പി കെ ശ്രീമതി മുഖ്യമന്ത്രിയുടെ അപ്രീതിയിലോ? വാർത്ത ചോർച്ചയിൽ അന്വേഷണം ആരംഭിച്ചു

 
PK Sreemathi during a political event in Kerala
PK Sreemathi during a political event in Kerala

Photo Credit: Facebook/ P.K.Sreemathi Teacher

● മുഖ്യമന്ത്രിയും ശ്രീമതിയും തമ്മിൽ ഭിന്നത നിലനിൽക്കുന്നു.
● ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രീമതിയുടെ നീക്കങ്ങളിൽ മുഖ്യമന്ത്രിക്കുണ്ട് അതൃപ്തി.
● പ്രായപരിധി മറികടന്ന് കേന്ദ്ര കമ്മിറ്റിയിൽ ഇടം നേടിയതിലും അതൃപ്തി.
● പാർട്ടി ദേശീയ നേതൃത്വത്തിൻ്റെ നിലപാടിനെ സംസ്ഥാന സെക്രട്ടറി അവഗണിച്ചു.

നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിയിൽ ഉൾപാർട്ടി ചർച്ചകൾക്കും പ്രതിസന്ധികൾക്കും വഴിവെക്കുന്നു. പി.കെ. ശ്രീമതിക്കെതിരെയുള്ള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം മുതിർന്ന നേതാക്കളിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. 

സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗത്തിന് പങ്കെടുക്കാമെന്ന് അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി പാർട്ടി നിലപാടായി പറഞ്ഞിട്ടുണ്ടെങ്കിലും, സംസ്ഥാന സെക്രട്ടറി ഇത് പൂർണ്ണമായും തള്ളിക്കളയുകയാണ്. പി.കെ. ശ്രീമതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കരുതെന്ന് പറഞ്ഞ് പരസ്യമായി അവഹേളിച്ച മുഖ്യമന്ത്രിയെ ന്യായീകരിച്ച എം.വി. ഗോവിന്ദൻ, പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. 

അരനൂറ്റാണ്ടിലേറെ പാർട്ടിക്കായി പ്രവർത്തിച്ച മുതിർന്ന നേതാവായ പി.കെ. ശ്രീമതി ടീച്ചറെ ഈ രീതിയിൽ കൈകാര്യം ചെയ്യേണ്ടിയിരുന്നില്ലെന്ന അഭിപ്രായം സി.പി.എമ്മിലെ മുതിർന്ന നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ട്. കഴിഞ്ഞ കുറേക്കാലമായി മുഖ്യമന്ത്രി പിണറായി വിജയനും പി.കെ. ശ്രീമതിയും തമ്മിൽ നല്ല ബന്ധത്തിലല്ല. മുഖ്യമന്ത്രിയുടെ മകൾ വീണാ തായ്ക്കണ്ടിക്കെതിരെ എക്സാലോജിക് കമ്പനിയുടെ പേരിൽ മാസപ്പടി ആരോപണങ്ങൾ ഉയർന്നപ്പോൾ പി.കെ. ശ്രീമതി ഉൾപ്പെടെയുള്ള വനിതാ നേതാക്കൾ നിശബ്ദത പാലിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു. 

കൂടാതെ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കുന്നതിനായി പി.കെ. ശ്രീമതി ടീച്ചർ അഖിലേന്ത്യാ നേതൃത്വവുമായി ബന്ധപ്പെട്ട് നീക്കങ്ങൾ നടത്തിയതിലുള്ള അതൃപ്തിയും പാർട്ടി സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമുണ്ട്. 75 വയസ്സ് കഴിഞ്ഞിട്ടും പ്രായപരിധി മറികടന്ന് കേന്ദ്ര കമ്മിറ്റിയിൽ ഇടം നേടിയത് വൃന്ദാ കാരാട്ട് ഉൾപ്പെടെയുള്ള പി.ബി. അംഗങ്ങളെ സ്വാധീനിച്ചിട്ടാണെന്ന ചർച്ചയും പാർട്ടിക്കുള്ളിലുണ്ട്. 

ഈ കാരണങ്ങൾ കൊണ്ടാണ് പി.കെ. ശ്രീമതി മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ, തനിക്കെതിരെ മുഖ്യമന്ത്രി എന്തോ പറഞ്ഞുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വാർത്ത പുറത്തുവന്നത് ആസൂത്രിതമാണെന്നും പി.കെ. ശ്രീമതി ടീച്ചർ പ്രതികരിച്ചിരുന്നു. 

പി.കെ. ശ്രീമതി ടീച്ചറെ 19-ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നത് മുഖ്യമന്ത്രി വിലക്കിയെന്ന വാർത്ത പുറത്തുവന്നത് പാർട്ടിയിൽ നിന്ന് തന്നെയാണ്. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ വാർത്ത ചോർത്തിയതാരാണെന്ന അന്വേഷണം സംസ്ഥാന നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Summary: Controversy erupts within CPM after PK Sreemathy was barred from a state secretariat meeting, allegedly by the Chief Minister. The party has initiated an investigation into the news leak.

#KeralaPolitics, #CPIM, #PinarayiVijayan, #PKSreemathy, #PoliticalNews, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia