Criticism | 'കേന്ദ്രത്തിന്റേത് രാഷ്ട്രീയ ധാര്‍ഷ്ട്യം', യുജിസി കരട് ചട്ടങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

 
CM Pinarayi criticizes UGC draft regulations in Kerala
CM Pinarayi criticizes UGC draft regulations in Kerala

Photo Credit: Facebook/ Pinarayi Vijayan

● വിദ്യാഭ്യാസം ഭരണഘടന നിലവിൽ വന്ന സമയത്ത് ഏഴാം ഷെഡ്യൂളിലെ സ്റ്റേറ്റ് ലിസ്റ്റിലായിരുന്നു. 
● വിദ്യാഭ്യാസത്തിനായി ചെലവഴിക്കപ്പെടുന്ന തുകയുടെ സിംഹഭാഗവും സംസ്ഥാനങ്ങളാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 
● ഭരണഘടനാ അസംബ്ലിയിൽ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ പ്രസംഗം ഈ വാദത്തിന് പിൻബലമേകുന്നു. 

തിരുവനന്തപുര: (KVARTHA) യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ (യുജിസി) 2025 ലെ കരട് ചട്ടങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിൻ്റെ ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്നതും സംസ്ഥാന സർവകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ കരട് ചട്ടങ്ങളെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

വിദ്യാഭ്യാസം ഭരണഘടന നിലവിൽ വന്ന സമയത്ത് ഏഴാം ഷെഡ്യൂളിലെ സ്റ്റേറ്റ് ലിസ്റ്റിലായിരുന്നു. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇത് കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി. പിന്നീട് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ പല മാറ്റങ്ങളും പുനഃസ്ഥാപിച്ചെങ്കിലും, വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിർദ്ദേശം രാജ്യസഭയിൽ പാസ്സാകാത്തതിനാൽ നടപ്പിലായില്ല. 

നിലവിൽ കൺകറൻ്റ് ലിസ്റ്റിൽ ആണെങ്കിലും, സംസ്ഥാന സർക്കാരുകൾ സ്ഥാപിച്ച സർവകലാശാലകൾ അതത് നിയമസഭകൾ പാസാക്കിയ നിയമങ്ങളാലാണ് നിയന്ത്രിക്കപ്പെടുന്നത്. വിദ്യാഭ്യാസത്തിനായി ചെലവഴിക്കപ്പെടുന്ന തുകയുടെ സിംഹഭാഗവും സംസ്ഥാനങ്ങളാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2020-21 വർഷത്തിൽ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പുകൾ ആകെ ചെലവാക്കിയ 6.25 ലക്ഷം കോടി രൂപയിൽ 85 ശതമാനവും സംസ്ഥാനങ്ങളുടെ വിഹിതമായിരുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

യൂണിയൻ ലിസ്റ്റിലെ എൻട്രി 66 ന്റെയും 1956 ലെ യുജിസി ആക്ടിന്റെയും ചുവടുപിടിച്ച് സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കുന്നത് നീതിരഹിതമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എൻട്രി 66 പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഏകീകരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നത് കേന്ദ്ര സർക്കാരിൻ്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. എന്നാൽ ഈ അധികാരം നിലവാരം നിർണയിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതാണെന്നും, സർവ്വകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനുള്ളതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഭരണഘടനാ അസംബ്ലിയിൽ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ പ്രസംഗം ഈ വാദത്തിന് പിൻബലമേകുന്നു. വിവിധ സർവകലാശാലകളുടെ പരീക്ഷാ മാനദണ്ഡങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യവസ്ഥ കൂട്ടിച്ചേർത്തതെന്ന് അംബേദ്കർ അന്ന് വ്യക്തമാക്കിയിരുന്നു. 2025 ലെ പുതിയ യുജിസി കരട് മാർഗനിർദേശങ്ങൾ ഭരണഘടനാ നിർമ്മാതാക്കളുടെ ഉദ്ദേശ്യത്തിന് വിരുദ്ധമാണ്. 

വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കം സെലക്ഷൻ കമ്മിറ്റിയുടെ രൂപീകരണം പോലും ചാൻസലറുടെ മാത്രം അധികാരമാക്കി മാറ്റുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. ഇത് സംസ്ഥാന സർവ്വകലാശാലകളിൽ കേന്ദ്രത്തിൻ്റെ രാഷ്ട്രീയ ഇടപെടലിന് വഴിയൊരുക്കും. സംസ്ഥാന സർക്കാരിന് നാമനിർദ്ദേശം നൽകാനുള്ള അവകാശം ഇല്ലാതാക്കുന്നത് സംസ്ഥാനങ്ങളോടുള്ള വെല്ലുവിളിയാണ്. അക്കാദമിക പരിചയമില്ലാത്തവരെ വൈസ് ചാൻസലർ സ്ഥാനത്തേക്ക് നിയമിക്കാമെന്ന നിർദേശവും ദുരുദ്ദേശപരമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞടുക്കുന്ന സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിന് നാമനിര്‍ദേശം നല്‍കാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്  സംസ്ഥാനങ്ങള്‍ ഫണ്ട് നല്‍കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍വകലാശാലകളില്‍ ഇനി മുതല്‍ കേന്ദ്രം ഭരണം നടത്തിക്കോളും എന്നു പറയുന്ന ഒരു തരം രാഷ്ട്രീയ ധാര്‍ഷ്ട്യമാണ്.

സംസ്ഥാനങ്ങളുടെ അവകാശങ്ങളിന്മേലുള്ള ഈ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യുജിസി കരട് ചട്ടങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തെഴുതിയിട്ടുണ്ട്. മറ്റ് ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും കത്തെഴുതി ഈ വിഷയത്തിൽ കൂട്ടായ പരിശ്രമങ്ങൾക്ക് കേരളം മുൻകൈയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

#Kerala #PinarayiVijayan #UGCGuidelines #EducationPolicy #Federalism #StateRights

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia