Election | 2026ൽ പി സി ജോർജ് മത്സരിക്കുക പൂഞ്ഞാറിൽ അല്ല, കാഞ്ഞിരപ്പള്ളിയിൽ?


● മുസ്ലിം വോട്ടർമാരുടെ എതിർപ്പ് മൂലമാണ് മണ്ഡലം മാറ്റാനുള്ള ആലോചന
● കാഞ്ഞിരപ്പള്ളിയിൽ കത്തോലിക്കാ സമുദായംഗങ്ങളാണ് കൂടുതൽ.
● ഷോൺ ജോർജ് പൂഞ്ഞാറ്റിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.
മിൻ്റാ മരിയാ തോമസ്
(KVARTHA) കഴിഞ്ഞ ഏറെ വർഷക്കാലം പൂഞ്ഞാറിൽ എംഎൽഎ ആയിരുന്ന പി.സി ജോർജ് രണ്ട് പ്രാവശ്യം മാത്രമാണ് പുഞ്ഞാറിൽ പരാജയപ്പെട്ടത്. ഒന്ന് മുൻ മന്ത്രി എൻ.എം ജോസഫിനോടും, മറ്റൊന്ന് കഴിഞ്ഞ തവണ എൽ.ഡി.എഫിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിനോടും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പി.സി ജോർജ് യു.ഡി.എഫിലും എൽ.ഡി.എഫിലും ഇല്ലാതെ സ്വതന്ത്രനായാണ് പൂഞ്ഞാറിൽ മത്സരിച്ചത്. ഇങ്ങനെ സ്വതന്ത്രനായി മത്സരിച്ച ഒരു തെരഞ്ഞെടുപ്പിൽ പി.സിയ്ക്ക് വിജയം നുണയാൻ അവസരം കിട്ടിയെങ്കിൽ ഒരു തെരഞ്ഞെടുപ്പിൽ പരാജയം നുണയാൻ ആയിരുന്നു വിധി.
വർഗീയ പരാമർശത്തെ തുടർന്ന് ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങൾ തിരിച്ചടിച്ചതിനെത്തുടർന്നാണ് പി.സി ജോർജിന് പരാജയം നേരിടേണ്ടി വന്നത്. ഒരിക്കൽ സ്വതന്ത്രനായി മത്സരിച്ചപ്പോൾ ഇടതു സ്ഥാനാർത്ഥി പിടിച്ചതിലധികം വോട്ടുകളായിരുന്നു പി.സി ജോർജിൻ്റെ ഭൂരിപക്ഷം . ഇതിന് സഹായിച്ചത് പൂഞ്ഞാറ്റിലെ മുസ്ലിം വോട്ടർമാരായിരുന്നു . ഇത് മറന്നു കൊണ്ട് പി.സി ജോർജ് വർഗീയ പരാമർശം നടത്തി മുസ്ലിം സമൂദായത്തിൻ്റെ വെറുപ്പ് സമ്പാദിച്ചതാണ് കഴിഞ്ഞ തവണ പി.സി.ജോർജിന് ഏറ്റ വമ്പൻ പരാജയത്തിന് കാരണമെന്നാണ് പറയുന്നത്.
യു.ഡി.എഫിലും എൽ.ഡി.എഫിലുമായി പി.സി.ജോർജ് മാറി മാറി മത്സരിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് കെ.എം. മാണിയെ സഹായിക്കാനും ജോർജിനെ തോൽപ്പിക്കാനും ആണ് അവിടുത്തെ കത്തോലിക്കാ സഭയും ബിഷപ്പുമാരും അച്ചന്മാരും ഒക്കെ തീരുമാനിച്ചതും പ്രവർത്തിച്ചതുമെന്ന് ആക്ഷേപമുണ്ട്. അന്ന് പി.സി ജോർജിനെ അടി തെറ്റാതെ കാത്ത മുസ്ലിം സമുദായത്തെ മറന്നുകൊണ്ട് ബി.ജെ.പി യെ തൃപ്തിപ്പെടുത്താൻ അദേഹം നടത്തിയ പ്രസ്താവനകളാണ് ജോർജ് എന്ന രാഷ്ട്രീയത്തിലെ അതികായകനെ വീഴ്ത്തിയതെന്ന് നിസംശയം പറയാം. ഇന്ന് പി.സി.ജോർജ് ബി.ജെ.പി പാളയത്തിലാണ്.
ഇനി പി.സി ജോർജ് ആരുടെയും പിന്തുണയിലും പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചാലും വിജയസാധ്യത ' കുറവാണ്. അത്രമാത്രം ഉണ്ട് ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിൻ്റെ എതിർപ്പ്. ഇതിനെ ഉടനെയെങ്ങും പി.സി ജോർജിന് മറികടക്കാനാവുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറിയുള്ള ഒരു പരീക്ഷണത്തിനാകും പി.സി ജോർജ് ശ്രമിക്കുക. അത് കാഞ്ഞിരപ്പള്ളിയോ, പാലായോ, ഇതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പാലായിൽ പി സി ജോർജിൻ്റെ അടുത്ത സുഹൃത്ത് മാണി സി കാപ്പൻ തന്നെ ആയിരിക്കും അടുത്ത തവണയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി വരിക എന്ന് ഉറപ്പാണ്. മറുവശത്ത് എൽ.ഡി.എഫിൽ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ളത് പി.സി.ജോർജിൻ്റെ ബദ്ധ വൈരിയായ ജോസ് കെ മാണിയും. പി.സി ജോർജ് പാലായിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തിയാൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ വോട്ടിൽ ആയിരിക്കും വിള്ളൽ വീഴ്ത്തുക. ഇത് ജോസ് കെ മാണിയുടെ വിജയത്തിൽ കലാശിക്കാം. അതുകൊണ്ട് പാലായിൽ ഒരു മത്സരത്തിന് പി.സി ജോർജ് തുനിയുമെന്ന് തോന്നുന്നില്ല.
പി.സി ജോർജിന് ഇവിടെ വിജയിക്കാൻ പറ്റിയില്ലെങ്കിൽ ജോസ് കെ മാണിയ്ക്ക് തന്നെയാകും ഇവിടെ വിജയ സാധ്യത. അതുകൊണ്ട് അത്തരമൊരു ഭാഗ്യ പരീക്ഷണത്തിന് ജോർജ് തുനിയുമോ എന്ന കാര്യം സംശയമാണ്. ഇവിടെ മുസ്ലിം വിരോധം ഭയക്കേണ്ട കാര്യമില്ല എന്നതും സത്യമാണ്. ഇവിടെ ക്രൈസ്തവ വോട്ടർമാരാണ് കൂടുതലും. പരമ്പരാഗതമായി ഇവിടുത്തെ ക്രൈസ്തവർ യു.ഡി.എഫിന് ആണ് വോട്ടുചെയ്യുന്നത്. പി.സി ജോർജ് ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായി വന്നാൽ അതിനെ കത്തോലിക്കാ സഭാ പിന്തുണച്ചാൽ വിജയ സാധ്യത കൂടുതൽ എൽ.ഡി.എഫിന് ആയിരിക്കും.
പിന്നെ മത്സരിക്കാൻ പറ്റുന്നത് കാഞ്ഞിരപ്പള്ളിയാണ്. ശരിക്കും കത്തോലിക്ക സമുദായംഗങ്ങൾ കൂടുതൽ അധിവസിക്കുന്ന മേഖലയാണ് കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി രൂപതയുടെയും ബിഷപ്പ് ഹൗസിൻ്റെയും ഒക്കെ പിന്തുണ പി.സി ജോർജ് കാഞ്ഞിരപ്പള്ളിൽ ബി.ജെ.പി സ്ഥാനാർത്ഥി ആയി എത്തിയാൽ നേടാനാകും. കേരളാ കോൺഗ്രസ് വോട്ടുകളിലും പി.സി ജോർജിന് വിള്ളൽ ഉണ്ടാക്കാനാകും. പഴയ വാഴൂർ നിയമസഭാ മണ്ഡലം ഇല്ലാതായി അത് കാഞ്ഞിരപ്പള്ളിയിൽ ലയിച്ചതാണ് പുതിയ കാഞ്ഞിരപ്പള്ളി നിയമസഭാ നിയോജകമണ്ഡലം. വാഴൂർ പോലെയുള്ള സ്ഥലങ്ങളിൽ ഹൈന്ദവർക്കും നിർണ്ണായക സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ ബി.ജെ.പി യും സംഘടിത ശക്തിയാണ്.
മുസ്ലിം വോട്ടർമാരിൽ ചെറിയൊരു വിഭാഗമേ ഇവിടെയുള്ളു. അതുകൊണ്ട് തന്നെ പി.സി ജോർജിന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചാൽ വിജയസാധ്യതയുള്ള ഏക മണ്ഡലം കാഞ്ഞിരപ്പള്ളിയാണെന്ന് പറയാം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ കാര്യത്തിലുള്ള പി.സി ജോർജ് നടത്തിയ ഇടപെടലുകൾ അദ്ദേഹത്തെ സഭയ്ക്കും സ്വീകാര്യനാക്കിയിട്ടുണ്ട്. കെ.എം മാണി അന്തരിച്ച ശേഷം കത്തോലിക്ക സഭയുടെ നേതൃത്വം പി.സി ജോർജ് ഏറ്റെടുത്ത പോലെയാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്.
അതിനാൽ പി.സി ജോർജ് കാഞ്ഞിരപ്പള്ളിയിൽ ബി.ജെ.പി സ്ഥാനാർത്ഥി ആയി എത്തിയാൽ പി.സി. ജോർജിനെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം സഭയുടെ പ്രസ്റ്റീജ് ആയി മാറും. പക്ഷേ വിജയിക്കാനുള്ള വോട്ട് ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. ഇതൊക്കെ മനസ്സിലാക്കി തന്നെയാകും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കം നടത്തുക. എന്തായാലും ഇനി പി.സി ജോർജ് പൂഞ്ഞാറ്റിൽ മത്സരിക്കാനുള്ള സാധ്യത തീരെ കുറവാണ്. മിക്കവാറും കാഞ്ഞിരപ്പള്ളി തന്നെയാകും മത്സരത്തിനായി തെരഞ്ഞെടുക്കുക. അങ്ങനെ വന്നാൽ പി.സി ജോർജിൻ്റെ മകൻ ഷോൺ ജോർജ് പൂഞ്ഞാറ്റിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കാം. ആ രീതിയിലേയ്ക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
P.C. George, after his long political journey in Poonjar, is now speculated to contest in Kanjirappally in the 2026 elections, with his chances for success in Poonjar uncertain.
#PCGeorge, #Kanjirappally, #Poonjar, #KeralaPolitics, #Election2026, #KeralaNews