NTR | എന്‍ ടി രാമറാവു വിട വാങ്ങിയിട്ട് 29 വര്‍ഷം; ദേശീയ രാഷ്ട്രീയത്തിന്റെ ദിശ മാറ്റിയ ചലചിത്ര ചക്രവര്‍ത്തി


● നിത്യഹരിത നായകന്‍ എന്നതിലുപരി നിര്‍മ്മാതാവും സംവിധായകനും ആയിരുന്നു.
● കണ്‍വീനറെന്ന നേതൃപദവിയും കരസ്ഥമാക്കി.
● 1923 മെയ് 28ന് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ജനനം.
● 1996 ജനുവരി 18ന് 73-ാം വയസില്‍ മരണം.
(KVARTHA) സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്നു നില്‍ക്കുന്ന ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏകഛത്രാപതിയായി നാടു ഭരിച്ച നായകനായിരുന്നു എന്‍ടിആറെന്നു വിളിക്കുന്ന എന്‍ ടി രാമറാവു. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ അവതരിച്ച് സിനിമയിലേതുപോലെ ജനങ്ങളെ കയ്യിലെടുത്ത് രണ്ട് തവണ മുഖ്യമന്ത്രിയായ എന്‍ ടി രാമറാവു എന്ന നന്ദ മൂരി താരക രാമറാവു ഈ ലോകത്ത് നിന്നും വിടവാങ്ങിയിട്ട് 29 വര്‍ഷം തികയുന്നു. 1923 മെയ് 28ന് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് എന്‍ ടി ആര്‍ ജനിച്ചത്. തെലുങ്ക് സിനിമ മേഖലയില്‍ ജനം നെഞ്ചിലേറ്റിയ നിത്യഹരിത നായകന്‍ എന്നതിലുപരി നിര്‍മ്മാതാവും സംവിധായകനും കൂടിയായിരുന്നു എന്‍ ടി ആര്‍.
1950 മുതല്‍ 1965 കാലഘട്ടം വരെ നന്ദമുറി തരക രാമ റാവു തെലുഗു ചലച്ചിത്രമേഖലയില്‍ നിറഞ്ഞ് അഭിനയിക്കുകയും ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ ഒരുക്കുകയും ചെയ്തു. തെലുങ്കു ചലച്ചിത്ര ലോകത്തെ ചക്രവര്‍ത്തിയെന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. തിരശ്ശീലയിലെന്നും അവതാര വേഷങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന രാമറാവു കോണ്‍ഗ്രസ് വിരുദ്ധത മുഖമുദ്രയാക്കി തെലുങ്കരുടെ ആത്മാഭിമാനം ഉയര്‍ത്തുകയെന്ന പ്രാദേശികവാദം ഉന്നയിച്ചു 1982 ല്‍ തെലുങ്കുദേശം എന്ന പ്രാദേശിക പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ ദൈവം നേരിട്ട് ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട പോലെ ജനവികാരം അനുകൂലമാക്കുകയായിരുന്നു.
രണ്ടുതവണ ആന്ധ്ര മുഖ്യമന്ത്രി എന്നതിന് പുറമേ ദേശീയ രാഷ്ട്രീയത്തില്‍ ചുവട് വെച്ച് മൂന്നാം മുന്നണിയുടെ അഖിലേന്ത്യാ കണ്‍വീനറെന്ന നേതൃപദവിയും അദ്ദേഹം കരസ്ഥമാക്കി. കോണ്‍ഗ്രസിന് ബദലായി ഇന്ത്യയില്‍ മൂന്നാം മുന്നണി അധികാരത്തില്‍ വരാന്‍ നിലമൊരുക്കിയതും വിത്തുപാകിയതും രാമറാവു വായിരുന്നു. കോണ്‍ഗ്രസ് യുവ നേതാവായിരിക്കെ എന്‍ ടി രാമറാവുവിന്റെ രൂക്ഷ വിമര്‍ശകനും പിന്നീട് സന്തതസഹചാരിയുമായിരുന്ന മരുമകനും നിലവില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് 1995-ല്‍ മുഖ്യമന്ത്രിസ്ഥാനം നല്‍കി അദ്ദേഹം രാഷ്ട്രീയരംഗം വിട്ടു. 1996 ജനുവരി 18നാണ് എഴുപത്തിമൂന്നാം വയസില്‍ രാമറാവു ഇഹലോകവാസം വെടിയുന്നത്.
രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചിട്ടുള്ള എന്‍ ടി രാമറാവുവിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് 2023ല്‍ 100 രൂപയുടെ പ്രത്യേക നാണയം ഇറക്കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിരുന്നു. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് വന്ന് വെന്നിക്കൊടി പാറിച്ച അപൂര്‍വതയായിരുന്നു എന്‍.ടി.ആറിന്റെ ജീവിതം. ജീവിത സായാഹ്നത്തില്‍ ജീവിതത്തിലുണ്ടായ വിവാഹമാണ് വിപുലവും വേരുകളുമുള്ള എന്‍.ടി.ആര്‍ കുടുംബത്തിന്റെ കെട്ടുറപ്പ് പൊട്ടിച്ചത്. എന്‍ ടി ആര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മരുമകന്‍ ചന്ദ്രബാബു നായിഡുവാണ് തെലുങ്കാന ഭരിക്കുന്നത്. സിനിമയില്‍ ബാലയ്യയെന്ന് ആരാധകര്‍ വിളിക്കുന്ന മകന്‍ ബാലകൃഷ്ണയ്യും സൂപ്പര്‍ സ്റ്റാറാണ്.
#NTR, #TeluguCinema, #Tollywood, #IndianPolitics, #AndhraPradesh, #Legend