P Jayarajan | സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കണ്ണൂര്‍ സിപിഎമ്മില്‍ മുറുകുന്നു; മനു തോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍

 
P Jayajaran against Manu Thomas, P Jayajaran, Against, Manu Thomas, CPM
P Jayajaran against Manu Thomas, P Jayajaran, Against, Manu Thomas, CPM


പാര്‍ടി അംഗത്വം ഒഴിവാക്കിയതിനുശേഷം സിപിഎമ്മിനെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നു.

വലതുപക്ഷ മാധ്യമങ്ങള്‍ ഇയാള്‍ക്ക് അനീതിക്കെതിരായ പോരാളി പരിവേഷം നല്‍കുന്നു. 

ആരെയെങ്കിലും ലക്ഷ്യംവെച്ച് ബോധപൂര്‍വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് കൂട്ട് നില്‍ക്കാന്‍ പാര്‍ടിയെ കിട്ടില്ല.

കണ്ണൂര്‍: (KVARTHA) സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സിപിഎമ്മില്‍ മുറുകുന്നു. പാര്‍ടിയില്‍നിന്നും പുറത്താക്കിയ യുവ നേതാവിനെതിരെ നിലപാട് ശക്തമാക്കി പി ജയരാജനും രംഗത്തുവന്നു. സിപിഎം  കണ്ണൂര്‍ ജില്ലാ കമിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ വിമര്‍ശനവുമായി മുന്‍ ജില്ലാ സെക്രടറിയും സംസ്ഥാന കമിറ്റിയംഗവുമായ പി ജയരാജന്‍ രംഗത്തെത്തിയതോടെ പാര്‍ടിക്കുള്ളിലും വിവാദങ്ങള്‍ കൊഴുക്കുകയാണ്.

പൊതുപ്രവര്‍ത്തകനായ തന്നെ ജനമധ്യത്തില്‍ താറടിച്ച് കാണിക്കാനാണ് മനു തോമസിന്റെ ശ്രമമെന്നാണ് ജയരാജന്റ ആരോപണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി ജയരാജന്‍ അറിയിച്ചു.
പാര്‍ടി അംഗത്വം ഒഴിവാക്കിയതിനുശേഷം സിപിഎമ്മിനെ കരിവാരി തേക്കാന്‍ ശ്രമിക്കുകയാണ് മനു തോമസ് ചെയ്യുന്നത്. പാര്‍ടിയില്‍നിന്ന് പുറത്തുപോയ ആള്‍ക്ക് അനീതിക്കെതിരായ പോരാളി പരിവേഷം വലതുപക്ഷ മാധ്യമങ്ങള്‍ നല്‍കുകയാണ്.

മനു തോമസ് പാര്‍ടിയിലെ ആരെയെങ്കിലും ലക്ഷ്യംവെച്ച് ബോധപൂര്‍വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികള്‍ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂര്‍ ജില്ലയിലെ പാര്‍ടിക്കുള്ളതെന്നും പി ജയരാജന്‍ ഫേസ്ബുകില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പാര്‍ടിയില്‍നിന്ന് പുറത്തുപോയ ഒരാളെ ഉപയോഗിച്ച് പാര്‍ടിക്കെതിരെ എന്തെല്ലാം പറയിക്കാന്‍ പറ്റുമെന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ജയരാജന്‍ വിമര്‍ശിച്ചു. കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്ന ആള്‍, എന്തിനേറെ പറയുന്നു അതിനിര്‍ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോലും പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിക്കാത്തയാള്‍ സ്വര്‍ണക്കടത്ത് കൊടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നുവെന്ന അവകാശവാദം ഉന്നയിക്കുമ്പോള്‍ ആരെയാണദ്ദേഹം കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹം പാര്‍ടിയിലെ ആരെയെങ്കിലും ലക്ഷ്യംവെച്ച് ബോധപൂര്‍വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് കൂട്ട് നില്‍ക്കാന്‍ പാര്‍ടിയെ കിട്ടില്ലെന്നും പി ജയരാജന്‍ ചൂണ്ടിക്കാട്ടി. 

കമ്യൂണിസ്റ്റ് പാര്‍ടി നാനാവിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന പാര്‍ടിയാണ്. പാര്‍ടി അംഗത്വത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുണ്ട്. എന്നാല്‍ മുഴുവന്‍ സമയ പാര്‍ടി പ്രവര്‍ത്തകര്‍ മറ്റു ജോലികള്‍ ചെയ്യുന്നത് എല്ലാവരോടും നിഷ്‌കര്‍ഷിക്കാറുണ്ട് പാര്‍ടി. കണ്ണൂര്‍ ജില്ലാകമിറ്റിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉള്‍പെടുത്തിയപ്പോള്‍ ഒരു കാര്യം അദ്ദേഹത്തോട് പാര്‍ടി ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പിലും തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളില്‍ നിന്ന് ഒഴിവാകണം. ഈ കാര്യം അനുസരിക്കാത്ത അദ്ദേഹമാണ് തെറ്റ് തിരുത്തേണ്ടത്. തന്റെ 20-ലേറെ വര്‍ഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതുന്ന പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാന്‍ ഇനിയെങ്കിലും ശ്രമിക്കണമന്ന് പി ജയരാജന്‍ തന്റെ ഫേസ്ബുക് പേജിലൂടെ ആവശ്യപ്പെട്ടു.

പി ജയരാജന്റെ ഫേസ്ബുക് കുറിപ്പ് ഇവിടെ വായിക്കാം:

'ഒരു 'വിപ്ലവകാരി'യുടെ പതനം വലതുപക്ഷ മാധ്യമങ്ങള്‍ എത്ര ആഘോഷമായാണ് കൊണ്ടാടുന്നത് എന്നത് ആലോചിച്ചു നോക്കുക. കോളേജ് ജീവിത' കാലത്ത് ചപ്പാരപ്പടവിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഒരു യുവാവ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ആയി., കോളേജ് യൂണിയന്‍ ഭാരവാഹി ആയി, എസ്.എഫ്.ഐ നേതാവ് ആയി. ഡി.വൈ.എഫ്.ഐ യുടെ നേതാവ് ആയി ഉയരുന്നു, തദ്ദേശ ഭരണ സ്ഥാപനത്തിലെ ഭാരവാഹി ആയും മാറുന്നു. സി.പി.ഐ(എം) അംഗമാകുന്നു. ഒടുവില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായി നിയോഗിക്കപ്പെടുന്നു., കൊല്ലങ്ങളായി സി.പി.ഐ(എം)' നേതാവായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് 2024 ജൂണ്‍ 24 ന് അതേവരെ കിട്ടാത്ത മാധ്യമ കവറേജ് എന്തുകൊണ്ട് ലഭിക്കുന്നു എന്നതാണ് കൗതുകകരം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ജയില്‍ ജീവിതം ഉണ്ടായിട്ടുണ്ട്. അക്കാലത്തൊന്നും നല്‍കാത്ത 'അനീതിക്കെതിരായ പോരാളി' പരിവേഷം ഇപ്പോള്‍ മാത്രം നല്‍കുന്നതിന്റെ പിന്നിലെന്താണ്? ഒറ്റ ഉത്തരമേ ഉള്ളൂ. അദ്ദേഹം സി.പി.ഐ(എം) ല്‍ നിന്ന് സ്വയം പുറത്ത് പോയിരിക്കുന്നു. അത്തരമൊരാളെ ഉപയോഗിച്ച് പാര്‍ട്ടിക്കെതിരെ എന്തെല്ലാം പറയിപ്പിക്കാന്‍ പറ്റും എന്നാണ് മാധ്യമ ശ്രമം. ഈ മാധ്യമ ശ്രമത്തിന്റെ ഭാഗമെന്നോണം ജൂണ്‍ 25 ന്റെ മനോരമ പത്രത്തില്‍ എനിക്കെതിരെയും അദ്ദേഹം ഒരു പരാമര്‍ശം നടത്തിയതായി കാണുന്നു. അത് ഒരു പൊതുപ്രവര്‍ത്തകനായ എന്നെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.

കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്ന ആള്‍, എന്തിനേറെ പറയുന്നു അതിനിര്‍ണ്ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാത്തയാള്‍ സ്വര്‍ണ്ണക്കടത്ത് കൊട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോള്‍ ആരെയാണദ്ദേഹം കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹം പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ല.

അതേ സമയം പാര്‍ട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികള്‍ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിക്കുള്ളത്. ഇവിടെ ഒരു ജില്ലാ കമ്മറ്റി അംഗത്തിന്റെ പരാതി എത്ര മാത്രം ഗൗരവമായാണ് പരിഗണിച്ചിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്ന കാര്യമാണ്. അതുകൊണ്ട് അദ്ദേഹമാണ് ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉള്‍പ്പെടുത്തപ്പെട്ടപ്പോള്‍ ഒരു കാര്യം അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പിലും, തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളില്‍ നിന്ന് ഒഴിവാകണം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാനാ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടി അംഗത്വത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുണ്ട്. എന്നാല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും നിഷ്‌കര്‍ഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത് അദ്ദേഹം തന്നെയായിരുന്നു. അതിനാല്‍ തന്റെ ഇരുപതിലേറെ വര്‍ഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാന്‍ അദ്ദേഹം ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Facebook Post Screen Shot

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia