Political Move | ചെക്ക് വെച്ച് പി വി അന്‍വര്‍; യുഡിഎഫ് വെട്ടിലായി

 
P V Anwar Kerala Political Move
P V Anwar Kerala Political Move

Photo Credit: Facebook/UDF കേരളം, PV ANVAR

● യു.ഡി.എഫിന് പറ്റിയ സ്ഥാനാര്‍ത്ഥിയുടെ പേരും നിര്‍ദേശിച്ചു.
● ആര്‍ക്കും എതിര്‍ക്കാന്‍ പറ്റാത്തവിധം വി എസ് ജോയിയുടെ പേര്‍ എടുത്തിട്ടു.
● സമൂഹത്തില്‍ നിന്നും ഇദ്ദേഹത്തിന് പിന്തുണ ഏറാനുള്ള സാധ്യതയുണ്ട്.

സോണി കല്ലറയ്ക്കല്‍

(KVARTHA) നിലമ്പൂരിലെ എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുകയാണ് പി വി അന്‍വര്‍. വരാന്‍ പോകുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് മത്സരിക്കാന്‍ താനില്ലെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. യുഡിഎഫിനാകും തന്റെ പിന്തുണയെന്നും പി വി അന്‍വര്‍ വ്യക്തമാക്കുകയുണ്ടായി. യു.ഡി.എഫിന് പറ്റിയ സ്ഥാനാര്‍ത്ഥിയുടെ പേരും നിര്‍ദേശിച്ചിട്ടുണ്ട്, കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് വി എസ് ജോയി. ശരിക്കും ഇത് മറ്റാരെയും അല്ല യു.ഡി.എഫിനെ തന്നെയാണ് വെട്ടിലാക്കിയിരിക്കുന്നത്. 

നിലമ്പൂരില്‍ യു.ഡി.എഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥി ആരായാലും പാലക്കാട്ടെ പോലെ ആ സ്ഥാനാര്‍ത്ഥിയെ അന്‍വര്‍ പിന്തുണക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വവും പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കളും കരുതിയിരുന്നത്. അവര്‍ മനസ്സില്‍ കണ്ടിരുന്ന സ്ഥാനാര്‍ത്ഥി മുന്‍ കോണ്‍ഗ്രസ് നേതാവ് അന്തരിച്ച ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ തന്നെയായിരുന്നു. ഇത് മനസ്സിലാക്കി തന്നെയാണ് അന്‍വര്‍ ഒരു മുഴംമുന്‍പേ കയര്‍ എറിഞ്ഞത്. 

ആര്‍ക്കും എതിര്‍ക്കാന്‍ പറ്റാത്തവിധം വി എസ് ജോയിയുടെ പേര്‍ എടുത്തിട്ടിരിക്കുകയാണ് അന്‍വര്‍. സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഷാഫി പറമ്പിലിനെയും മാത്യു കുഴല്‍ നാടനെയുമൊക്കെ പോലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു നേതാവാണ് വി.എസ് ജോയിയും. സമൂഹത്തില്‍ നിന്നും ഇദ്ദേഹത്തിന് പിന്തുണ ഏറാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വി.എസ് ജോയി നിലമ്പൂരില്‍ മത്സരിക്കുമെന്നുള്ള ഒരു ശ്രുതിയുണ്ടായിരുന്നു. എന്നാല്‍ ആര്യാടന്‍ കുടുംബത്തിന്റെ എതിര്‍പ്പ് മൂലം ഒടുവില്‍ മലപ്പുറം മുന്‍ ഡി.സി.സി പ്രസിഡന്റ് വി വി പ്രകാശ് മത്സരിക്കുകയായിരുന്നു. 

അതുപോലെ തന്നെ മലപ്പുറം കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാകാന്‍ തയാറെടുത്തിരുന്ന ആളായിരുന്നു ആര്യാടന്‍ ഷൗക്കത്ത്. ഇതിനെ മറികടന്നാണ് മലപ്പുറം കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വി.എസ് ജോയിയുടെ പേര് വന്നത്. ഇതിലും ആര്യാടന്‍ ഷൗക്കത്തിന് എതിര്‍പ്പുണ്ടായിരുന്നു. അടുവില്‍ അദ്ദേഹത്തിന് കെ.പി.സി.സി സെക്രട്ടറി സ്ഥാനം നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. മാത്രമല്ല, ആര്യാടന്‍ ഷൗക്കത്തിന്റെ പിതാവ് ആര്യാടന്‍ മുഹമ്മദ് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് മുസ്ലിം ലീഗുമായി അത്ര നല്ല ബന്ധമല്ലായിരുന്നു ഉണ്ടായിരുന്നത്. 

മുസ്ലിം ലീഗ് നേതാക്കളും ആര്യാടന്‍ മുഹമ്മദും ആയുള്ള വാഗ് വാദങ്ങള്‍ പലപ്പോഴായി ജനം കണ്ടിട്ടുള്ളതുമാണ്. ഇതെല്ലാം മനസ്സില്‍ കണ്ടുകൊണ്ടാണ് അന്‍വറും പടപ്പുറപ്പാടിന് ഇറങ്ങിയിരിക്കുന്നതെന്ന് വ്യക്തം. അന്‍വര്‍ എല്‍.ഡി.എഫ് മുന്നണി വിട്ടതില്‍ ഏറ്റവും അധികം സന്തോഷിച്ചതും യു.ഡി.എഫില്‍ വരാന്‍ അന്‍വര്‍ ശ്രമിക്കുന്നു എന്ന് സൂചന വന്നപ്പോള്‍ അതില്‍ ഏറ്റവും അധികം വേദനിച്ചതും ആര്യാടന്‍ ഷൗക്കത്ത് തന്നെ ആയിരിക്കും. താന്‍ നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാല്‍ അന്‍വര്‍ മറുവശത്തില്ലെങ്കില്‍ തനിക്ക് ജയിക്കാനാവും എന്നതാണ് ഒരു കാരണം. 

അന്‍വര്‍ യു.ഡി.എഫില്‍ എത്തിയാല്‍ തന്റെ സീറ്റ് നഷ്ടപ്പെടുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പി.വി.അന്‍വറിന് യു.ഡി.എഫിന് സീറ്റു കൊടുക്കുമെന്നുമുള്ള ഭയം മറ്റൊന്ന്. അതിനെയും വെട്ടിലാക്കിക്കൊണ്ടാണ് പി.വി അന്‍വര്‍ ഇപ്പോള്‍ നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വി.എസ് ജോയിയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കും മുസ്ലിം സമുദായാംഗങ്ങള്‍ക്കും നിര്‍ണായകമായ സ്വാധീനം നിലമ്പൂരിലുണ്ട്. വളരെക്കാലമായി മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണ് ഇവിടെ നിന്നും എല്‍.എല്‍എമാര്‍ ആകുന്നത്. അതുകൊണ്ട് തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നും ആരും എതിര്‍ക്കാന്‍ സാധ്യതയില്ലെന്നും ആര്യാടന്‍ ഷൗക്കത്തും കണക്ക് കൂട്ടി. 

ആ സ്വപ്നങ്ങള്‍ക്കാണ് വി എസ് ജോയിയുടെ പേര് വന്നത് തിരിച്ചടിയാകുന്നത്. ഒരു മുസ്ലിം സമുദായാംഗമായ പി വി അന്‍വര്‍ തന്നെ ഒരു ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ആളുടെ പേര്‍ നിര്‍ദേശിക്കുക വഴി യു.ഡി.എഫ് നേതൃത്വത്തെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ് എന്ന് വേണമെങ്കില്‍ പറയാം. കയിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥ. ഇതുമൂലം താനൊരു മതേതരവാദിയാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാനും പി.വി അന്‍വറിന് കഴിഞ്ഞിരിക്കുന്നു. പി.സി ജോര്‍ജിനെപ്പോലുള്ളവര്‍ക്ക് കിട്ടിയ ഒരു കൊട്ടും കൂടിയായി വേണം ഇതിനെ വ്യാഖ്യാനിക്കാന്‍. ഈ അവസരത്തില്‍ പ്രതിപക്ഷ നേതാവിന്റെ നിലപാടിലേയ്ക്ക് ആവും ഇനി എല്ലാവരുടെയും ശ്രദ്ധ. 

പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് പറഞ്ഞാല്‍ പാലക്കാട് പോലെ വലിയ തിളക്കമാര്‍ന്ന വിജയം നിലമ്പൂരിലും ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. നിലമ്പൂരില്‍ എന്തെങ്കിലും മറിച്ച് സംഭവിച്ചാല്‍ വീണ്ടും എല്‍.ഡി.എഫ് തുടര്‍ഭരണത്തിലേയ്ക്ക് പോകാനുള്ള സാധ്യത ഏറെയാണ്. ഇതിന് തടയിടേണ്ടത് മറ്റാരേക്കാളും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്റ്റീജ് വിഷയമാകും. 

അന്‍വറിനെ പിണക്കി നിലമ്പൂരില്‍ ഒരു ചരിത്ര വിജയം കൈവരിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് ചിന്തിക്കുമെന്ന് തോന്നുന്നില്ല, പി.വി അന്‍വറിനെക്കൂടി ചേര്‍ത്ത് നിര്‍ത്തി നിലമ്പൂരില്‍ രാഷ്ട്രീയ മത്സരത്തിന് നേതൃത്വം കൊടുക്കാനാവും പ്രതിപക്ഷ നേതാവ് ശ്രമിക്കുക. അങ്ങനെ വരുമ്പോള്‍ ആര് അകത്തു വരും പുറത്തു പോകും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. പാലക്കാട് സരിന്റെ അനുഭവം തന്നെ പാഠം.

#PVAnwar, #UDF, #KeralaPolitics, #Election2025, #VSJoyi, #Nilmappoor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia