തീവ്രവാദത്തിനെതിരെ ശക്തമായ തിരിച്ചടി തുടർന്നും ഉണ്ടാകും; ഓപ്പറേഷൻ സിന്ദൂർ തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി


● 'സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇന്ത്യ മടിക്കില്ല'
● കൂടുതൽ ഭീകര ക്യാമ്പുകൾ നിരീക്ഷണത്തിൽ
● നേപ്പാൾ അതിർത്തിയിലും സുരക്ഷ ശക്തമാക്കി
● കശ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
● ഇരു രാജ്യങ്ങളും ഇനി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് യുഎസ്
ന്യൂഡെല്‍ഹി: (KVARTHA) പഹൽഗാമിലെ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഇത് തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കാൻ അദ്ദേഹം മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ പോലും മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്ഥാനിലെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യയുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിയന്ത്രണ രേഖയിൽ സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന സൂചനയും കേന്ദ്രം നൽകുന്നു. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളിൽ 9 എണ്ണത്തിൽ മാത്രമാണ് ഇപ്പോൾ ആക്രമണം നടത്തിയത്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ പോലും ആക്രമിക്കാൻ ഇന്ത്യ തയ്യാറായേക്കും.
അതേസമയം, അടിയന്തര സാഹചര്യം കണക്കിലെടുത്ത് നേപ്പാൾ-പാകിസ്ഥാൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങളിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ എന്നിവർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിൽ വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗർ വിമാനത്താവളവും വ്യാഴാഴ്ചയും അടച്ചിടും. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
ഇതിനിടെ, ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പ്രസ്താവനയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. തിരിച്ചടി നൽകാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇരു രാജ്യങ്ങളും ഇനി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അഭ്യർത്ഥിച്ചു. ഇന്ത്യ തിരിച്ചടി നൽകിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക.
Prime Minister Modi stated that Operation Sindoor is just the beginning and strong action against terrorism will continue. India is prepared to retaliate strongly to any further Pakistani provocation, even targeting military installations.
#IndiaFightsTerrorism, #OperationSindoor, #PMModi, #Pakistan, #Kashmir, #Security
News Categories: National, News, Top-Headline, International, Defense