Analysis | പ്രതിസന്ധികളെ പൂമാലയാക്കി പിണറായി; എതിർശബ്ദങ്ങളെ ഒതുക്കി വീണ്ടും നമ്പർ വൺ

 
Pinarayi Turns Adversity into Triumph: Silences Critics, Remains Number One
Pinarayi Turns Adversity into Triumph: Silences Critics, Remains Number One

Photo Credit: Facebook/ LDF Keralam

● രാഷ്ട്രീയ ദീർഘവീക്ഷണമുള്ള നേതാവാണ് 
● കൃത്യമായ സമയത്ത്, കൃത്യമായ പ്രതികരണം.

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) കേരളത്തിലെ നമ്പർ വൺ രാഷ്ട്രീയ നേതാവായി മുഖ്യമന്ത്രി പിണറായി വിജയൻ തുടരുന്നതിന് കാരണങ്ങൾ പലതുണ്ട്. അദ്ദേഹത്തെ നഖശിഖാന്തം എതിർക്കുന്നവരുടെ കൂടി കയ്യടി നേടാൻ ചില മിന്നൽ നീക്കങ്ങളിലൂടെ പിണറായിക്ക് കഴിയുന്നു. പാർട്ടിയിലും സർക്കാരിലും പിണറായിക്കെതിരെ വെല്ലുവിളി ഉയരാത്തത്  ഇതുകൊണ്ടാണ്. നേരത്തെ പാർട്ടി പറയുന്നത് അനുസരിച്ച് മുഖ്യമന്ത്രി ചലിച്ചിരുന്നതെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞാൽ മാത്രമേ പാർട്ടി ചലിക്കുകയുള്ളൂ. സി.പി.എമ്മിലും സർക്കാരിലും പിണറായിസം മാത്രമാണ് നടപ്പിലാകുന്നത്. 

Pinarayi Turns Adversity into Triumph: Silences Critics, Remains Number One

ഇടതുമുന്നണികളിലെ മറ്റു പാർട്ടികളും പിണറായിക്ക് മുൻപിൽ ഓലപ്പാമ്പുകളാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടുകൾക്കെതിരെ ചെറുതായി പത്തി വിരിക്കാൻ പോലും വ്യക്തിത്വം പണയം വെച്ച പാർട്ടികൾക്കാവുന്നില്ല. ഈ സാഹചര്യത്തിലാണ് എ.ഡി.ജി.പി വിഷയത്തിൽ ഇടതു സ്വതന്ത്ര എം.എൽ.എയായ പി.വി അൻവർ കഴിഞ്ഞ ഒരു മാസമായി ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തുവന്നത്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭൃന്തര വകുപ്പിന് കീഴിലുള്ള പൊലിസ് ഉന്നത ഉദ്യോഗസ്ഥരിലെ പുഴുക്കുത്തുകളെ കുറിച്ചായിരുന്നു അൻവറിൻ്റെ തുറന്ന് പറച്ചിൽ. 

Pinarayi Turns Adversity into Triumph: Silences Critics, Remains Number One

പൊലീസുകാരുടെ മാഫിയ ബന്ധം മുതൽ അനധികൃത സ്വത്ത് സമ്പാദനം, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ച, മലപ്പുറം എസ് പി ഓഫീസിലെ മരം മുറിക്കടത്ത് എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങളുമായി അൻവർ രംഗത്തു വന്നു. മറുനാടൻ മലയാളി ഓൺലൈൻ എഡിറ്റർ ഷാജനെ രക്ഷിക്കുന്നതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും എ.ഡി.ജി.പി അജിത്ത് കുമാറും ഒത്തു കളിച്ച് രണ്ടു കോടി രൂപകൈക്കൂലി വാങ്ങിയെന്ന ഗുരുതരമായ ആരോപണവും അൻവർ ഉയർത്തി. 

ചില ചാനലുകളുടെ സഹായത്തോടെ നിരന്തരം വാർത്താസമ്മേളനം നടത്തി സർക്കാരിനെയും പാർട്ടിയെയും പ്രതികൂട്ടിലാക്കിയാണ് പി.വി അൻവർ മുന്നേറിയത്. സോഷ്യൽ മീഡിയയിൽ ഇടതു അനുകൂലികളുടെ നിറഞ്ഞ കയ്യടിയും അൻവറിൻ്റെ വാക്ശരങ്ങൾക്ക് കിട്ടി. അൻവറെന്ന ഇടതു സ്വതന്ത്ര എംഎൽഎ ഒരു ബലൂൺ പോലെ വീർത്തു വരുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നര മണിക്കൂർ നീണ്ട വാർത്താ സമ്മേളനം നടത്തി അതിൻ്റെ കാറ്റു കുത്തി വിട്ടത്. അൻവർ മുഖ്യമന്ത്രിയുടെ വിശ്വസ്തർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഒന്നൊന്നായി യുക്തിഭദ്രമായി ഖണ്ഡിച്ച മുഖ്യമന്ത്രി ഓരോന്നിനും കുറിക്കു കൊള്ളുന്ന മറുപടിയാണ് നൽകിയത്. 

കോൺഗ്രസിൽ നിന്നും വന്ന അൻവർ ഇടതു പാർലമെൻ്ററി പാർട്ടി അംഗമായിട്ടു കൂടി പറയേണ്ട കാര്യങ്ങൾ തുറന്നു പറഞ്ഞത് ശരിയായില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. പുറത്ത് വാർത്താ സമ്മേളനം വിളിച്ചു പറയുന്നതിന് പകരം അൻവർ തന്നോടായിരുന്നു ആദ്യം പറയേണ്ടിയിരുന്നത്. കോൺഗ്രസിൽ നിന്നും വന്നതുകൊണ്ടാവാം അൻവർ ആ പാർട്ടിയുടെ സംസ്കാരമാണ് കാണിച്ചത്. അൻവറിൻ്റെ പ്രധാന ഫോക്കസായ എ.ഡി.ജി.പി എം. ആർ അജിത്ത് കുമാറിനെയും പി.ശശിയെയും സംരക്ഷിച്ച മുഖ്യമന്ത്രി അൻവറിൻ്റെ ആരോപണങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കുകയായിരുന്നു. ഇനിയും പരസ്യ വിമർശനങ്ങൾ തുടർന്നാൽ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന ഭീഷണിക്ക് മുൻപിൽ മുട്ടുമടക്കേണ്ടി വന്നു ഒറ്റയാനായ അൻവറിന്.

പിണറായിയുടെ പരസ്യവിമർശനങ്ങൾക്ക് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും അൻവറിനെ മൃദുവായി തള്ളിപ്പറയുകയായിരുന്നു. പിന്നീട് അൻവറിനെതിരെ നേതാക്കളുടെ ഒരു പടയൊരുക്കം തന്നെയുണ്ടായി. എ വിജയ രാഘവൻ, പി.കെ ശ്രീമതി, എ എ റഹീം തുടങ്ങിയ നേതാക്കൾ അൻവറിനെതിരെ ആഞ്ഞടിച്ചു. നിലമ്പൂർ എം.എൽ.എയെ പിൻതുണച്ച ഇടതു സൈബർ പോരാളികളും സോഷ്യൽ മീഡിയയിൽ നിന്നും തടി തപ്പി. തൻ്റെ ഒരൊറ്റ വാർത്താസമ്മേളനം കൊണ്ടു കാര്യങ്ങൾ കീഴ്മേൽ മറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞു. അതോടൊപ്പം പാർട്ടിയിലും സർക്കാരിലും താൻ തന്നെയാണ് സർവശക്തനെന്ന് തെളിയിച്ച മുഖ്യമന്ത്രി പാർട്ടി സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കെ സ്വന്തം പാർട്ടിക്കുള്ളിലെ എതിരാളികൾക്കും വ്യക്തമായ സന്ദേശമാണ് നൽകിയത്. 

അൻവർ പത്തി ഉയർത്തിയത് തൻ്റെ വിശ്വസ്തരയെല്ല തന്നെ തന്നെ കൊത്താനാണെന്ന് വളരെ മുൻപെ തന്നെ തിരിച്ചറിയാൻ കഴിഞ്ഞതാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാഷ്ട്രീയ ദീർഘവീക്ഷണത്തിനുള്ള തെളിവ്. തിരിച്ചടിക്കേണ്ട സമയത്ത് കൃത്യമായി അതുചെയ്യുകയും എതിരാളിയുടെ കാറ്റഴിച്ചു വിടുകയും ചെയ്യുന്ന ടൈമിങ് കേരളത്തിലെ മറ്റൊരു നേതാവിലും കാണാൻ കഴിയില്ല. അൻവറിന് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളുള്ള മറ്റാരൊക്കെയോയുണ്ടെന്ന ഉൾക്കാഴ്ച പിണറായിയെ ചടുലമായി പ്രതികരിക്കാൻ പ്രേരിപ്പിച്ചു. ഇങ്ങനെ കാറ്റിനെ മുൻപെ തൂറ്റാനും ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപെ എറിയാനുമുള്ള അനതിസാധാരണമായ കഴിവാണ് പിണറായിയെ കേരളത്തിലെ നമ്പർ വൺ നേതാവാക്കി മാറ്റുന്നത്.

#PinarayiVijayan #KeralaPolitics #CPI(M) #ADGP #IndianPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia