Arrest | പിവി അന്‍വര്‍ റിമാന്‍ഡില്‍; തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍
● കേസില്‍ അന്‍വര്‍ അടക്കം 11 പ്രതികളാണുളളത്.
● 4 പ്രതികളെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റും.
● എംഎല്‍എക്ക് പിന്തുണയുമായി കോണ്‍ഗ്രസ്.
മലപ്പുറം: (KVARTHA) നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. തവനൂര്‍ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അന്‍വറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് തവണ വൈദ്യപരിശോധന നടത്തി.
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയാണ്. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അന്‍വര്‍ അടക്കം 11 പ്രതികളാണുളളത്. മറ്റ് നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു. ഇവരെ മഞ്ചേരി സബ് ജയിലിലേക്കാണ് മാറ്റുക.
നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അന്‍വറിന്റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വന്‍ പൊലീസ് സന്നാഹവുമായിട്ടാണ് നേതൃത്വം അന്‍വറിന്റെ വീട്ടിലെത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അന്‍വറിന്റെ പ്രതികരണം. എംഎല്‍എ ആയതിനാല്‍ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അന്‍വര്‍ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞദിവസം കരുളായി ഉള്‍വനത്തില്‍ ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട മണി എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചത്. ഈ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. സമരക്കാര്‍ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് നടപടി.
അതിനിടെ അന്‍വറിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പി വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി വാര്‍ത്താക്കുറിപ്പിറക്കി. പൊതുമുതല്‍ നശിപ്പിച്ച കേസിന്റെ പേരില്‍ പി വി അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരന്‍ ചോദിച്ചു. അന്‍വറിനെതിരായ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
#PVAnwar #ForestOfficeDestruction #KeralaPolitics #Arrest #PVAnews #Crime