്തോടെയുള്ള ആക്രമണം അന്‍വര്‍ അതിശക്തമായ തുടരട്ടെയെന്നും തല്‍ക്കാലം ഗാലറിയിലിരുന്ന് കളികാണാമെന്നും നിണായകഘട്ടത്തില്‍ പിന്തുണയുമായി രംഗത്തെത്താമെന്നുമാണ് വി ഡി സതീശന്റെയും കോണ്‍ഗ്രസിന്റെയും തീരുമാനമെന്നും അറിയുന്നു. എന്തായാലും സതീശന്റെ സാന്നിധ്യം പകര്‍ന്ന പ്രതീക്ഷയും ഊര്‍ജവും കൈമുതലാക്കിയിട്ടാണെന്ന് സംശയിക്കുന്ന വിധത്തിലായിരുന്നു തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്‍വറിന്റെ പൊട്ടിത്തെറികളുണ്ടായത്.
എല്‍ഡിഎഫുമായി ബന്ധം വിഛേദിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തു. തന്റെ കോണ്‍ഗ്രസ് പാരമ്പര്യത്തെക്കുറിച്ച് വാചലാനാവുകയും നെഹ്രു കുടുംബത്തോടുള്ള ആദരവ് ഇന്നും മനസില്‍ സൂക്ഷിക്കുന്നതായും പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും രാഷ്ട്രീയമായ ഡിഎന്‍എ എന്നാണ് ഉദ്ദേശിച്ചതെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ നടത്തിയ രൂക്ഷമായ അഭിപ്രായങ്ങളോട് അനുഭാവമായ സമീപനവും പിന്തുണയുമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുതിര്‍ന്ന പല കോണ്‍ഗ്രസ് നേതാക്കളും കൈകൊള്ളുന്നതെന്നതും പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പലരുടെയും പിന്തുണയുണ്ടെന്ന വ്യക്തമായ തെളിവാണ്. മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തുവരുന്ന പക്ഷം യുഡിഎഫ് പ്രശ്‌നം ഏറ്റെടുക്കുമെന്നും ധാര്‍മ്മികമായ പിന്തുണയുണ്ടാകുമെന്നുമുള്ള ഉറപ്പാണ് നിലമ്പൂരില്‍ വച്ച് പ്രതിപക്ഷ നേതാവില്‍ നിന്ന് അന്‍വറിന് ലഭിച്ചതെന്നുവേണം കരുതാന്‍.
#KeralaPolitics #PVAnvar #VDSatheesan #PinarayiVijayan #CPI(M) #Congress