Election Results | കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ അത്ഭുതങ്ങള്‍ സംഭവിക്കാത്തത് എന്തുകൊണ്ട്?


● ജില്ലകളിൽ എല്‍ഡിഎഫ്, യുഡിഎഫ് സീറ്റുകൾ നിലനിര്‍ത്തി, ബിജെപി കുതിപ്പില്ല.
● പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലെ വിജയത്തോടെ യുഡിഎഫ് നിലനിർത്തി.
● ചെലക്കരയിൽ എല്‍ഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് വിജയിച്ചു.
അർണവ് അനിത
(KVARTHA) വയനാട് ലോക്‌സഭാ, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വ്യക്തമാക്കുന്നത് രാഷ്ട്രീയമായി കേരളത്തില്‍ യാതൊരു അത്ഭുതവും നടന്നിട്ടില്ലെന്നാണ്. എല്‍ഡിഎഫും യുഡിഎഫും അവരുടെ സീറ്റുകള്‍ നിലനിര്‍ത്തുകയും ബിജെപിക്ക് മൂന്നിടത്തും യാതൊരു മുന്നേറ്റവും നടത്താനായില്ലെന്ന് മാത്രമല്ല, പാലക്കാട് നഗരസഭയിലെ അവരുടെ വോട്ട് വിഹിതം കുറയുകയും ചെയ്തു. വയനാടും ചേലക്കരയിലും അവര്‍ പതിവ് പോലെ അപ്രസക്തമായി തുടരുന്നു.
പാലക്കാടാണ് ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്. മൂന്നു മുന്നണികളും വലിയ പ്രതിസന്ധികളാണ് അവിടെ നേരിട്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ കോണ്‍ഗ്രസില്‍ ഭിന്നതകളുണ്ടാവുകയും അത് വലിയ പൊട്ടിത്തെറികളിലേക്ക് നീങ്ങുകയും ചെയ്തു. സിപിഎമ്മാകട്ടെ യാതൊരു ആത്മാര്‍ത്ഥതയും ഇല്ലാതെയാണ് പാലക്കാട് തുടക്കം മുതല്‍ പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന പി.സരിനെ മത്സരിപ്പിച്ചത് തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. എന്‍എന്‍ കൃഷ്ണദാസ് അടക്കം എത്രയോ നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കാമായിരുന്നു.
വിജയിച്ചില്ലെങ്കിലും നല്ല മത്സരം കാഴ്ചവയ്ക്കുകയോ, രണ്ടാംസ്ഥാനത്തെങ്കിലും എത്തുകയോ ചെയ്യാമായിരുന്നു. മാത്രമല്ല പലപ്പോഴും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയും ബിജെപിയോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്തു. മന്ത്രി എംബി രാജേഷ് പാലക്കാട് തമ്പടിച്ചാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മാത്രമല്ല ടിവി രാജേഷ്, എഎ റഹിം, നികേഷ് കുമാര്‍, ജോണ്‍ ബ്രിട്ടാസ് അങ്ങനെ നിരവധി നേതാക്കള്‍ പ്രചരണത്തില്‍ സജീവമായിരുന്നു. അതൊന്നും ഏശിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് മനസ്സിലാകുന്നത്.
സിപിഎം-ബിജെപി ബാന്ധവും ഏറെക്കുറെ യാഥാര്‍ത്ഥ്യമാണെന്ന് മതന്യൂനപക്ഷങ്ങള്‍ക്ക് ബോധ്യമായതോടെ ആ വിഭാഗങ്ങളിലെ വോട്ട് യുഡിഎഫിന് കൃത്യമായി ലഭിച്ചു. അതുകൊണ്ട് ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം മറികടക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായി. പാലക്കാട് നഗരസഭയിലെ ബിജെപി വോട്ടുകള്‍ കുറഞ്ഞെങ്കിലും അത് യുഡിഎഫിനാണ് ഗുണം ചെയ്തത്. എല്‍ഡിഎഫിനത് മുതലെടുക്കാനായില്ല. അവസാനനിമിഷം സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതും അനുകൂലഘടകമായി. നഗരത്തിലെ ബിജെപി വോട്ടുകള്‍ ചോരാനുള്ള കാരണങ്ങളിലൊന്നാണത്.
ഇത്രയും കാലം ബിജെപിക്കൊപ്പം നിന്ന സന്ദീപിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന് മാത്രമല്ല, അവഹേളിക്കുകയും ചെയ്തു. ശോഭാസുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് മണ്ഡലത്തിലെ ബിജെപിക്കാര്‍ ആഗ്രഹിച്ചിരുന്നത്. അവര്‍ അതിനായി ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ അവരുടെ വികാരത്തെ മാനിക്കാതെ തന്റൊപ്പം നില്‍ക്കുന്ന സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കുകയാണ് കെ.സുരേന്ദ്രന്‍ ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിലാണ് സുരേന്ദ്രനെതിരായ കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും ഉയര്‍ന്നുവന്നത്. 40 കോടിയോളം രൂപ സംസ്ഥാനത്തെത്തിച്ചെന്നും സുരേന്ദ്രനും മകനും അടക്കം ഇതേക്കുറിച്ച് അറിയാമായിരുന്നെന്നും തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍ വെളിപ്പെടുത്തിയത് ബിജെപിയെ വലിയ പ്രതിസന്ധിയിലാക്കുകയും സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പിരായിരി പഞ്ചായത്തിലും നഗരസഭയിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. രണ്ടിടങ്ങളിലും എല്‍ഡിഎഫിനും ബിജെപിക്കും വോട്ടുകള്‍ ചോര്‍ന്നു. ചേലക്കരയില്‍ ഇടതുമുന്നണിക്ക് നിലമെച്ചപ്പെടുത്താനായി എന്നത് വലിയ നേട്ടമാണ്. 12,122 വോട്ടിനാണ് യുആര്‍ പ്രദീപ് വിജയിച്ചത്. 2016ല്‍ പ്രദീപ് മത്സരിച്ചപ്പോള്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം കൂടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തില്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടി. എന്നാല്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.രാധാകൃഷ്ണന് കിട്ടിയ 38,000 എന്ന വലിയ ഭൂരിപക്ഷത്തിലെത്താന്‍ സാധിച്ചില്ല.
രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് ഭൂരിപക്ഷം വര്‍ദ്ധിച്ചത് എന്നത് യാഥാര്‍ത്യമാണ്. ശക്തമായ ഭരണവിരുദ്ധ വികാരവും സിപിഎമ്മിനുള്ളിലെ പ്രശ്‌നങ്ങളും പിപി ദിവ്യയുടെ അറസ്റ്റും എല്ലാം പാര്‍ട്ടിയെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്നു. അതിനെയെല്ലാം മറികടന്ന് വിജയിക്കാനായത് വലിയ നേട്ടമാണ്. ചേലക്കരയേക്കാള്‍ സിപിഎം നേതാക്കള്‍ പ്രചരണത്തിനായി ചെലവഴിച്ചത് പാലക്കാടായിരുന്നു. കെ രാധാകൃഷ്ണന്‍ പ്രചരണത്തില്‍ സജീവമല്ലെന്ന് ആരോപിച്ച് യു ആര്‍ പ്രദീപ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.
പാലക്കാടും ചേലക്കരയും രണ്ട് മുന്നണികളുടെയും സിറ്റിംഗ് സീറ്റുകളാണ് അവിടെ വിജയിക്കാന്‍ അവര്‍ക്ക് കഴിയും. അത് വലിയ അത്ഭുതമല്ല. ഇതില്‍ ഏതെങ്കിലും ഒന്ന് മറ്റൊരു മുന്നണി പിടിച്ചെടുത്തിരുന്നെങ്കിലോ, ബിജെപി വിജയിക്കുകയോ ചെയ്തിരുന്നെങ്കിലും വലിയ അട്ടിമറിയായേനെ. അതുകൊണ്ട് ഈ വിജയത്തെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായി വിലയിരുത്താനൊക്കില്ല. വയനാട്ടില്‍ ഏകപക്ഷീയമായ വിജയം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. പോളിംഗ് കുറഞ്ഞത് കൊണ്ട് പ്രിയങ്കാഗാന്ധിയുടെ ഭൂരിപക്ഷം കുറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തം വോട്ടിംഗ് ശതമാനം കുറയാന്‍ കാരണമായി. ഇടതുമുന്നണിക്കും ബിജെപിക്കും അവിടെ വലിയ കുതിപ്പുണ്ടാക്കാനായില്ല.
#KeralaByElections, #UDF, #LDF, #BJP, #ElectionResults, #Palakkad