Concerns | ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന് മരണമണിയോ? കേന്ദ്ര സർക്കാർ നീക്കത്തിൽ ആശങ്കയും അനിശ്ചിതത്വവും
● ഏകീകൃത സിവിൽകോഡു പോലെ തന്നെ മറ്റൊരു അജൻഡയായാണ് ഇതിനെയും ഭാരതീയ ജനതാപാർട്ടി കാണുന്നത്.
● ഇക്കഴിഞ്ഞ സെപ്തംബറിലാണ് അംഗീകാരം നല്‍കിയത്.
● ഇരുസഭകളിലും ബില്ലിനെ എതിർക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.
ഭാമനാവത്ത്
ന്യൂഡൽഹി: (KVARTHA) ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന പരിഷ്കരണം രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ എങ്ങനെ സഹായിക്കുമെന്ന ആശങ്ക വിവിധ പാർട്ടികളിൽ നിന്നും ജനാധിപത്യവാദികളിൽ നിന്നും ഉയർന്നിരിക്കുകയാണ്. ഏകകക്ഷി ഭരണത്തിന് ഇടയാക്കുന്നതാണ് പുതിയ പരിഷ്കാരമെന്ന വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. രാജ്യത്ത് ബി.ജെ.പി അധികാരത്തിൽ വന്നതു മുതൽ ഇതിനായി നീക്കം നടത്തിയിരുന്നു. ഏകീകൃത സിവിൽകോഡു പോലെ തന്നെ മറ്റൊരു അജൻഡയായാണ് ഇതിനെയും ഭാരതീയ ജനതാപാർട്ടി കാണുന്നത്.
കഴിഞ്ഞ ദിവസം കരട് ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം നല്‍കിയതോടെ ഒരു ചുവട് കൂടി മുൻപോട്ടു വെച്ചിരിക്കുകയാണ് ബി.ജെ.പി. സമഗ്രമായ ബില്‍ പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തില്‍ തന്നെ കൊണ്ടുവരാനാണ് നരേന്ദ്ര മോദി സർക്കാർ നീക്കം നടത്തുന്നത്. ഒറ്റ തിരഞ്ഞെടുപ്പിനെക്കുറിച്ച് മുൻ പ്രസിഡൻ്റ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ട് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് അംഗീകാരം നല്‍കിയത്. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) ക്ക് വിടുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ഇരുസഭകളിലും ബില്ലിനെ എതിർക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. അമേരിക്കൻ മോഡൽ പ്രസിഡൻഷ്യൽ ഭരണരീതി ഇന്ത്യയിൽ നടപ്പിലാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് ഇതെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിൻ്റെ ആരോപണം. വരുംദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിൽ ഏറെ ചർച്ചയാവാൻ സാദ്ധ്യതയുള്ള വിഷയം കൂടിയാണിത്. ഫെഡറൽ ഭരണകൂടങ്ങളുടെ അന്തസത്ത തകർക്കാനുള്ള നീക്കമാണ് ബില്ലിന് പിന്നിലെന്ന ആരോപണവും ശക്തമാണ്. ബിൽ പാസായാൽ പല സംസ്ഥാനങ്ങളിലും ഭരണം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവരും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ സ്ഥിതിസംജാതമാകും. ഇത്തരത്തിൽ വലിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കളമൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി' ശക്തമായി വാദിച്ചിരുന്നു. ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ പുരോഗതിയെ ബാധിക്കുന്നുവെന്നായിരുന്നു വാദം. ഇക്കഴിഞ്ഞ സെപ്തംബറിലാണ് അംഗീകാരം നല്‍കിയത്. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുന്നതോടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകും.
മുൻ രാഷ്ട്രപതിരാം നാഥ് കോവിന്ദ് സമിതിയാണ് ഇതു സംബന്ധിച്ച് പ്രധാന നിർദ്ദേശങ്ങൾ മുൻപോട്ടു വെച്ചത്.
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നതാണ് ഏറ്റവും സുപ്രധാന നിർദ്ദേശം. തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തുകയും വേണം. 2029 ൽ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ അതിന് ഇടയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സർക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്ക്കേണ്ടിയും വരും. നാല് വർഷം, മൂന്ന് വർഷം, രണ്ട് വർഷം, ഒരു വർഷം എന്നിങ്ങനെ നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കപ്പെടും.
ജാർഖണ്ഡ്, ബീഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി നാല് വർഷമായി വെട്ടിച്ചുരുക്കേണ്ടി വരും. കേരളം, ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി മൂന്ന് വർഷമാക്കേണ്ടി വരും. മണിപ്പൂർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ നിയമസഭാ കാലവധി രണ്ട് വർഷമായും ഹിമാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, കർണാടക, തെലങ്കാന, മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടേത് ഒരു വർഷമായും വെട്ടിച്ചുരുക്കേണ്ട സാഹചര്യമുണ്ടാകും.
ഇതിൻ്റെ പ്രായോഗികതയിൽ ഊന്നിയുള്ള ചർച്ചയാണ് വരും ദിവസങ്ങളിൽ നടക്കുക. ലോകത്തിന് തന്നെ മാതൃകയായ ജനാധിപത്യസംവിധാനമാണ് ഇന്ത്യയിലേത്. പരിഷ്കാരങ്ങൾ കാലോചിതമായി നടപ്പിലാക്കേണ്ടതാണെങ്കിലും അതുണ്ടാക്കുന്ന ഭവിഷ്യത്തുകൾ കൂടി പരിഗണിക്കേണ്ടതുണ്ട്. എൻ.ഡി.എ മുന്നണിയിലെ ഘടകകക്ഷി നേതാക്കൾ ഈ കാര്യത്തിൽ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല പ്രതിപക്ഷത്തിനെപ്പോലെ അവരും ബില്ലിനെ എതിർത്താൽ ബി.ജെ.പി വെള്ളം കുടിക്കുമെന്നത് തീർച്ചയാണ്.
#OneNationOneElection, #IndianDemocracy, #BJP, #ElectionReform, #PoliticalReform, #IndianPolitics