Criticism | ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: സർക്കാർ മുഴക്കുന്നത് ജനാധിപത്യത്തിൻ്റെ മരണമണിയോ?
● നാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
● ഫെഡറൽ സംവിധാനത്തെ ദുർബലമാക്കുമെന്ന ആശങ്കയും ഉയർന്നു.
ഭാമനാവത്ത്
ന്യൂഡൽഹി: (KVARTHA) ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന ആശയം ഏകീകൃത സിവിൽ കോഡ് പോലെ നേരത്തെ ബിജെപി നടപ്പിലാക്കാനിരുന്നതാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത മുന്നണി സർക്കാരുമായി മുൻപോട്ടു പോകവെ അവർ അതു നടപ്പിലാക്കാൻ തുനിഞ്ഞിറങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മൂന്നാം നരേന്ദ്ര മോഡി സർക്കാർ ഇതു നടപ്പിലാക്കാൻ തീരുമാനിച്ചത് രാജ്യമാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും ഇടതുപാർട്ടികളും അപ്രായോഗികവും ജനാധിപത്യത്തെ അട്ടിമറിക്കാനുമാണ് ബി.ജെ.പി തെരഞ്ഞെടുപ്പിൽ കൈ വയ്ക്കുന്നതെന്ന ആരോപണം ഉയർത്തിയിട്ടുണ്ട്.
കർഷക ബിൽ പോലെ ഈക്കാര്യത്തിലും ബിജെപിയുടെ കൈ പൊള്ളുമോയെന്ന കാര്യം വരും നാളുകളിലറിയാം. രാജ്യത്തിന്റെ ഫെഡറൽ – ജനാധിപത്യ സംവിധാനങ്ങളെ തകർത്തെറിയുന്നതാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ സംവിധാനമെന്നതാണ് ദേശീയ തലത്തിൽ ഉയരുന്ന വിമർശനം. എന്നാൽ ഇതു നടപ്പിലാക്കുന്നതിൽ പിന്നോട്ടില്ലെന്നാണ് മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ തീരുമാനം. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതാധികാരസമിതി തയ്യാറാക്കിയ റിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെയാണ് ബിജെപി ഈ കാര്യത്തിൽ ആദ്യ ചുവട് വെച്ചത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്ത് രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ആദ്യഘട്ടത്തിൽ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ഒരുമിച്ചും 100 ദിവസത്തിന് ശേഷം തദ്ദേശ തെരഞ്ഞെടുപ്പും നടത്തണമെന്നാണ് കോവിന്ദ് സമിതിയുടെ നിർദേശം. എല്ലാ തെരഞ്ഞെടുപ്പുകൾക്കും വേണ്ടി പൊതുവോട്ടർപ്പട്ടിക തയ്യാറാക്കണമെന്നും റിപ്പോർട്ടിലുണ്ട്. ശൈത്യകാല സമ്മേളനത്തിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ശുപാർശ നടപ്പിലാക്കാൻ പുതിയ സമിതി ഉടൻ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചിട്ടുണ്ട്.
ഒറ്റ തെരഞ്ഞെടുപ്പ് എന്നു മുതല്‍ നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ പരാമർശമില്ലെങ്കിലും 2029 മുതൽ ഇത് നടപ്പാക്കാനാണ് നീക്കമെന്ന് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അങ്ങനെവന്നാൽ 17 സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ കാലാവധി മൂന്ന് വർഷമോ അതിൽ താഴെയൊ ആയി വെട്ടിച്ചുരുക്കേണ്ടിവരും. ലോക്‌സഭയിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാൽ ആ സർക്കാരിന്റെ കാലാവധി മുൻസഭയുടെ അഞ്ച് വർഷ കാലാവധിയിൽ ശേഷിച്ചിരുന്ന സമയത്തേക്ക് മാത്രമാകും. എപ്പോൾ നിലവിൽവരുന്ന നിയമസഭയുടെയും കാലാവധി ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്ന ദിവസം വരെയായിരിക്കും.
പുതിയ സംവിധാനത്തിനായി 18 ഭരണഘടനാഭേദഗതി നടത്തേണ്ടിവരും. ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കാൻ സംസ്ഥാനങ്ങളുടെ അംഗീകാരം വാങ്ങേണ്ടതില്ല. എന്നാൽ, പൊതുവോട്ടർപ്പട്ടിക തയ്യാറാക്കൽ, പൊതു വോട്ടർകാർഡ് അനുവദിക്കൽ, മുൻസിപ്പൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന് ഒപ്പമാക്കൽ തുടങ്ങിയവയ്ക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമുണ്ട്. സമിതി പ്രതികരണം തേടിയ 47 രാഷ്ട്രീയ പാർടികളിൽ 32 പാർടികൾ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുന്നതിനെ പിന്തുണച്ചെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
സിപി എം, കോൺഗ്രസ്, എഎപി, ശിവസേന (ഉദ്ധവ്‌താക്കറേ വിഭാഗം), തൃണമുൽ കോൺഗ്രസ്, സമാജ്‌വാദിപാർടി, ഡിഎംകെ, ആർജെഡി - തുടങ്ങി 15 ഓളം പാർട്ടികൾ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാ ഭേദഗതിക്കുവേണ്ട മൂന്നിൽ രണ്ടു ഭൂരിപക്ഷം ലോകസഭയിലില്ലെന്നത് ബിജെപിയുടെ നീക്കത്തിന് വിഘാതമാകും. സഖ്യകക്ഷികളായ തെലുങ്കുദേശം പാർട്ടിയും ജനതാദൾ യുവും ഇതുസംബന്ധിച്ച് നിലപാടും വ്യക്തമാക്കിയിട്ടില്ലെന്നതും ബിജെപിക്ക് തലവേദനയാകും. ഏകാധിപത്യപരമായ നടപടികളുമായി ബി.ജെ പി മുൻപോട്ടു പോകുന്നതെന്ന പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് മുൻപിൽ ബി.ജെ.പി പ്രതിരോധത്തിലായേക്കും. രാജ്യത്തെ ഇരു സഭകളിലും ഈ കാര്യത്തിൽ പ്രതിഷേധമുണ്ടായേക്കും.
അമേരിക്കൻ മോഡൽ പ്രസിഡൻഷ്യൽ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ ബി.ജെ പി രഹസ്യ നീക്കം നടത്തുന്നുവെന്ന ആരോപണം നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്. രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന രീതിയിലുള്ള പരിഷ്ക്കാരങ്ങൾ ജനാധിപത്യത്തെ ദുർബലമാക്കുമെന്ന വിമർശനങ്ങളിൽ കഴമ്പില്ലാതില്ല. തെരഞ്ഞെടുപ്പുകൾ വ്യത്യസ്ത കാലങ്ങളിൽ നടത്തുമ്പോഴുണ്ടാകുന്ന ധനദുർവ്യയവും ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയും ഉദ്യോഗസ്ഥ സേവനങ്ങളും ഒഴിവാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
എന്നാൽ ഇന്ത്യ പോലുള്ള വലിയ ജനാധിപത്യ രാജ്യത്ത് അതു എത്രമാത്രം പ്രായോഗികമാവുമെന്ന കാര്യം കണ്ടറിയണം. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ കാലോചിതമായി നടപ്പിലാക്കേണ്ടത് ആവശ്യമാണെങ്കിലും അതിന് പാർട്ടികളുടെ സമവായം കൂടി ആവശ്യമാണ്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് വേണം ഇക്കാര്യത്തിൽ മുൻപോട്ടു പോകേണ്ടത്. ഇന്ത്യൻ ജനാധിപത്യം ലോകത്തിന് തന്നെ വെളിച്ചം പകരുന്നതാണ്. അതിൻ്റെ ശോഭ കെടുത്തുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ശുഭ സൂചനയല്ല.
#OneElection #IndianPolitics #Democracy #BJP #Elections #Federalism