Election | പാലക്കാടൻ തെരഞ്ഞെടുപ്പ് കാറ്റിൽ ട്വിസ്റ്റിനുള്ള സാധ്യത തെളിയുന്നു; വിമത വേഷം കെട്ടുമോ സരിൻ?
● കോൺഗ്രസിൽ വെടി പൊട്ടിയതോടെ ബിജെപിക്കും എൽഡിഎഫിനും പുതിയ പ്രതീക്ഷ.
● പി സരിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ സിപിഎം
● സി.പി.എം. എല്ലാ രാഷ്ട്രീയ സാധ്യതകളും അന്വേഷിച്ചുവരികയാണ്.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തോടെ കോൺഗ്രസിൽ ഗ്രൂപ്പു പോര് തുടങ്ങിയത് എൽ.ഡി.എഫിനും ബി.ജെ.പിക്കും പ്രതീക്ഷയേകുന്നു. നേരിയ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ മെട്രോ മാൻ ശ്രീധരനെ തോൽപ്പിച്ചാണ് ഷാഫി പറമ്പിൽ നിയമസഭയിലെത്തിയത്. ബി.ജെ.പിയിലെ കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തേക്ക് തള്ളി മാറ്റപ്പെട്ട സി.പി.എമ്മിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് കോൺഗ്രസിലെ തമ്മിലടി.
രാഹുൽ മാങ്കൂട്ടത്തെ സ്ഥാനാർത്ഥിയാക്കിയതിൻ്റെ പേരിൽ പാർട്ടി നേതൃത്വത്തിനോട് ഇടഞ്ഞു നിൽക്കുന്ന പി സരിനെ തങ്ങളുടെ പിൻതുണയുള്ള സ്വതന്ത്രനാക്കി മത്സരിപ്പിക്കാൻ സി.പി.എം നടത്തുന്ന നീക്കങ്ങൾ യു.ഡി.എഫിന് നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. ഇതോടെ സരിനെ മുൻ നിർത്തിയുള്ള ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളാണ് സി.പി.എം.സജീവമാക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരസ്യമായി തള്ളിപ്പറഞ്ഞ പി സരിൻ സിപിഎം നേതാക്കളുമായി ഇതിനകം ആശയവിനിമയം നടത്തിയതായാണ് സൂചന.
പാലക്കാട് ജയിക്കുന്നതിനായി എല്ലാ രാഷ്ട്രീയ സാധ്യതകളും പയറ്റുമെന്ന് വ്യക്തമാക്കുന്ന സിപിഎം ചര്‍ച്ചക്കുള്ള സാധ്യതകളെല്ലാം തുറന്നിടുകയാണ്. വീണുകിട്ടിയ അവസരം വിദ്യയാക്കാനുള്ള അടവുനയങ്ങളാണ് സിപിഎമ്മിന്‍റെ ആലോചനയിലുള്ളത്. സോഷ്യൽമീഡിയ കൺവീനറെന്ന നിലയിൽ കോൺഗ്രസിന്‍റെ ഉള്ളുകള്ളികൾ എല്ലാമറിയുന്ന ആളെന്ന നിലയിലാണ് പി സരിനെ സിപിഎം കാണുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിൽ പാലക്കാട്ട് പുകയുന്ന അതൃപ്തിക്ക് പുറമെ പി സരിന്‍റെ വിമത സാന്നിധ്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആലോചനയാണ് നടത്തുന്നത്.
ബിജെപി കട്ടക്ക് നിൽക്കുന്ന പാലക്കാട്ടെ ത്രികോണ മത്സരത്തിന് പി സരിനെ പാര്‍ട്ടി പിന്തുണക്കുമോ എന്ന ചോദ്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനും സാധ്യതകളെ തള്ളാതെയാണ് പ്രതികരിച്ചത്. അവര് എടുക്കേണ്ട തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും കാത്തിരുന്ന് കാണാമെന്നുമായിരുന്നു എംവി ഗോവിന്ദന്‍റെ പ്രതികരണം. എൽഡിഎഫിന് ജയിക്കാൻ പറ്റുന്ന എല്ലാ സാധ്യതകളെയും ഉപയോഗിക്കുമെന്നും ജനങ്ങള്‍ക്കിടയിൽ നല്ല സ്വീകാര്യതയുള്ളയാളായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും എകെ ബാലൻ പ്രതികരിച്ചു.
ബിനുമോളുടെ പേരാണ് പാലക്കാട്ടുള്ളതെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ആകാത്തത് സിപിഎമ്മിനും പി സരിനും ഒരുപോലെ രാഷ്ട്രീയ അടവുനയങ്ങൾക്കുള്ള സാധ്യതകൾ തുറന്നിടുന്നതാണ്. കെ ബിനുമോൾക്ക് പുറമെ മറ്റു പേരുകൾ കൂടി പരിഗണിക്കണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിന് നേരത്തെ തന്നെയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ സിപിഎം രീതി കണ്ടുപഠിക്കണമെന്ന പി സരിന്‍റെ നിലപാടിലുമുണ്ട് വഴക്കത്തിന്‍റെ സൂചന.
നേതൃയോഗങ്ങൾ നടക്കുന്നതിനാൽ മുതിര്‍ന്ന നേതാക്കളെല്ലാം ഡൽഹിയിലാണ്. ഇടത് സ്ഥാനാര്‍ത്ഥിത്വമോ വിമത സാന്നിധ്യത്തിന് സിപിഎമ്മിന്‍റെ പിന്തുണയോ ഡീലെന്തായാലും പാലക്കാട് ഉപതെരഞ്ഞെടപ്പിൽ അതു നിർണായകമാകും. ഇടതുസ്വതന്ത്രനായി സരിൻ കളത്തിലിറങ്ങിയാൽ കോൺഗ്രസിൽ നിന്നും വോട്ടു ചോർച്ചയുണ്ടാകുമെന്ന് സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്. പാലക്കാടൻ തെരഞ്ഞെടുപ്പ് കാറ്റിൻ്റെ ചിത്രം ഇനിയും വ്യക്തമായിട്ടില്ലെങ്കിൽ ട്വിസ്റ്റുകൾ സംഭവിക്കുമെന്നാണ് പുറത്തുവരുന്ന സൂചന.
#PalakkadElection #KeralaPolitics #PoliticalDynamics #CPM #Congress #BJP