Political Shift | പാലക്കാടൻ കാറ്റ് എങ്ങോട്ട് ? ജനവിധിയിൽ മാറുമോ രാഷ്ട്രീയ കേരളം
● പാലക്കാട് നഗരസഭയിൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്.
● വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപി ക്യാമ്പിൽ വിജയപ്രതീക്ഷ ഉയർന്നിട്ടുണ്ട്.
● അവസാന നിമിഷം വരെയുള്ള വാശിയേറിയ പോരാട്ടമാണ് മണ്ഡലത്തിൽ കണ്ടത്.
ഭാമനാവത്ത്
(KVARTHA) രാഷ്ട്രീയ കേരളം ഇന്നുവരെ ദൃശ്യമല്ലാത്ത വിധത്തിൽ വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പാണ് പാലക്കാട് നടന്നത്. സിറ്റിങ് സീറ്റ് നിലനിർത്താൻ യുഡിഎഫും അട്ടിമറി വിജയം നേടാൻ എൻ.ഡി.എയും പോയ കാല പ്രതാപത്തിലേക്ക് തിരിച്ചു വരാൻ എൽ.ഡി.എഫും ഏറെ വിയർപ്പൊഴുക്കി. തുടക്കത്തിൽ പൊട്ടലും ചീറ്റലും വിവാദങ്ങളും ഉണ്ടായെങ്കിലും തങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥികള തന്നെയാണ് മൂന്ന് മുന്നണികളും കളത്തിലിറക്കിയത്.
ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം വിധിയെഴുതിയത്. രാവിലെ മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ് മെച്ചപ്പെട്ടത്. പാലക്കാട് നഗരസഭയിൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്ന് ബിജെപിയാണ് നഗരസഭാ പരിധിയിൽ കൂടുതൽ വോട്ട് നേടിയത്. ഇത്തവണ ഇവിടെ ഒറ്റയടിക്ക് അഞ്ച് ശതമാനത്തിലേറെ വോട്ട് ഉയർന്നു. ഇത് വലിയ വിജയ പ്രതീക്ഷയാണ് ബിജെപി കാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്.
മറുവശത്ത്, യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 77 ശതമാനമായിരുന്ന പോളിങ്, ഇത്തവണ 69.78 ശതമാനമായി കുറഞ്ഞു. ഇതാണ് യുഡിഎഫ് ക്യാമ്പിൽ ചങ്കിടിപ്പുയരാൻ കാരണം. മണ്ഡലത്തിൻ്റെ ഭാഗമായ കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനവും മാത്തൂരില്‍ 68.29 ശതമാനവുമാണ് പോളിംഗ്. ഇവിടെ സിപിഎമ്മിനും കോൺഗ്രസിനും ഏറെക്കുറെ തുല്യശക്തിയാണ്.
വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപി ക്യാമ്പിൽ വിജയപ്രതീക്ഷ ഉയർന്നിട്ടുണ്ട്. നഗരസഭ പരിധിയില്‍ വോട്ട് കൂടിയത് അനുകൂലമാകുമെന്നാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപിയില്‍ ഉണ്ടായ യോജിപ്പ് ഗുണം ചെയ്തുവെന്നാണ് നേതാക്കൾ കരുതുന്നത്. പിരായിരി പഞ്ചായത്തിലടക്കം യുഡിഎഫ് വോട്ട് വലിയ തോതില്‍ ബിജെപിക്ക് കിട്ടിയെന്നും വിലയിരുത്തുന്നുണ്ട്. 2500 നും 4000 നും ഇടയില്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നും ബിജെപി നേതാക്കൾ പറയുന്നു.
എന്നാൽ യുഡിഎഫിൽ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. നേരത്തെ അഞ്ചക്ക ഭൂരിപക്ഷം അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസ് ക്യാമ്പിൽ ആ ആത്മവിശ്വാസം ഇപ്പോഴില്ല. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ നാലായിരം വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കാനാകുമെന്നാണ് നേതാക്കൾ പറയുന്നത്. 2021 ൽ 5000 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിൽ മണ്ഡലത്തിൽ ജയിച്ചത്. അന്ന് സിപിഎമ്മിൽ നിന്ന് വലിയ തോതിൽ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നു. എന്നാൽ ഇടത് സ്ഥാനാർത്ഥി ഡോ. പി സരിനായി ഇത്തവണ ശക്തമായ പ്രചാരണം ഇടതുമുന്നണിയും കാഴ്ചവച്ചിരുന്നു.
അവസാന നിമിഷം വരെയുള്ള വാശിയേറിയ പോരാട്ടമാണ് മണ്ഡലത്തിൽ കണ്ടത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായിരുന്ന സ്ഥിതിയിൽ നിന്ന് നില മെച്ചപ്പെടുത്തി രണ്ടാമതെത്താൻ സാധിക്കുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. പാലക്കാടൻ കാറ്റ് ആർക്ക് അനുകൂലമെന്ന് 23ന് അറിയാം സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള കൂടുമാറ്റവും അവസാന നാളിൽ എൽ.ഡി.എഫ് പത്രങ്ങൾക്ക് നൽകിയ വിവാദ പത്രപരസ്യവും പാലക്കാടൻ തെരഞ്ഞെടുപ്പിനെ കലുഷിതമാക്കിയിട്ടുണ്ട്.
കോൺഗ്രസ് ഐ.ടി സെൽ മേധാവിയായിരുന്ന ഡോക്ടർ സരിൻ സീറ്റു ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിലേക്ക് ചേക്കേറിയത് അവസരവാദ പരമാണോയെന്ന ചോദ്യത്തിനും വോട്ടർമാർ ജനവിധിയിലൂട മറുപടിയേകും. സരിനായി മുഖ്യമന്ത്രി പിണറായി വിജയൻ പലതവണയാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പ്രസംഗിച്ചത്. ബി.ജെ.പി ക്കായി ആർഎസ്എസാണ് എണ്ണയിട്ട യന്ത്രം പോലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിപ്പിച്ചത്. ബി.ജെ.പി വക്താവായ സന്ദീപ് വാര്യരുടെ മലക്കംമറിച്ചിൽ ആർ.എസ്.എസ് ഏറെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്.
മൂന്ന് മുന്നണികളും അവരുടെ ശക്തികേന്ദ്രങ്ങളിൽ നിന്നും പരമാവധി വോട്ടു സമാഹരിക്കുകയെന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. ചേലക്കരയിലും പാലക്കാടും ഉപതെരഞ്ഞെടുപ്പുകളിൽ തോൽക്കുകയാണെങ്കിൽ അതിൻ്റെ ക്ഷീണം ഏറെ ചെയ്യുക രണ്ടാം പിണറായി സർക്കാരിനായിരിക്കും. ജനവിധി ഭരണ വിരുദ്ധ വികാരമോ സർക്കാരിൻ്റെ വിലയിരുത്തലോ അല്ലെന്ന് എൽ.ഡിഎഫ് നേതാക്കൾ പറയുമ്പോഴും അതു ജനവിധി നൽകുന്ന പാഠങ്ങളെ തള്ളിക്കളയാൻ മാത്രം ബലമുള്ളതല്ല. പാലക്കാട്ടെ സിറ്റിങ് സീറ്റ് നിലനിർത്തി ചേലക്കര പിടിച്ചെടുക്കാൻ യു.ഡി.എഫിന് കഴിയുകയാണെങ്കിൽ അതു വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വ്യക്തമായ ദിശാസൂചികയായി മാറിയേക്കാം.
#PalakkadElection #KeralaPolitics #BJP #UDF #LDF #ElectionResults