● എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഒപ്പിടുന്നത് ഒഴിവാക്കി.
● ജില്ലാ പഞ്ചായത്ത് പുന:സംഘടനയില്‍ ധനകാര്യ സ്ഥിരം സമിതിയിലേക്ക് തെരഞ്ഞെടുത്തിരുന്നു.
● സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സ്ഥാനക്കയറ്റം.
കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബു ദൂരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതിയായ പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ കോടതി ഇളവ് നല്‍കിയതോടെ വരും ദിവസങ്ങളില്‍ ദിവ്യ പൊതുരംഗത്ത് കൂടുതല്‍ സജീവമാകും. കണ്ണൂര്‍ ജില്ല വിട്ടുപോകാന്‍ തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
എല്ലാ തിങ്കളാഴ്ചയും രാവിലെ പതിനൊന്ന് മണിക്ക് മുന്‍പായി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരായി ഒപ്പിടുന്നതും ഒഴിവാക്കി. തലശേരി സെഷന്‍സ് കോടതിയില്‍ പി.പി. ദിവ്യയുടെ അഭിഭാഷകന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. രണ്ടാഴ്ച മുന്‍പ് നടന്ന ജില്ലാ പഞ്ചായത്ത് പുന:സംഘടനയില്‍ ദിവ്യയെ ധനകാര്യ സ്ഥിരം സമിതിയിലേക്ക് തെരഞ്ഞെടുത്തിരുന്നു.
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സ്ഥാനക്കയറ്റം. എന്നാല്‍ പി പി ദിവ്യ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുത്താല്‍ എതിര്‍ക്കാനും പ്രതിഷേധിക്കാനുമാണ് പ്രതിപക്ഷമായ യുഡിഎഫിന്റെ തീരുമാനം. നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കേസ് അട്ടിമറിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എഡിഎമ്മിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
#KeralaPolitics #PPDivya #BailRelaxation #NaveenBabuCase #CPI #Congress #UDF #KeralaNews #IndianPolitics