Political Turmoil | നിലമ്പൂരില്‍ പി വി അന്‍വര്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും? ആര്യാടന്‍ ഷൗക്കത്ത് പട്ടാമ്പിയിലേക്കോ!

 
P.V. Anwar as UDF Candidate for Nilambur? Aryadan Shoukath for Pattambi?
P.V. Anwar as UDF Candidate for Nilambur? Aryadan Shoukath for Pattambi?

Photo Credit: X/PV ANVAR, Facebook/Aryadan Shoukath

● ജൂണ്‍ മാസത്തിനുള്ളില്‍ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും.
● ഫലം അടുത്ത് നടക്കാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ബാധിക്കും.
● ഉപതെരഞ്ഞെടുപ്പ് മുന്ന് മുന്നണികളെ സംബന്ധിച്ചും പ്രസ്റ്റീജ് വിഷയം. 

സോണി കല്ലറയ്ക്കല്‍ 

(KVARTHA) എല്‍ഡിഎഫ് പിന്തുണയില്‍ നിലമ്പൂരില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തിയ പി.വി അന്‍വര്‍ എല്‍.ഡി.എഫ് ബന്ധം ഉപേഷിച്ചതും നിലമ്പൂരില്‍ നിന്നുള്ള എം.എല്‍.എ സ്ഥാനം രാജിവെച്ചതും ഒക്കെ നാം കണ്ടതാണ്. അന്‍വര്‍ ഇപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം കൊടുക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ ആണ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം കൂടി ശേഷിക്കേ പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കുക വഴി നിലമ്പൂരില്‍ വളരെ അടുത്തു തന്നെ ഒരു ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയിരിക്കുകയാണ്. 

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ഇല്ലായിരുന്നെങ്കില്‍ നിലമ്പൂരില്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജൂണ്‍ മാസത്തിനുള്ളില്‍ എങ്കിലും നിലമ്പൂരില്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് വ്യക്തമാണ്. വരാന്‍ പോകുന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം അടുത്ത് നടക്കാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ തന്നെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇവിടെയുള്ള മുന്ന് മുന്നണികളെ സംബന്ധിച്ചും ഒരു പ്രസ്റ്റീജ് വിഷയം തന്നെയാണ്. 

നിലവില്‍ തങ്ങളുടെ കൈവശം ഇരിക്കുന്ന സീറ്റ് നഷ്ടപ്പെടുത്താതിരിക്കാന്‍ എല്‍.ഡി.എഫും വളരെക്കാലം ആര്യാടന്‍ മുഹമ്മദ് എന്ന കോണ്‍ഗ്രസ് നേതാവിലൂടെ തങ്ങളുടെ കൈവശം ഇരുന്ന സീറ്റ് തിരിച്ചു പിടിക്കാന്‍ യു.ഡി.എഫും വോട്ട് വര്‍ദ്ധിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും കിണഞ്ഞു പരിശ്രമിക്കുമെന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല. അതിനാല്‍ തന്നെ നിലമ്പൂരിലെ പോരിന് രാഷ്ട്രീയ ചൂട് ഏറുക തന്നെ ചെയ്യും. താന്‍ നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പി.വി. അന്‍വര്‍ പറയുമ്പോഴും അതില്‍ എത്രമാത്രം വാസ്തവമുണ്ടെന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. 

അന്‍വറിനെ ഒഴിവാക്കി ഒരു മത്സരം നിലമ്പൂരില്‍ യു.ഡി.എഫിന് ചിന്തിക്കാവുന്ന ഒന്നല്ല. നിലവിലെ സാഹചര്യത്തില്‍ നിലമ്പൂര്‍ കോട്ട കടക്കാന്‍ യു.ഡി.എഫിന് പി വി അന്‍വര്‍ വേണമെന്നായിരിക്കുന്നു. താന്‍ ഇപ്പോള്‍ നേതൃത്വം കൊടുക്കുന്ന തൃണമുല്‍ കോണ്‍ഗ്രസിനെ എങ്ങനെയും യു.ഡി.എഫിന്റെ ഘടകകക്ഷിയാക്കി വരുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പുറത്തു നിന്ന് പിന്തുണ കൊടുക്കാനാണ് പി.വി.അന്‍വര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇക്കാര്യം സ്വീകാര്യമാണെങ്കിലും ഇവിടുത്തെ സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതിനോട് ഒട്ടും താല്പര്യമില്ലെന്നതാണ് വാസ്തവം. 

ഒരുപക്ഷേ തൃണമൂല്‍ കേരളത്തില്‍ യു.ഡി.എഫിന്റെ ഘടകക്ഷി ആയാല്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചെന്ന് വരും. പിന്നീട് അതിന്റെ പേരില്‍ വലിയ വിലപേശല്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് യു.ഡി.എഫില്‍ നടത്താന്‍ സാധ്യതയുണ്ട്. ഭാവിയില്‍ ഇവിടെ അവര്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് സഹായിച്ചെന്നും വരും. അതിനാല്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫിന്റെ ഘടകക്ഷിയാക്കി കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് അറിയുന്നത്. 

പിന്നീട് ഒറ്റവഴി മാത്രമേ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നിലുള്ളു. പി.വി അന്‍വറിനെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് എത്രയും വേഗം മുന്‍പ് കോണ്‍ഗ്രസില്‍ എത്തിക്കുക. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വറിനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാക്കി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കുക. മലപ്പുറം ജില്ലയിലെ പഴയകാല കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്നു പി.വി അന്‍വര്‍. യു.ഡി.എഫിലെ പ്രമുഖ ഘടകക്ഷിയായ മുസ്ലിം ലീഗിനും ഇതില്‍ താല്പര്യമുണ്ടാകാന്‍ താല്പര്യമുണ്ട്. പി.വി അന്‍വര്‍ യു.ഡി.എഫിലെത്തിയാല്‍ മലപ്പുറത്തെ ലീഗ് കോട്ടകളില്‍ അത്ഭുതം സൃഷ്ടിക്കാമെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട തങ്ങളുടെ സീറ്റുകള്‍ തിരികെ പിടിക്കാമെന്നും ലീഗും കണക്ക് കൂട്ടുന്നു. 

പി.വി.അന്‍വര്‍ എല്‍.ഡി.എഫ് വിട്ടപ്പോള്‍ അന്‍വര്‍ യു.ഡി.എഫിലെത്താന്‍ ഏറ്റവും അധികം പിന്തുണച്ചത് മുസ്ലിംലീഗും നേതാക്കളും ആയിരുന്നു എന്നത് വിസ്മരിക്കാവുന്നതല്ല. എല്‍.ഡി.എഫ് വിട്ട പി.വി അന്‍വര്‍ ലീഗിലേയ്ക്ക് ചേക്കേറുമെന്ന് വരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടും പി.വി അന്‍വര്‍ തന്നെ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി നിലമ്പൂരില്‍ മത്സരിക്കണമെന്ന് കരുതുന്നവര്‍ ഏറെയാണ്. അങ്ങനെയെങ്കില്‍ യു.ഡി.എഫ് വിജയം അനായാസമാകും. യു.ഡി.എഫിന് അധികം വിയര്‍പ്പൊഴുക്കേണ്ട കാര്യവുമില്ല. നിലമ്പൂരിലെ മത്സരം അന്‍വറും എല്‍.ഡി.എഫും നേരിട്ടാകും. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായിട്ട്. ഇത് സ്വപ്നം കാണുന്നവരാണ് യു.ഡി.എഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലും ഉള്ളത്. 

അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം അന്‍വറിനെ തൃണമൂലില്‍ നിന്ന് മാറ്റി കോണ്‍ഗ്രസില്‍ ചേര്‍ക്കുക എന്നുള്ളതാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എല്‍.ഡി.എഫില്‍ നിന്ന് നെയ്യാറ്റിന്‍കര എം.എല്‍.എ ആയിരുന്ന സെല്‍വരാജിനെ എം.എല്‍.എ സ്ഥാനം രാജിവെയ്പ്പിച്ച് പിന്നീട് നെയ്യാറ്റിന്‍കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയ ചരിത്രം കോണ്‍ഗ്രസിനുണ്ട്. ഇതു തന്നെ നാളെ നിലമ്പൂരില്‍ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല. പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദേശിച്ചിരുന്നു. അത് മലപ്പുറം ഡി.സി.സി പ്രസിഡന്റും കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന വി.എസ്.ജോയി ആണ്. 

പൊതുവില്‍ ക്രൈസ്തവ സമുദായത്തില്‍പ്പെട്ടയാളെന്ന് വിശേഷിപ്പിക്കാമെങ്കിലും അദ്ദേഹം പെന്തെക്കോസ്ത് വിശ്വാസത്തില്‍പ്പെട്ട ആളാണ്. അതുകൊണ്ട് തന്നെ ജോയിയെ നിലമ്പൂരിലെ പ്രബല ക്രൈസ്തവ സഭയായ കത്തോലിക്കാ സഭ പിന്തുണയ്ക്കണമെന്നില്ല. ജോയിക്ക് നല്ലത് പെന്തക്കോസ്ത് വിശ്വാസികള്‍ ഏറെയുള്ള പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കുന്നതാവും. ജോയി മത്സരിച്ചാല്‍ നിലമ്പൂരില്‍ ഒരു ഈസി വിജയം പ്രവചിക്കാനാവുന്നതല്ല. പിന്നെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ആണ്. ആര്യാടന്‍ ഷൗക്കത്തിന്റെ പിതാവ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ആണ് വളരെക്കാലം നിലമ്പൂരിലെ ജനപ്രതിനിധി ആയി ഇരുന്നത്. 

തന്റെ കാലശേഷം ആര്യാടന്‍ ഷൗക്കത്തിലെ നിലമ്പൂരിലെ പിന്‍ ഗാമിയായി കൊണ്ടുവരാന്‍ ആര്യാടന്‍ മുഹമ്മദ് ആഗ്രഹിച്ചിരുന്നു. അദ്ദേഹം മരണമടയുന്നതിന് മുന്‍പ് തന്നെ നിലമ്പൂരിലെ മത്സരരംഗത്ത് നിന്ന് മാറികൊടുത്ത് ആര്യാടന്‍ മുഹമ്മദ് മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ്. ആ മത്സരത്തിലാണ് പി.വി അന്‍വര്‍ എല്‍.ഡി.എഫ് പിന്തുണയോടെ നിലമ്പൂരില്‍ മത്സരിച്ച് ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ച് ആദ്യമായി നിയമസഭാംഗമായത്. പിന്നീട് അന്‍വറിന്റെ തേരോട്ടമാണ് നിലമ്പൂരില്‍ എങ്ങും കണ്ടത്. ആര്യാടന്‍ മുഹമ്മദിനെപ്പോലെ അത്രകണ്ട് സ്വീകാര്യനൊന്നും അല്ല നിലമ്പൂറുകാര്‍ക്ക് ആര്യാടന്‍ ഷൗക്കത്ത് എന്നതാണ് സത്യം. 

വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വറിന്റെ പിന്തുണയുണ്ടെങ്കില്‍ പോലും ആര്യാടന്‍ ഷൗക്കത്ത് കഷ്ടിച്ച് കടന്നുകൂടിയാല്‍ നന്നായി. ആര്യാടന്‍ ഷൗക്കത്തിനെ സംബന്ധിച്ച് നിലമ്പൂരില്‍ നിന്ന് മാറി മറ്റൊരു മണ്ഡലം തെരഞ്ഞെടുക്കുന്നതാവും ഉത്തമം. പട്ടാമ്പി പോലുള്ള നിയമസഭാ മണ്ഡലങ്ങള്‍ തന്നെ ഉദാഹരണം. കാലാകാലങ്ങളായി ഇതൊരു യു.ഡി.എഫ് മണ്ഡലമായിരുന്നു. കോണ്‍ഗ്രസ് നേതാവ് സി.പി മുഹമ്മദ് ഇവിടെ വളരെക്കാലം എം.എല്‍.എ ആയിരുന്നതാണ്. ഇന്നും ഈ മണ്ഡലം നല്ലൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വന്നാല്‍ യു.ഡി.എഫിന് തിരിച്ചു പിടിക്കാനാവും എന്ന് യുഡിഎഫ് അനുഭാവികള്‍ കരുതുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ആര് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ആയാലും കാലുവാരിക്കളയുമെന്ന് ഏതാണ്ട് ഉറപ്പിക്കാം. പലരും ഈ സീറ്റിനായി ഇപ്പോഴെ കടിപിടി തുടങ്ങിയെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. അത്തരമൊരു സാഹചര്യത്തില്‍ ഇതിനെയെല്ലാം അതിജിവിച്ച് യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം കൈവരിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥി നിലമ്പൂരില്‍ പി വി അന്‍വര്‍ തന്നെയാണ്. ഇത് തന്നെയാകും എല്‍.ഡി.എഫിന് കടുത്ത വെല്ലുവിളിയും ആകുക.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുകയും നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുകയും ചെയ്യുക.

P.V. Anwar might join UDF to contest the upcoming Nilambur by-election, with Aryadan Shoukath also in the race. The political scenario is heating up.

#NilamburElection #UDFCandidate #PVAanwar #AryadanShoukath #KeralaPolitics #PoliticalBattle

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia