Controversy | പാലക്കാട് കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചോ?


● പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ നടന്ന പൊലീസ് റെയ്ഡ് വലിയ വിവാദമായി.
● ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണം.
● വനിതാ നേതാക്കളെ അപമാനിച്ചുവെന്ന ആരോപണവും ഉയർന്നു.
ആദിത്യൻ ആറന്മുള
(KVARTHA) പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ചൊവ്വാഴ്ച അര്‍ദ്ധരാത്രി പൊലീസ് നടത്തിയ നീക്കം സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അറിവോടെയല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും അപമാനിക്കപ്പെടുകയാണ് ചെയ്തത് എന്നാണ് വിമർശനം. അവരുടെ മുറികളില്‍ പരിശോധന നടത്തുന്നതിനുള്ള നിയമപരമായ നടപടികള്‍ പോലും പൊലീസ് സ്വീകരിച്ചില്ല എന്നത് അത്യന്തം ലജ്ജാകരമാണ്. തെരഞ്ഞെടുപ്പിന്റെ പേരിലുള്ള പരിശോധനയ്ക്ക് എഡിഎം അടക്കമുള്ള ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് പൊലീസ് പോയത്.
ഇതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം. അല്ലെങ്കില്‍ വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പൊലീസ് ഇത്തരത്തിലുള്ള നടപടിയെടുക്കില്ല. കൊടകര കുഴല്‍പ്പണക്കേസില്‍ നാണംകെട്ട് നില്‍ക്കുന്ന ബിജെപിയെ സഹായിക്കാനാണ് സിപിഎം ഈ നാടകം കളിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ടെങ്കിലും അത് വിശ്വസനീയമല്ല. കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പണം ഇടപാട് നടന്നെന്നാണ് ആക്ഷേപം. എന്നാല്‍ ഇതേ ഹോട്ടലില്‍ പികെ ശ്രീമതി ടീച്ചര്‍ ഉള്‍പ്പെടെ താമസിച്ചിരുന്നു. അവിടങ്ങളില്‍ പരിശോധന നടത്താത്തതിലും സംശയമുണ്ട്.
വനിതാ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വച്ചതിലൂടെ ജനം അവര്‍ക്ക് അനുകൂലമാകുമെന്നും അതിലൂടെ ബിജെപിയുടെ വിജയസാധ്യതയ്ക്ക് തടയിടാനാകുമെന്നും സിപിഎം കരുതുന്നുണ്ടാകും. അല്ലെങ്കില്‍ പണമിടപാട് സ്ഥിരികരിച്ചാല്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസിനെയും കള്ളപ്പടക്കേസില്‍ മുള്‍മുനയില്‍ നിര്‍ത്താം. ഈ രണ്ട് കാര്യങ്ങളാണ് അര്‍ദ്ധരാത്രിയിലെ നാടകത്തിലേക്ക് നയിച്ചത്. എന്നാല്‍ അത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. പണമിടപാട് നടന്നിട്ടുണ്ടെങ്കില്‍ അത് സ്ഥിരീകരിക്കാന്‍ പൊലീസിന് വളരെ പെട്ടെന്ന് കഴിയും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പൊലീസ് പരിശോധന നടന്നുകൊണ്ടിരിക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട്ട് പോയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍ ആരോപിക്കുന്നു.
പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് എസ്പി ആനന്ദ് രാജ് ഗുരുവ്യക്തമാക്കിയതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. മാത്രമല്ല സിപിടിവി ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ പരിശോധിക്കും എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസും യുഡിഎഫും കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. ഷാഫി പറമ്പിലിനെതിരായി പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ പ്രതിഷേധം, കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കത്ത് വിവാദം ഇതില്‍ നിന്നെല്ലാം കോണ്‍ഗ്രസ് രക്ഷപെട്ടിരിക്കുകയാണ്. സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ചേലക്കര ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനിത് സഹായകമാകും. സിപിഎം നേതാക്കളുടെയും ജനപ്രതിനിധികളുടെയും പ്രതികരണം കാണുമ്പോഴറിയാം എല്ലാം ആസൂത്രണം ചെയ്ത പരിപാടിയാണെന്ന്. അല്ലെങ്കില്‍ സിപിഎം എംഎല്‍എമാരുടെ മുറികളില്‍ പരിശോധന നടത്താന്‍ പൊലീസ് ധൈര്യം കാണിക്കുമോ? ഇനി അധവാ പരിശോധനയ്‌ക്കെത്തിയാല്‍ അവര്‍ സമ്മതിക്കുമോ? എം.വി നികേഷ് കുമാര്‍, ടി.വി രാകേഷ്, വിജിന്‍ ഇവരൊക്കെ ഇക്കാര്യത്തില്‍ എങ്ങനെ പ്രതികരിക്കുമെന്ന് ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. അതുകൊണ്ട് സിപിഎം നടത്തിയ നീക്കം പാളിപ്പോയി. മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത കാര്യത്തിനാണ് അവര്‍ തുടക്കമിട്ടത്. വരുന്ന തെരഞ്ഞെടുപ്പുകളിലും ഇത്തരം പരിശോധനകളുണ്ടാകുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അതിനുള്ള സാധ്യത കൂടുതലാണ്.
വനിതകളുടെ മുറി പരിശോധിക്കുമ്പോള്‍ പാലിക്കേണ്ട മാന്യത പൊലീസ് കാണിച്ചില്ല. അവരോട് മര്യാദയ്ക്ക് പെരുമാറിയില്ല. വസ്ത്രങ്ങളടക്കം പുറത്തെടുത്തിട്ട് മുറി അലങ്കോലമാക്കി. വനിതാ പൊലീസുമായല്ല പരിശോധനയ്ക്ക് എത്തിയത്. മുറിയില്‍ നിന്ന് ഒന്നും കണ്ടെടുത്തിട്ടില്ലെന്ന് എഴുതിത്തരാന്‍ ഷാനിമോള്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായില്ല. പിന്നീട് എഴുതിക്കൊടുത്തതിലും തരികിടകാണിക്കാന്‍ നോക്കി. ഇത്തരത്തില്‍ പൊലീസ് നടപടി വലിയ ദുരൂഹമാണ്. ഇതൊക്കെ സിപിഎമ്മിന്റെ അറിവില്ലാതെ നടക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.
എന്തായാലും രാഹുല്‍മാങ്കൂട്ടത്തിലിന്റെ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഈ നടപടിയിലൂടെ കഴിഞ്ഞുള്ളൂ. സിപിഎം സ്വീകരിച്ച നിലപാട് തന്നെയാണ് ബിജെപിയും ഇക്കാര്യത്തില്‍ എടുത്തത് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് സിപിഎമ്മിനെ സംബധിച്ച് വലിയ തിരിച്ചടിയുണ്ടാകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ മൂന്നാമതായിരുന്നു. അതില്‍ നിന്ന് മുന്നോട്ട് പോകുന്നതിനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണിപ്പോള്‍.
#PalakkadByElection #KeralaPolitics #PoliceRaid #Congress #CPM #BJP