Benefits | അമേരിക്കൻ പ്രസിഡൻ്റിൻ്റെ ശക്തി എന്താണ്? ആനുകൂല്യങ്ങളും അവകാശങ്ങളും അറിയാം


● അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധി നാല് വർഷമാണ്.
● വൈറ്റ് ഹൗസ് അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ്.
● അമേരിക്കൻ പ്രസിഡന്റ് സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫാണ്.
ഡോണൽ മുവാറ്റുപുഴ
(KVARTHA) അമേരിക്കയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ആരാണ് അടുത്ത് അമേരിക്കൻ പ്രസിഡൻ്റ് എന്നതിനെപ്പറ്റി ആകാംക്ഷയിലാണ് ലോകം മുഴവൻ. എല്ലാകാലത്തും അമേരിക്കൻ തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ മലയാളിക്കും ഒരു ഹരമാണ്. നമ്മുടെ സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പ് പോലെ തന്നെയാണ് മലയാളികളിൽ ഭൂരിപക്ഷം പേർക്കും അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പും. അതുകൊണ്ട് എല്ലാവരും യു.എസിലെ പോലെ തന്നെ ഇവിടെയും ആഘോഷമാക്കുന്നു.
ഇപ്രാവശ്യം മത്സരം കടുപ്പമേറിയതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യു.എസ് പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപും തമ്മിലാണ് യു.എസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് പ്രധാന മത്സരം നടക്കുന്നത്. കമല ട്രംപിനേക്കാൾ കേവലം ഒരു ശതമാനം മാത്രം പോയിന്റുകൾക്ക് മുന്നിലാണ് എന്നാണ് പുറത്തുവരുന്ന വിവരം. കമല ഹാരിസ് 48 % വും ഡൊണാൾഡ് ട്രംപ് 47 % വും എന്ന കണക്കിലാണ് നിലവിലെ ട്രെൻഡ്.
13 % വരുന്ന കറുത്ത വർഗക്കാരുടെ വോട്ടുകളും നിർണ്ണായകമാവും. ഇന്ത്യൻ - ഏഷ്യൻ വംശജർ അധികവും ട്രംപ് പക്ഷക്കാരാണ്. ട്രെൻഡുകൾ മാറിമറിയുകയാണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കമല ഹാരീസ് തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യമായിട്ടാകും ഒരു വനിത യു.എസ് പ്രസിഡൻ്റ് ആകുന്നത് എന്ന പ്രത്യേകതയും ഉണ്ടാകും. ഈ അവസരത്തിൽ അറിയാം അമേരിക്കൻ പ്രസിഡൻ്റിനെപ്പറ്റി എന്ന ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അതിൽ അമേരിക്കൻ പ്രസിഡൻ്റിൻ്റെ അധികാരങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും എല്ലാം കൃത്യമായി വ്യക്തമാക്കുന്നു.
കുറിപ്പിൽ പറയുന്നത്:
ലോകത്തെ ശക്തിശാലിയായ പ്രസിഡന്റുമാരിൽ പ്രമുഖൻ. അമേരിക്കൻ പ്രസിഡണ്ടിന്റെ കാലാവധി 4 വർഷം മാത്രം. വാർഷിക ശമ്പളം - 4.4 ലക്ഷം ഡോളർ (3.36 കോടി രൂപ ). തെരഞ്ഞെടുപ്പിൽ ജയിച്ച് വൈറ്റ് ഹൗസിൽ പ്രവേശിക്കുമ്പോൾ ഗിഫ്റ്റായി ലഭിക്കുന്നത് ഒരു ലക്ഷം ഡോളർ (84 ലക്ഷം രൂപ). അത് അവിടെ അദ്ദേഹത്തിനനുസൃതമായ മാറ്റങ്ങൾ വരുത്താൻ വേണ്ടിയാണ്.
ചിലവിനം - 50000 ഡോളർ (42 ലക്ഷം രൂപ). എന്റർടൈൻറ്മെൻറ് -19000 ഡോളർ (16 ലക്ഷം രൂപ). ടാക്സ് ഫ്രീ ചിലവുകൾ - 1 ലക്ഷം ഡോളർ (84 ലക്ഷം രൂപ). യാത്രകൾക്ക് ലിമോസൻ കാർ, മറൈൻ ഹെലികോപ്റ്റർ, എയർ ഫോഴ്‌സ് വൺ വിമാനം. പ്രസിഡന്റുമാർക്ക് മരണം വരെയുള്ള വാർഷിക പെൻഷൻ -2.4 ലക്ഷം ഡോളർ (ഏകദേശം 2 കോടി ഡോളർ ). ജോൺ എഫ് കെന്നഡി, ഡൊണാൾഡ് ട്രംപ് എന്നിവർ തങ്ങളുടെ മുഴുവൻ ശമ്പളവും ചാരിറ്റിക്കായി ദാനം ചെയ്യുകയായിരുന്നു. ഒരു ശരാശരി അമേരിക്കൻ പൗരന്റെ വാർഷിക വരുമാനം കൂടി അറിയാം - 63795 ഡോളർ ( ഏകദേശം 53 ലക്ഷം രൂപ ).
ഇതാണ് ലോകത്തിലെ ഏറ്റവും ശക്തനായ പ്രസിഡൻ്റിന് കിട്ടുന്ന അനൂകൂല്യങ്ങളും അവകാശങ്ങളും. ഇതൊക്കെ വെച്ച് നോക്കുമ്പോൾ അമേരിക്കൻ പ്രസിഡൻ്റിന് മുന്നിൽ നമ്മുടെ ഭരണാധികാരികൾ ഒക്കെ എത്രയോ ചെറുതെന്ന് മനസ്സിലാകും. അമേരിക്കൻ പ്രസിഡൻ്റും മത്സരവും ഒക്കെ പലർക്കും അറിയാമായിരിക്കും. എന്നാൽ പവർ എന്താണെന്നതിനെക്കുറിച്ചും പ്രൗഢി എന്താണെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിക്കൂടെന്നില്ല. ഇത് അവർക്ക് ഒരു സഹായകമാകട്ടെ. കൂടുതൽ ആളുകളിലേയ്ക്ക് ഈ ലേഖനം പങ്കുവയ്ക്കാൻ മടിക്കേണ്ട.
#USPresident #KamalaHarris #DonaldTrump #Election2024 #WhiteHouse #Privileges